ലോകകപ്പില്‍ ഇന്ത്യന്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റുകളിലെ പേടിസ്വപ്‌നമായ ന്യൂസിലാന്‍ഡുമായാണ് ഇന്ത്യ കൊമ്പുകോര്‍ക്കുന്നത്. ടൂര്‍ണമെന്റില്‍ അപരാജിത കുതിപ്പ് നടത്തുന്ന ഇരുടീമുകളും തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം കൂടിയാണ് ലക്ഷ്യമിടുന്നത്. കിവികള്‍ക്കെതിരായ തുടര്‍ തോല്‍വികള്‍ക്കു ഇത്തവണ ഇന്ത്യ അറുതിയിടുമോയെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീമംഗമായ ശുഭ്മന്‍ ഗില്ലിന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ഹിറ്റ്മാന്‍.
ബിസിസിഐയാണ് ടീമിന്റെ ഡ്രസിങ് റൂമില്‍ നിന്നുള്ള രസകരമായ സംസാരത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ വേഗത്തില്‍ ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു. 2003ലെ ഏകദിന ലോകകപ്പിനു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും ന്യൂസിലാന്‍ഡിനെതിരേ ജയിക്കാന്‍ ഇന്ത്യക്കായിട്ടില്ല. 2019ലെ അവസാന ലോകകപ്പിന്റെ സെമിയില്‍ കിവികള്‍ക്കു മുന്നില്‍ ഇന്ത്യക്കു കാലിടറുകയായിരുന്നു.

2003ലെ ലോകകപ്പിനു ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ നമ്മള്‍ ന്യൂസിലാന്‍ഡിനെ തോല്‍പ്പിച്ചിട്ടില്ലെന്നതു ശരി തന്നെയാണ്. പക്ഷെ നമ്മള്‍ ഈ ലോകകപ്പില്‍ നല്ല ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ടീമെന്ന നിലയില്‍ നമുക്ക് അതു മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും ഗില്ലിന്റെ ചോദ്യത്തിനു മറുപടിയായി രോഹിത് വ്യക്തമാക്കി.
രോഹിത്തുമായി ഗില്‍ സംസാരിക്കുന്ന വീഡിയോ കാണാം
അപ്പോള്‍ ഇത്തവണ നമ്മള്‍ ജയിക്കുമെന്ന് ഉറപ്പിക്കാമോയെന്നായിരുന്നു ചിരിയോടെയുള്ള ഗില്ലിന്റെ അടുത്ത ചോദ്യം. ഉറപ്പൊന്നും പറയാന്‍ കഴിയില്ലെന്നായിരുന്നു രോഹിത്തിന്റെ മറുപടി. 99 ശതമാനം വിജയസാധ്യതയുണ്ടോയെന്നായിരുന്നു പിന്നാലെ ഗില്ലിന്റെ അടുത്ത ചോദ്യം. നമ്മള്‍ അത്തരത്തിലുള്ള ക്രിക്കറ്റല്ല കളിച്ചുകൊണ്ടിരിക്കുന്നത്. ഉറപ്പൊന്നും പറയാന്‍ സാധിക്കില്ല.
ഗ്രൗണ്ടിലെത്തിയാല്‍ ഒരു ടീമെന്ന നിലയില്‍ നമ്മള്‍ എന്താണോ ചെയ്തുകൊണ്ടിരിക്കുന്നത് അതു തന്നെയാണ് ചെയ്യാന്‍ ശ്രമിക്കുക. നമുക്കു ഒരുപാട് മുന്നിലേക്കു ചിന്തിക്കാനൊന്നും കഴിയില്ല. നേരത്തേ ന്യൂസിലാന്‍ഡിനെതിരേ നമുക്കു പ്രതീക്ഷിച്ച ഫലം ലഭിച്ചിട്ടില്ലെന്നതു ശരി തന്നെയാണ്. പക്ഷെ അതു നോക്കേണ്ടെന്നും രോഹിത് വ്യക്തമാക്കി.

ബംഗ്ലാദേശുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ കെഎല്‍ രാഹുലിന്റെ സ്ഥാനത്തു ശര്‍ദ്ദുല്‍ ടാക്കൂറിനെ ബാറ്റിങിന് അയക്കാനുള്ള തീരുമാനം പിന്നീട് വേണ്ടെന്നു വച്ചത് എന്തു കൊണ്ടാണ് എന്നായിരുന്നു ഗില്ലിന്റെ അടുത്ത ചോദ്യം. ശര്‍ദ്ദുലിനെ രാഹുലിനേക്കാള്‍ നേരത്തേ അയക്കാന്‍ തന്നെയായിരുന്നു പ്ലാന്‍. നീയാണ് അടുത്തതായി ഇറങ്ങേണ്ടതെന്നു ഞാന്‍ ശര്‍ദ്ദുലിനോടു പറഞ്ഞ അതേ ബോളിലാണ് ശ്രേയസ് പുറത്തായത്.
തുടര്‍ന്നു ശര്‍ദ്ദുല്‍ താഴെയെത്തുമ്പോഴേക്കും രാഹുല്‍ ഗ്രൗണ്ടിലേക്കു ഇറങ്ങിയിരുന്നുവെന്നും രോഹിത് പറഞ്ഞു. ശര്‍ദ്ദുലിന്റെ ബാറ്റിങ് കാണാന്‍ സാധിക്കാതെ പോയതില്‍ ആരാധകര്‍ നിരാശരായിരുന്നെന്നു ഗില്‍ പറഞ്ഞപ്പോള്‍ രോഹിത്തും അതു തലകുലുക്കി സമ്മതിച്ചു. ശര്‍ദ്ദുലിന്റെ ബാറ്റിങ് വൈകാതെ കാണാന്‍ കഴിയും. അവന്‍ വലിയ മല്‍സരങ്ങളിലെ താരമാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
മല്‍സരത്തില്‍ തന്റെ പുറത്താവലിനെക്കുറിച്ചും ഗില്ലിനോടു രോഹിത് സംസാരിച്ചു. അത്തരമൊരു ഷോട്ട് കളിച്ചു പുറത്തായപ്പോള്‍ ദേഷ്യം തോന്നിയോയെന്നും എന്തുകൊണ്ട് മുകളിലൂടെ അടിച്ചില്ലെന്നുമായിരുന്നു ഗില്ലിന്റെ ചോദ്യം. എന്തിനു ദേഷ്യം തോന്നണം. എന്റെ ഭാഗത്തു നിന്നും തെറ്റ് സംഭവിച്ചു. ഞാന്‍ മുകളിലൂടെ ഷോട്ട് കളിക്കേണ്ടതായിരുന്നു. പക്ഷെ താഴേക്കൂടെയാണ് ഷോട്ട് കളിച്ചതെന്നും രോഹിത് വ്യക്തമാക്കി.