ലോകകപ്പില്‍ നാളെ (ഞായര്‍) നടക്കാനിരിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ജ്യോതിഷി. സര്‍വേശ് കുമ്രാവത്തെ പ്രശസ്തനായ ഇന്ത്യന്‍ ജോതിഷിയാണ് ഇന്ത്യ- ഇംഗ്ലണ്ട് മല്‍സരത്തിലെ വിജയികളക്കുറിച്ച് പ്രവചനം നടത്തിയിരിക്കുന്നത്. നേരത്തേ ടൂര്‍ണമെന്റിലെ മറ്റു പല മല്‍സരങ്ങളടെയും ഫലം അദ്ദേഹം കൃത്യമായി പ്രവചിച്ചിട്ടുണ്ട്. ഭാസ്‌കര്‍ ആസ്‌ട്രോയെന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെതിരേ ഇന്ത്യ വിജയം കൊയ്യുമോയെന്ന ആരാധകര്‍ കാത്തിരിക്കുന്ന ആ ചോദ്യത്തിനു അദ്ദേഹം ഉത്തരം നല്‍കിയത്.
ടൂര്‍ണമെന്റില്‍ ഇത്തവണ തോല്‍വിയറിയാത്ത ഏക ടീമെന്ന റെക്കോര്‍ഡ് ഇന്ത്യക്കു മാത്രം അവകാശപ്പെട്ടതാണ്. അഞ്ചു തുടര്‍ വിജയങ്ങളുമായിട്ടാണ് രോഹിത് ശര്‍മയുടെയും സംഘത്തിന്റെയും പടയോട്ടം. അഞ്ചു തവണ ജേതാക്കളായ ഓസ്ട്രലിയയെ തകര്‍ത്തു കൊണ്ടു തുടങ്ങിയ ഇന്ത്യ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാേേദശ്, ന്യൂസിലാന്‍ഡ് എന്നിവരെയും കെട്ടുകെട്ടിക്കുകയായിരുന്നു.

നാളെ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനായാല്‍ 12 പോയിന്റുമായി സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിക്കാന്‍ ഇന്ത്യക്കു സാധിക്കും. ജാതകപ്രകാരം നോക്കുകയാണെങ്കില്‍ ഇംഗ്ലണ് ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനേക്കാള്‍ നല്ല സമയം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കാണന്നു ജ്യോതിഷി പറയുന്നു.
നാളത്തെ കളിയില്‍ രോഹിത്തിനാണ് ടോസ് ലഭിക്കാന്‍ കൂടുതല്‍ സാധ്യത. എന്നാല്‍ ബട്‌ലര്‍ക്കാണ് ടോസ് കിട്ടുന്നതെങ്കില്‍ അദ്ദേഹം തെറ്റായ തീരുമാനമായിരിക്കും സ്വീകരിക്കുക. ഉദാഹരണത്തിന് ബാറ്റിങാണ് ആദ്യം നല്ലതെങ്കില്‍ ബട്‌ലര്‍ തിരഞ്ഞെടുക്കുക ബൗളിങായിരിക്കും. ബൗളിങാണ് നല്ല ഓപ്ഷനെങ്കില്‍ ബാറ്റിങും അദ്ദേഹം തിരഞ്ഞെടുക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.
ടോസിന്റെ കാര്യത്തില്‍ മാത്രമല്ല റിവ്യു എടുക്കുന്ന കാര്യത്തിലും ജോസ് ബട്‌ലറുടെ ഭാഗത്തു നിന്നും പിഴവുകള്‍ സംഭവിക്കും. എങ്ങനെ നോക്കിയാലും ബട്‌ലറിനു വളരെ മോശം ദിവസമായിരിക്കും നാളത്തേത്. എന്നാല്‍ രോഹിത്തിന്റെ സമയം നല്ലതാണ്. ക്യാപ്റ്റന്‍സിയില്‍ എത്രത്തോളം നല്ല തീരുമാനങ്ങള്‍ അദ്ദേഹം എടുക്കുന്നോ എന്നതിനെ ആശ്രയിച്ചായിരിക്കും മല്‍സരത്തിന്റെ ഫലമെന്നും ജ്യോതിഷി വ്യക്തമാക്കി.

ബാറ്റിങിന്റെ കാര്യമെടുക്കുകയാണെങ്കില്‍ ഇംഗ്ലണ്ട് ഈ കളിയില്‍ വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. പക്ഷെ ഇന്ത്യയുടെ ബാറ്റിങ് എടുക്കുകയാണെങ്കില്‍ അതു അത്ര നല്ലതായിരിക്കില്ല. ചില തിരിച്ചടികള്‍ ബാറ്റിങില്‍ ഇന്ത്യക്കു നേരിടേണ്ടതായി വരും. കളിയുടെ തുടക്കത്തില്‍ തന്നെ ഇന്ത്യക്കു രണ്ട്- മൂന്ന് വിക്കറ്റുകള്‍ നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്.
അതല്ലെങ്കില്‍ അടുത്തടുത്ത ഇടവേളകളില്‍ കുറച്ചു വിക്കറ്റുകള്‍ ഇന്ത്യ നഷ്ടപ്പെടുത്തിയേക്കും. ഓസ്‌ട്രേലിയയുമായുള്ള ആദ്യ കളിയില്‍ നമ്മള്‍ ഇതു കണ്ടിരുന്നു. അന്നു തുടക്കത്തില്‍ തന്നെ ഇന്ത്യ മൂന്നു വിക്കറ്റുകള്‍ കൈവിട്ടിരുന്നു. അതുപോലയുള്ള സാഹചര്യത്തിലൂടെ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യക്കു കടന്നു പോവേണ്ടി വരും. ബാറ്റിങില്‍ പതറുമെങ്കിലും ബൗളിങ്, ഫീല്‍ഡിങ് എന്നിവയില്‍ ഇന്ത്യ മികച്ചു നില്‍ക്കുമെന്നും ജ്യോതിഷി പ്രവചിക്കുന്നു.
ടീമെന്ന നിലയില്‍ ഓവറോള്‍ പ്രകടനം നോക്കുകയാണെങ്കില്‍ ഇന്ത്യയും ഇംഗ്ലണ്ടും ഇഞ്ചോടിഞ്ച് നില്‍ക്കുകയാണ്. ഇനി മല്‍സരഫലത്തിലേക്കു വരികയാണെങ്കില്‍ ഇന്ത്യക്കാണ് നേരിയ മുന്‍തൂക്കമുള്ളത്. ഇന്ത്യ ജയിക്കാനുള്ള സാധ്യത 60 ശതമാനമാണെങ്കില്‍ ഇംഗ്ലണ്ടിന്റെ വിജയസാധ്യത 40 ശതമാനവുമാണ്. മല്‍സരം ഏകപക്ഷീയമായിരിക്കില്ല. വിജയത്തിനായി ഇരുടീമുകളും കൈയ്‌മെയ് മറന്ന് പൊരുതും. ഇന്ത്യ ഈ മല്‍സരത്തില്‍ ജയിക്കണമെങ്കില്‍ ഭാഗ്യം കൂടി തുണയ്‌ക്കേണ്ടതുണ്ടെന്നും ജ്യോതിഷി വിശദമാക്കി.