ഇന്ത്യന്‍ ടീമിന്റെ മുഖ്യ കോച്ചായി മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായിരുന്ന രാഹുല്‍ ദ്രാവിഡ് ലോകകപ്പിനു ശേഷവും തുടരുമോ? ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഈ ചോദ്യത്തിന് അടുത്ത മാസം 19നു ശേഷം ഉത്തരം ലഭിക്കും. രവി ശാസ്ത്രിയുടെ പകരക്കാരനായാണ് 2011 നവംബറില്‍ ദ്രാവിഡ് മുഖ്യ കോച്ചായി ചുമതലയേറ്റത്. യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനു തൊട്ടുപിന്നാലെയായിരുന്നു ഇത്.
ഇപ്പോള്‍ നടക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് വരെയുള്ള കരാറിലായിരുന്നു അന്നു ബിസിസിഐയുമായി ദ്രാവിഡ് ഒപ്പുവച്ചത്. അതുകൊണ്ടു തന്നെ ഈ ലോകകപ്പ് അദ്ദേഹത്തെ സംബന്ധിച്ച് വലിയൊരു അഗ്നിപരീക്ഷ തന്നെയാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ആശ്രയിച്ചായിരിക്കും ദ്രാവിഡുമായുള്ള കരാര്‍ പുതുക്കുന്നതിനെക്കുറിച്ച് ബിസിസിഐ ആലോചിക്കുക.

അടുത്ത മാസം 19നാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടം. ഇന്ത്യന്‍ ടീം ഈ ഫൈനലിലെത്തുകയും കപ്പുയര്‍ത്തുകയും ചെയ്താല്‍ ദ്രാവിഡ് മുഖ്യ കോച്ചായി തന്നെ തുടരും. പക്ഷെ ടീമിനു ലോകകപ്പ് നേടാന്‍ സാധിക്കാതെ പോയാല്‍ അദ്ദേഹവുമായുള്ള കരാര്‍ പുതുക്കിയേക്കില്ല. മാത്രമല്ല ദ്രാവിഡിനെ ഒഴിവാക്കി പകരം പുതിയൊരു കോച്ചിനെ കൊണ്ടു വരികയും ചെയ്യും.
ദ്രാവിഡുമായുള്ള കരാര്‍ ബിസിസിഐ പുതുക്കാന്‍ തയ്യാറായാലും കോച്ച് സ്ഥാനത്തു തുടരുമോയെന്ന കാര്യത്തില്‍ അദ്ദേഹത്തിന്റെ തീരുമാനവും വളരെ നിര്‍ണായകമാവും. നേരത്തേ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുക്കാന്‍ ദ്രാവിഡിനു വലിയ താല്‍പ്പര്യമില്ലായിരുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ടീമിനോടൊപ്പം തുടര്‍ച്ചയായ യാത്രകള്‍ ചെയ്യേണ്ടി വരുമെന്നതിനാല്‍ കുടുംബത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വരുമെന്നതായിരുന്നു പ്രധാന കാരണം. ഒടുവില്‍ മുന്‍ ബിസിസിഐ പ്രസിഡന്റും അടുത്ത സുഹൃത്തുമയിരുന്ന സൗരവ് ഗാംഗുലിയുടെ നിര്‍ബന്ധത്തിനു വഴങ്ങി കോച്ചാവാന്‍ ദ്രാവിഡ് സമ്മതം മൂളുകയായിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്നുമിറങ്ങിയാല്‍ ഐപിഎല്ലില്‍ ഏതെങ്കിലും ഫ്രാഞ്ചൈസിയുടെ മുഖ്യ കോച്ചായോ, ടീം ഡയറക്ടറായോ ദ്രാവിഡ് വന്നേക്കാനും സാധ്യതയുണ്ട്. നേരത്തേ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളുടെ പരിശീലകനായി അദ്ദേഹം പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഐപിഎല്ലിലെ കോച്ചായി മാത്രമല്ല ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) ഡയറക്ടര്‍ സ്ഥാനത്തേക്കു ദ്രാവിഡ് മടങ്ങിയെത്താനുള്ള സാധ്യതയും തള്ളാന്‍ സാധിക്കില്ല.

നേരത്തേ എന്‍സിഎ മേധാവിയായി ഇരിക്കവെയായിരുന്നു ഇന്ത്യന്‍ ടീമിന്റെ കോച്ച് സ്ഥാനത്തേക്കു ദ്രാവിഡിനു ക്ഷണമെത്തിയത്. അദ്ദേഹം അന്നു ഇതു സ്വീകരിക്കുകയും ചെയ്തതോടെ പകരം എന്‍സിഎയുടെ പുതിയ മേധാവിയായി വിവിഎസ് ലക്ഷ്മണ്‍ സ്ഥാനമേറ്റെടുക്കുകയായിരുന്നു.
ഇന്ത്യന്‍ കോച്ചെന്ന നിലയില്‍ ദ്രാവിഡിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം ഈ വര്‍ഷം ഏഷ്യാ കപ്പില്‍ ജേതാക്കളായതാണ്. ശ്രീലങ്കയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ കിരീടധാരണം. കൂടാതെ മൂന്നു ഫോര്‍മാറ്റുകളിലും ഐസിസി റാങ്കിങില്‍ ഇന്ത്യ ഒന്നാംസ്ഥാനത്ത് എത്തിയതും ദ്രാവിഡിന്റെ കോച്ചിങ് കരിയറിലെ പൊന്‍തൂവലാണ്.
കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിനു കീഴില്‍ ഏഷ്യാ കപ്പ്, ഐസിസി ടി20 ലോകകപ്പ് എന്നിവയില്‍ ഇന്ത്യ മാറ്റുരച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനല്‍ കാണാതെ പുറത്തായപ്പോള്‍ ലോകകപ്പില്‍ സെമിയില്‍ തോറ്റ് പുറത്താവുകയായിരുന്നു. ഇതു കൂടാതെ ഐസിസി ലോക ടെസ്റ്റ് ചംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോടും ഇന്ത്യക്കു പരാജയം രുചിക്കേണ്ടി വന്നു.