മുംബൈ: ഏകദിന ലോകകപ്പിലെ നിര്‍ണ്ണായകമായ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേ അഫ്ഗാനിസ്ഥാന്‍ മികച്ച സ്‌കോര്‍ നേടിയെടുത്തിരിക്കുകയാണ്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ആദ്യം ബാറ്റുചെയ്തപ്പോള്‍ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സാണ് അടിച്ചെടുത്തത്. ഇബ്രാഹിം സദ്രാന്റെ (129*) തകര്‍പ്പന്‍ സെഞ്ച്വറിയും റാഷിദ് ഖാന്റെ (35*) വെടിക്കെട്ട് ഫിനിഷിങ്ങുമാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.
എന്നാല്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ അഫ്ഗാന്‍ മികച്ച ടോട്ടല്‍ വെച്ചെങ്കിലും തേര്‍ഡ് അംപയറുടെ ഒരു തീരുമാനം ഇപ്പോള്‍ വിവാദമായിരിക്കുകയാണ്. 48ാം ഓവറില്‍ റാഷിദ് ഖാന്റെ വിക്കറ്റിനായി മാര്‍ക്കസ് സ്‌റ്റോയിണിസെടുത്ത ക്യാച്ചിനെച്ചൊല്ലിയാണ് വിവാദം കൊഴുക്കുന്നത്. 47.5ാം ഓവറില്‍ സ്റ്റാര്‍ക്കിനെ സിക്‌സര്‍ പറത്താനുള്ള റാഷിദ് ഖാന്റെ ശ്രമം ഡീപ് കവറില്‍ മാര്‍ക്കസ് സ്റ്റോയിണിസിന്റെ കൈയിലെത്തി. മുന്നോട്ട് ഡൈവ് ചെയ്ത സ്‌റ്റോയിണിസിന്റെ കൈയിന്റെ ഉള്ളിലേക്കാണ് പന്ത് വീണത്.
എന്നാല്‍ തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ഇത് നോട്ടൗട്ട് വിളിക്കുകയായിരുന്നു. അംപയറുടെ തീരുമാനം ഉള്‍ക്കൊള്ളാനാവാതെ തലയില്‍ കൈവെച്ചാണ് സ്റ്റോയിണിസ് പ്രതികരിച്ചത്. എന്തായാലും സ്റ്റോയിണിസിന്റെ ക്യാച്ച് ഇതിനോടകം ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണടക്കം ഇത് ഔട്ടാണെന്ന് എക്‌സിലൂടെ പ്രതികരിച്ചു. എന്നാല്‍ വിചിത്ര തീരുമാനമാണ് തേര്‍ഡ് അംപയര്‍ സ്വീകരിച്ചതെന്ന് പറയാം.
മത്സരഫലത്തെ തന്നെ മാറ്റിമറിക്കുന്ന വിക്കറ്റായിരുന്നു ഇത്. റാഷിദ് ഖാന്‍ 18 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ഈ ക്യാച്ച് വിവാദം ഉണ്ടാകുന്നത്. എന്നാല്‍ തേര്‍ഡ് അംപയറിന്റെ തീരുമാന പ്രകാരം ലൈഫ് ലഭിച്ച റാഷിദ് ഖാന്‍ 18 പന്തില്‍ 35 റണ്‍സോടെയാണ് പുറത്താവാതെ നിന്നത്. രണ്ട് ഫോറും മൂന്ന് സിക്‌സുമാണ് താരം പറത്തിയത്. റാഷിദിന്റെ ഔട്ട് തേര്‍ഡ് അംപയര്‍ വിധിക്കുകയായിരുന്നെങ്കില്‍ അഫ്ഗാന്‍ സ്‌കോര്‍ 280നുള്ളില്‍ ഒതുങ്ങാന്‍ സാധ്യത കൂടുതലായിരുന്നു.

എന്നാല്‍ തേര്‍ഡ് അംപയര്‍ അഫ്ഗാനൊപ്പം നില്‍ക്കുകയായിരുന്നു. ഈ ലോകകപ്പില്‍ വലിയ വിവാദമാണ് തേര്‍ഡ് അംപയറുടെ തീരുമാനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. മറ്റൊരു ലോകകപ്പിലും കാണാന്‍ സാധിക്കാത്ത തരത്തിലുള്ള വിവാദങ്ങള്‍ ഇത്തവണ തേര്‍ഡ് അംപയറുടെ തീരുമാനത്തെ ചൊല്ലിയുണ്ടായി. പല തവണയാണ് എല്‍ബിഡബ്ല്യുവിന്റെ ഭാഗമായുള്ള ഡിആര്‍എസ് വിവാദം സൃഷ്ടിച്ചത്. ഇതോടൊപ്പം റാഷിദ് ഖാന്റെ ക്യാച്ചും വിവാദങ്ങളിലേക്കെത്തിയിരിക്കുകയാണ്.
വളരെ കൃത്യമായി സ്റ്റോയിണിസിന്റെ കൈയില്‍ പന്ത് വീഴുന്നത് വീഡിയോയില്‍ വ്യക്തം. എന്നിട്ടും എന്തുകൊണ്ടാണ് തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിധിച്ചത് എന്നതാണ് പ്രധാന ചോദ്യം. പന്ത് നിലത്ത് തൊടാന്‍ യാതൊരു സാധ്യതയുമില്ലായിരുന്നു. എന്നാല്‍ അംപയറുടെ തീരുമാനം തീര്‍ത്തും വിചിത്രമായിരിക്കുകയാണ്. നിര്‍ണ്ണായക റണ്‍സാണ് റാഷിദ് ഖാന്‍ നേടിയത്. മത്സരഫലത്തെ തന്നെ ഇത് മാറ്റിമറിക്കുമെന്ന കാര്യം ഉറപ്പാണ്.
അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഓസ്‌ട്രേലിയക്ക് സെമി സീറ്റുറപ്പിക്കാം. അഫ്ഗാനിസ്ഥാനും സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ന് ജയിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഓരോ തീരുമാനങ്ങള്‍ക്കും വലിയ പ്രാധാന്യമുണ്ട്. ഇത്തരത്തില്‍ നോക്കുമ്പോള്‍ ഓസ്‌ട്രേലിയ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ക്യാച്ച് വലിയ വിവാദത്തിലേക്കെത്തുമെന്ന കാര്യം ഉറപ്പാണ്. വളരെ കൃത്യമായ പദ്ധതികളോടെയെത്തി അത് കളത്തില്‍ നടപ്പിലാക്കാനും അഫ്ഗാനും സാധിക്കുന്നു.
ഏകദിന ലോകകപ്പിലെ അഫ്ഗാന്‍ താരത്തിന്റെ ആദ്യത്തെ സെഞ്ച്വറിയെന്ന റെക്കോഡ് ഇബ്രാഹി സദ്രാന്‍ സ്വന്തം പേരിലാക്കി. 143 പന്ത് നേരിട്ട് എട്ട് ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് താരത്തിന്റെ സെഞ്ച്വറി പ്രകടനം. റഹ്‌മാനുല്ല ഗുര്‍ബാസ് (21), റഹ്‌മത്ത് ഷാ (30), ഹഷ്മത്തുല്ല ഷാഹിദി (26), അസ്മത്തുല്ല ഒമര്‍സായ് (22) എന്നിവരെല്ലാം നിര്‍ണ്ണായക റണ്‍സാണ് ടീമിനോട് ചേര്‍ത്തത്. അവസാന 10 ഓവറില്‍ 92 റണ്‍സ് അഫ്ഗാന്‍ അടിച്ചെടുത്തുവെന്നത് ഓസീസ് ബൗളര്‍മാര്‍ക്ക് വലിയ നാണക്കേട് തന്നെയാണ്.