ലോകകപ്പില്‍ അഞ്ചാം റൗണ്ടിലും ജയിച്ച് ടീം ഇന്ത്യ സെമി ഫൈനല്‍ യോഗ്യതയ്ക്കു കൈയെത്തുംദൂരത്ത് എത്തിയിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യ ഏറ്റവുമധികം ഭയപ്പെട്ടിരുന്ന എതിരാളികളായിരുന്നു ന്യൂസിലാന്‍ഡ്. കാരണം 2003നു ശേഷം ഐസിസിയുടെ ഒരു ടൂര്‍ണമെന്റിലും അവരെ തോല്‍പ്പിക്കാന്‍ ഇന്ത്യക്കായിരുന്നില്ല. പക്ഷെ ആ ദുഷ്‌പേരും ഇത്തവണ ഇന്ത്യ മായ്ച്ചിരിക്കുകയാണ്. റണ്‍ചേസിനൊടുവില്‍ നാലു വിക്കറ്റിനായിരുന്നു കിവീസിനെതിരേ ഇന്ത്യന്‍ വിജയം.
ഈ മല്‍സരത്തില്‍ ബാറ്റിങില്‍ ഇന്ത്യയുടെ ഹീറോയായത് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയായിരുന്നു. 95 റണ്‍സുമായാണ് അദ്ദേഹം ടീമിന്റെ അമരക്കാരനായത്. 104 ബോളുകള്‍ നേരിട്ട കോലിയുടെ ഇന്നിങ്‌സില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും അദ്ദേഹം സെഞ്ച്വറി കുറിക്കുമെന്നു കരുതിയെങ്കിലും സിക്‌സറിലൂടെ അതിനു ശ്രമിച്ച് പുറത്താവുകയായിരുന്നു.

ഈ കളിക്കിടെ ബാറ്റിങ് പങ്കാളിയായിരുന്ന രവീന്ദ്ര ജഡേജയ്ക്കു കോലി ഒരു ഡബിള്‍ നിഷേധിച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കോലിയുടെ ഈ പ്രവര്‍ത്തിയെ വിമര്‍ശിച്ചും ന്യായീകരിച്ചുമെല്ലാം പലരും രംഗത്തു വരികയും ചെയ്തിട്ടുണ്ട്. സ്പിന്നര്‍ മിച്ചെല്‍ സാന്റ്‌നര്‍ എറിഞ്ഞ 43ാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ഇന്ത്യ അപ്പോള്‍ അഞ്ചു വിക്കറ്റിനു 239 റണ്‍സെന്ന നിലയിലായിരുന്നു.
ജഡേജയ്ക്കു കോലി ഡബിള്‍ നിഷേധിക്കുന്ന വീഡിയോ കാണാം
ഓവറിലെ ആദ്യ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത് ജഡേജയായിരുന്നു. ഫൈന്‍ ലെഗിലേക്കു കളിച്ച ജഡ്ഡു അതിവേഗമാണ് നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലേക്കു കുതിച്ചത്. കാരണം ഡബിള്‍ തന്നെയായിരുന്നു അദ്ദേഹം ലക്ഷ്യമിട്ടതെന്നു ഇതില്‍ നിന്നും വ്യക്തമായിരുന്നു. പക്ഷെ കോലിക്കു ഡബിളിനോടു വലിയ താല്‍പ്പര്യമില്ലായിരുന്നു. സ്‌ട്രൈക്കറുടെ എന്‍ഡില്‍ എത്തിയ ശേഷം അതു മതിയെന്നു അദ്ദേഹം ജഡേജയോടു ആംഗ്യവും കാണിക്കുകയായിരുന്നു.
കോലിയുടെ ഈ തീരുമാനത്തില്‍ ജഡ്ഡു അത്ര ഹാപ്പിയായിരുന്നില്ലെന്നു അദ്ദേഹത്തിന്റെ മുഖഭാവത്തില്‍ നിന്നും വ്യക്തമായിരുന്നു. വിക്കറ്റുകള്‍ക്കിടയിലൂടെ ഓടുന്നതില്‍ മിടുക്കനായ കോലിക്കു ഡബിള്‍ ഓടിയെടുക്കുകയെന്നത് അത്ര ബുദ്ധിമുട്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം എന്തുകൊണ്ട് ജഡേജയോടു നോ പറഞ്ഞുവെന്നതാണ് പലരെയും ആശ്ചര്യപ്പെടുതുന്നത്.
കോലി ഡബിള്‍ ഓടാതിരുന്നതില്‍ സ്‌റ്റേഡിയത്തിലെ കാണികളും അതൃപ്തരായിരുന്നുവെന്നു അവരുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാണ്. എന്താണിതെന്ന ഭാവത്തില്‍ ചില കാണികള്‍ രോഷത്തോടെ ആംഗ്യം കാണിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. പക്ഷെ കോലി ചെയ്തതു തന്നെയായിരുന്നു ശരിയെന്നു പറയേണ്ടി വരും.
കാരണം ഇന്ത്യയെ സംബന്ധിച്ച് അവസാനത്തെ അംഗീകൃത ബാറ്റിങ് ജോടികളായിരുന്നു കോലിയും ജഡേജയും. ഇവരിലൊരാള്‍ പുറത്തായാല്‍ പിന്നീട് ഇറങ്ങേണ്ടവരെല്ലാം സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരാണ്. മൂര്‍ച്ചയേറിയ ബൗളിങ് ആക്രമണമുള്ള ന്യൂസിലാന്‍ഡിനെതിരേ ഇവര്‍ക്കു എത്രനേരം ചെറുത്തുനില്‍ക്കാന്‍ സാധിക്കുമെന്ന കാര്യവും സംശയമാണ്. അതു ിചിലപ്പോൾ തോല്‍വിക്കും ഇടയാക്കിയേക്കും. ഈ കാരണത്താല്‍ തന്നെയാവും അനാവശ്യമായ ഒരു റണ്ണൗട്ട് തടയുന്നതിനായി ജഡ്ഡുവിനോടു കോലി സിംഗിള്‍ മതിയെന്നു നിര്‍ദേശിച്ചത്.

തൊട്ടുമുമ്പായിരുന്നു സൂര്യകുമാര്‍ യാദവിന്റെ റണ്ണൗട്ട് സംഭവിച്ചത്. രണ്ടു റണ്‍സ് മാത്രമെടുത്ത അദ്ദേഹം കോലിയുമായുള്ള അഭിപ്രായവ്യത്യാസം കാരണം വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ഇതിന്റെ പേരില്‍ പഴി കേട്ടതും കോലിയായിരുന്നു. ഇനി ജഡേജയെക്കൂടി റണ്ണൗട്ടാക്കിയാല്‍ താന്‍ വില്ലനായി മാറുമെന്ന ബോധ്യവും അദ്ദേത്തിനുണ്ടായിരുന്നു. ഈ കാരണങ്ങള്‍ തന്നെയാണ് കോലിയെ അത്തരമൊരു നീക്കത്തിനു പ്രേരിപ്പിപ്പിച്ചിട്ടുണ്ടാവുക.
ജഡ്ഡുവിനൊപ്പം ആറാം വിക്കറ്റില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്ത കോലി ടീമിനെ വിജയത്തിനു തൊട്ടരികിലെത്തിച്ചാണ് മടങ്ങിയത്. ഇന്ത്യക്കു ജയിക്കാനും കോലിക്കു സെഞ്ച്വറിക്കും അഞ്ചു റണ്‍സ് മാത്രമായിരുന്നു അപ്പോള്‍ വേണ്ടിയിരുന്നത്. സിക്സറടിച്ച് സെഞ്ച്വറിക്കൊപ്പം ടീമിന്റെ വിജയ റണ്‍സും നേടാന്‍ ശ്രമിക്കവെ കോലി പുറത്താവുകയായിരുന്നു. മാറ്റ് ഹെന്‍ട്രിയുടെ ബൗളിങില്‍ ഗ്ലെന്‍ ഫിലിപ്‌സാണ് അദ്ദേഹത്തെ പിടികൂടിയത്.