ധരംശാല: ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ ആദ്യം ബാറ്റുചെയ്യുന്ന ന്യൂസീലന്‍ഡ് ഭേദപ്പെട്ട സ്‌കോറിലേക്ക് കുതിക്കുകയാണ്. 19 റണ്‍സിന് രണ്ട് വിക്കറ്റ് നഷ്ടമായ ന്യൂസീലന്‍ഡിനെ മൂന്നാം വിക്കറ്റിലെ രചിന്‍ രവീന്ദ്ര (75) ഡാരില്‍ മിച്ചല്‍ കൂട്ടുകെട്ടാണ് രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് 159 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. 87 പന്തില്‍ 6 ഫോറും 1 സിക്‌സുമടക്കം നേടിയ രചിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തി ന്യൂസീലന്‍ഡിനെ കൈയയച്ച് സഹായിക്കുകയും ചെയ്തു. ഇന്ത്യക്കെതിരേ ലോകകപ്പില്‍ ന്യൂസീലന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് രചിനും മിച്ചലും ചേര്‍ന്ന് സൃഷ്ടിച്ചത്. എന്നാല്‍ ഇവരുടെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കെതിരേ വിമര്‍ശനം ഉയരുകയാണ്. എന്തുകൊണ്ടാണ് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ജസ്പ്രീത് ബുംറയെ പരീക്ഷിക്കാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇന്ത്യയുടെ പ്രധാന പേസറായ ബുംറ പവര്‍പ്ലേയില്‍ നാല് ഓവര്‍ എറിഞ്ഞു. പിന്നെ ബൗളിങ് ലഭിക്കുന്നത് 36ാം ഓവറിലാണ്. അപ്പോഴേക്കും രചിന്‍-മിച്ചല്‍ കൂട്ടുകെട്ട് അടിത്തറ പാവുകയും രചിന്‍ പുറത്താവുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് ഇരുവരുടേയും കൂട്ടുകെട്ട് പൊളിക്കാന്‍ ഒരോവര്‍ പോലും ബുംറക്ക് നല്‍കാതിരുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. നായകനെന്ന നിലയില്‍ രോഹിത് കാട്ടിയ വലിയ മണ്ടത്തരമാണിതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ഇവരുടെ കൂട്ടുകെട്ട് സെഞ്ച്വറി പിന്നിട്ട് ഇന്ത്യക്ക് ഭീഷണിയായി മാറിയിട്ടും ബുംറയെ പരീക്ഷിച്ച് കൂട്ടുകെട്ട് പൊളിക്കാന്‍ രോഹിത് ശ്രമിക്കാത്തത് വിചിത്രമായെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യയുടെ ബൗളിങ് നിരയിലുണ്ട്. നിര്‍ണ്ണായകമായ വിക്കറ്റുകള്‍ നേടാനും കൂട്ടുകെട്ട് പൊളിക്കാനും ഹാര്‍ദിക് മിടുക്കനാണ്. പരിക്കേറ്റ താരത്തിന് പുറത്തിരിക്കേണ്ടി വന്നത് ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയായി.

മുഹമ്മദ് സിറാജിന് മധ്യ ഓവറുകളില്‍ കൂടുതല്‍ അവസരം നല്‍കിയപ്പോള്‍ വിക്കറ്റ് ടേക്കറായ ബുംറക്ക് ഒരോവറെങ്കിലും നല്‍കാമായിരുന്നു. എന്നാല്‍ ബുംറയെ ഡെത്തോവറിലേക്ക് മാറ്റിവെക്കാനാണ് രോഹിത് ശ്രമിച്ചത്. പക്ഷെ രചിന്‍ മടങ്ങിയതിന് പിന്നാലെ തന്നെ ഓവര്‍ നല്‍കുകയും ചെയ്തു. രോഹിത്തിന്റെ നീക്കം മണ്ടത്തരമാണെന്നും ഇന്ന് ഇന്ത്യക്ക് തൊട്ടതെല്ലാം പിഴക്കുകയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. തുടക്കത്തിലേ തന്നെ രോഹിത് റിവ്യൂ പാഴാക്കിയിരുന്നു.
ജസ്പ്രീത് ബുംറയെറിഞ്ഞ അഞ്ചാം ഓവറില്‍ രചിന്റെ പാഡില്‍ പന്തുതട്ടി. ഇതില്‍ എല്‍ബിക്കായാണ് ഇന്ത്യ റിവ്യൂ ചെയ്തത്. പന്ത് ലെഗ് സൈഡിലാണെന്ന് ബുംറ പറഞ്ഞിട്ടും രോഹിത് ശര്‍മ ഇത് കേള്‍ക്കാതെ റിവ്യൂ എടുക്കുകയായിരുന്നു. തുടക്കത്തിലേ റിവ്യൂ പാഴാക്കിയത് ഇന്ത്യക്ക് തിരിച്ചടിയായി മാറുകയും ചെയ്തു. എന്തായാലും ന്യൂസീലന്‍ഡിനോട് ഇന്ന് തോല്‍ക്കേണ്ടി വന്നാല്‍ നായകന്‍ രോഹിത് ശര്‍മക്കെതിരേ വലിയ വിമര്‍ശനം ഉയരുമെന്ന കാര്യം ഉറപ്പാണ്.
ഫീല്‍ഡിങ്ങില്‍ ഇന്ത്യ മെച്ചപ്പെട്ടിരുന്നെങ്കില്‍ ന്യൂസീലന്‍ഡിനെ വലിയ സ്‌കോറിലേക്ക് പോകാതെ അല്‍പ്പം കൂടി സമ്മര്‍ദ്ദത്തിലാക്കാമായിരുന്നു. എന്നാല്‍ തുടക്കത്തിലേ ശ്രേയസ് എടുത്ത ക്യാച്ചിന് ശേഷം വലിയ പിഴവുകളാണ് ഇന്ത്യ വരുത്തിയത്. ഇത് മത്സരത്തില്‍ തിരിച്ചടിയാവുമെന്ന കാര്യം ഉറപ്പാണ്. 20 വര്‍ഷമായി ഐസിസി ടൂര്‍ണമെന്റില്‍ ഇന്ത്യയോട് ന്യൂസീലന്‍ഡ് തോറ്റിട്ടില്ല. ഈ ചരിത്രം തിരുത്താന്‍ ഇന്നും ഇന്ത്യക്ക് സാധിക്കുക പ്രയാസമായിരിക്കുമെന്നുറപ്പ്.