ഡല്‍ഹി: ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യ. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 8 വിക്കറ്റിന് 272 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 35 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ (131) വെടിക്കെട്ട് സെഞ്ച്വറിയാണ് ഇന്ത്യക്ക് അനായാസ ജയമൊരുക്കിയത്. വിരാട് കോലിയും (55*) ഫിഫ്റ്റിയോടെ തിളങ്ങി.
ഇപ്പോഴിതാ ഇന്ത്യയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ അഫ്ഗാന്റെ മണ്ടന്‍ പദ്ധതികളെ രൂക്ഷ ഭാഷയില്‍ വിമര്‍ശിക്കുകയാണ് ആരാധകര്‍. ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ യാതൊരു ശ്രമവും അഫ്ഗാന്‍ നായകന്‍ നടത്തിയില്ലെന്നും കാട്ടിയ മണ്ടന്‍ തീരുമാനങ്ങളാണ് ദയനീയ തോല്‍വിക്ക് കാരണമായതെന്നുമാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. അഫ്ഗാനിസ്ഥാന്റെ ഏറ്റവും പ്രധാന സ്പിന്നര്‍ റാഷിദ് ഖാനാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളായ റാഷിദ് ഖാനെ 15ാം ഓവറിലാണ് അഫ്ഗാന്‍ പന്തെറിയിപ്പിക്കുന്നത്.
അപ്പോഴേക്കും രോഹിത് ശര്‍മ 88 റണ്‍സിലേക്കെത്തിയിരുന്നു. 11 ഫോറും 4 സിക്‌സറുമടക്കം പറത്തി രോഹിത് നിലയുറപ്പിച്ച ശേഷമാണ് റാഷിദ് ഖാനെ അഫ്ഗാന്‍ പന്തെറിയിപ്പിച്ചത്. ഇതോടെ റാഷിദിനെയടക്കം രോഹിത് അടിച്ചു പറത്തി. ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറി (7) എന്ന റെക്കോഡിലേക്കെത്താന്‍ രോഹിത്തിനായി. തുടക്കം മുതല്‍ ഇന്ത്യ കടന്നാക്രമിച്ചിട്ടും എന്തുകൊണ്ടാണ് പ്രധാന ബൗളറെ അഫ്ഗാന്‍ പന്തേല്‍പ്പിക്കാത്തതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ഇത് അഫ്ഗാന്‍ കാട്ടിയ വലിയ മണ്ടത്തരമാണെന്നും ഈ തീരുമാനമാണ് ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരേ വമ്പന്‍ ജയം നേടിക്കൊടുത്തതെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. രോഹിത് ശര്‍മയെ പൂട്ടാന്‍ പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ റാഷിദ് ഖാന്‍ വരണമായിരുന്നു. കമന്റേറ്റര്‍മാരടക്കം അഫ്ഗാന്‍ നായകന്‍ ഹഷ്മത്തുല്ല ഷഹീദി റാഷിദിനെ പന്തേല്‍പ്പിക്കാത്തതിനെ വിമര്‍ശിച്ചിരുന്നു. എന്തുകൊണ്ടാണ് ഇതുവരെയായും നായകന്‍ റാഷിദിന് പന്ത് നല്‍കാത്തതെന്നും നായകന്‍ വിട്ടുപോയതാണെങ്കില്‍ സീനിയര്‍ താരവും മുന്‍ നായകനുമായ റാഷിദ് എന്തുകൊണ്ട് ബൗളിങ് ചോദിച്ചില്ലെന്നും കമന്റേറ്റര്‍മാര്‍ ചോദ്യം ഉയര്‍ത്തിയിരുന്നു.
ഇതു തന്നെയാണ് ഇപ്പോള്‍ ആരാധകരും ചോദിക്കുന്നത്. ഇന്ത്യയുടെ ടോപ് ഓഡറിനെ കയറൂരി വിടുന്ന മണ്ടന്‍ തീരുമാനമാണ് അഫ്ഗാന്‍ നായകനെടുത്തത്. തുടക്കത്തിലേ റാഷിദ് ഖാനെത്തുകയും ഇന്ത്യയുടെ കൂട്ടുകെട്ട് പൊളിക്കുകയും ചെയ്തിരുന്നെങ്കില്‍ അല്‍പ്പം കൂടി ശക്തമായ പോരാട്ടം കാഴ്ചവെക്കാന്‍ അഫ്ഗാനിസ്ഥാന് സാധിക്കുമായിരുന്നു. എന്നാല്‍ നായകന്‍ കാട്ടിയ അബദ്ധമാണ് അഫ്ഗാനെ വലിയ നാണക്കേടിലേക്ക് തള്ളിവിട്ടത്.
തകര്‍പ്പന്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മയെ പുറത്താക്കിയത് റാഷിദ് ഖാനാണെന്നതാണ് മറ്റൊരു കൗതുകം. സ്വീപ് ഷോട്ടിന് ശ്രമിച്ച രോഹിത്തിനെ റാഷിദ് ഖാന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. മുജീബുര്‍ റഹ്‌മാനെയും മുഹമ്മദ് നബിയേയും ഉപയോഗിച്ചപ്പോള്‍ പവര്‍പ്ലേയില്‍ 2 ഓവറെങ്കിലും റാഷിദിന് കൊടുത്തിരുന്നെങ്കില്‍ കളിയില്‍ ഇന്ത്യ സര്‍വാധിപത്യം നേടില്ലായിരുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

അഫ്ഗാനിസ്ഥാനെതിരേ വമ്പന്‍ ജയം നേടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ അത്യാവശ്യമായിരുന്നു. കാരണം വരുന്ന മത്സരങ്ങളിലെല്ലാം ശക്തരായ എതിരാളികളാണുള്ളത്. അതുകൊണ്ടുതന്നെ അഫ്ഗാനിസ്ഥാനെതിരേ വമ്പന്‍ ജയം നേടി നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമായിരുന്നു. ഇതിന് ഇന്ത്യന്‍ ടീമിന് സാധിച്ചുവെന്നത് വരുന്ന മത്സരങ്ങളില്‍ ടീമിന് ഗുണകരമാവുന്നതാണ്.
നവീന്‍ ഉല്‍ ഹഖും വിരാട് കോലിയും തമ്മിലുള്ള സൗഹൃദം പങ്കുവെക്കലും മത്സരത്തിലെ പ്രധാന നിമിഷങ്ങളിലൊന്നായിരുന്നു. ഐപിഎല്ലില്‍ പരസ്പരം കൊമ്പുകോര്‍ത്തവരാണ് ഇരുവരും. അതുകൊണ്ടുതന്നെ ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ വലിയ പോരാട്ടം പ്രതീക്ഷിച്ചു. എന്നാല്‍ ഇരുവരും വലിയ സൗഹൃദത്തോടെയാണ് പെരുമാറിയത്. ഇത് മത്സരവീര്യത്തിനിടയിലും മനോഹര കാഴ്ചയായി മാറി.