World Cup 2023: അന്ന് നാണംകെടുത്തി, ഇന്ന് ഇംഗ്ലണ്ടിനോട് റാഷിദിന്റെ പ്രതികാരം! പഴയ പക ഇനിയില്ല
ഡല്‍ഹി: ഏകദിന ലോകകപ്പിലെ 13ാം മത്സരത്തില്‍ ക്രിക്കറ്റ് ലോകം കണ്ടത് വമ്പന്‍ അട്ടിമറിയാണ്. നിലവിലെ ലോക ചാമ്പ്യന്മാരും ക്രിക്കറ്റിന്റെ പിതാക്കന്മാരുമായ ഇംഗ്ലണ്ടിനെ 69 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്ഥാന്‍ 284 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിനെ 40.3 ഓവറില്‍ 215 റണ്‍സിനാണ് അഫ്ഗാന്‍ ബൗളര്‍മാര്‍ കൂടാരം കയറ്റിയത്. സ്പിന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇംഗ്ലണ്ടിനെ നാണക്കേടിലേക്ക് തള്ളിവിട്ടത്.
ഇതില്‍ എടുത്തു പറയേണ്ടത് റാഷിദ് ഖാന്റെ പ്രകടനമാണ്. ആദ്യ മത്സരങ്ങളില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാത്ത റാഷിദ് ഖാന്‍ 3 വിക്കറ്റുകളാണ് ഇംഗ്ലണ്ടിനെതിരേ നേടിയത്. ഇംഗ്ലണ്ടിനെ തകര്‍ത്ത് അഫ്ഗാന്‍ ചരിത്രമെഴുതുമ്പോള്‍ റാഷിദ് ഖാനെ സംബന്ധിച്ചത് പ്രതികാരമാണ്. 2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം റാഷിദ് ഖാന്‍ മറക്കാനാഗ്രഹിക്കുന്ന സംഭവമാണ്. അന്ന് 9 ഓവറില്‍ 110 റണ്‍സാണ് റാഷിദിനെതിരേ ഇംഗ്ലണ്ട് താരങ്ങള്‍ നേടിയത്.
ഒരു വിക്കറ്റ് പോലും നേടാനാവാതെ തലകുനിച്ച് റാഷിദിന് അന്ന് നാണംകെടേണ്ടി വന്നു. സൂപ്പര്‍ സ്പിന്നറെന്ന വിശേഷണത്തോടെയെത്തിയ റാഷിദിനെ ഇംഗ്ലണ്ട് നിര തല്ലിപ്പറത്തുകയായിരുന്നു. അന്ന് 6 വിക്കറ്റിന് 397 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. മറുപടിക്കിറങ്ങിയ അഫ്ഗാന്‍ 247 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ 150 റണ്‍സിന് ഇംഗ്ലണ്ട് ജയവും നേടി. ഈ വലിയ നാണക്കേടിന് മറുപടി പറയാനുറച്ചാണ് റാഷിദ് ഇറങ്ങിയത്. ഗംഭീര പ്രകടനത്തോടെ അന്നത്തെ നാണക്കേട് മാറ്റാനും റാഷിദ് ഖാന് സാധിച്ചു.
ഇംഗ്ലണ്ടിന്റെ വമ്പടനടിക്കാരന്‍ ലിയാം ലിവിങ്സ്റ്റണെ എല്‍ബിയില്‍ കുടുക്കിയ റാഷിദ് ഖാന്‍ ആദില്‍ റഷീദിനെയും മാര്‍ക്ക് വുഡിനെയും പുറത്താക്കിയാണ് അഫ്ഗാനെ ചരിത്ര ജയത്തിലേക്കെത്തിയത്. അന്ന് 100ലധികം റണ്‍സ് വഴങ്ങി വിക്കറ്റൊന്നും നേടാതെ തലകുനിച്ച് നില്‍ക്കേണ്ടി വന്ന സാഹചര്യത്തില്‍ നിന്ന് ഇന്ന് മൂന്ന് വിക്കറ്റും നിര്‍ണ്ണായകമായ 23 റണ്‍സും നേടി ടീമിന്റെ ജയത്തില്‍ നട്ടെല്ലായി മാറാന്‍ റാഷിദ് ഖാനായി എന്നതാണ് എടുത്തു പറയേണ്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ അഫ്ഗാന്‍ ഇംഗ്ലണ്ടിനെ വിറപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് തുടക്കം മുതല്‍ കാഴ്ചവെച്ചത്. റഹ്‌മാനുല്ല ഗുര്‍ബാസും (80) ഇബ്രാഹിം സദ്രാനും (28) ചേര്‍ന്ന് 114 റണ്‍സാണ് ഒന്നാം വിക്കറ്റില്‍ സ്വന്തമാക്കിയത്. ഇതില്‍ ഗുര്‍ബാസ് കടന്നാക്രമിച്ചാണ് കളിച്ചത്. 57 പന്തില്‍ 8 ഫോറും 4 സിക്‌സും ഉള്‍പ്പെടെയാണ് താരം കസറിയത്.
മികച്ച തുടക്കത്തിന് പിന്നാലെ അഫ്ഗാന് തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമായെങ്കിലും മധ്യനിരയില്‍ ഇക്രം അലിഖില്‍ (58) നേടിയ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയും അഫ്ഗാന് കരുത്തായി. ഇതാണ് 49.5 ഓവറില്‍ 284 എന്ന മികച്ച സ്‌കോറിലേക്ക് അഫ്ഗാനെയെത്തിച്ചത്.
രണ്ടാമത് ബാറ്റുചെയ്യുമ്പോള്‍ പിച്ചില്‍ മഞ്ഞുവീഴ്ചയുണ്ടാവും. അതുകൊണ്ടുതന്നെ അനായാസം റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാമെന്നായിരുന്നു ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അഫ്ഗാന്റെ സ്പിന്നാക്രമണത്തില്‍ ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളും തെറ്റി. മുജീബുര്‍ റഹ്‌മാന്റെ ബൗളിങ്ങാണ് എടുത്തു പറയേണ്ടത്. മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടാന്‍ മുജീബിനായി. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറെ നവീന്‍ ഉല്‍ ഹഖ് ക്ലീന്‍ബൗള്‍ഡാക്കി. ജോ റൂട്ടിനെ മുജീബുര്‍ റഹ്‌മാന്‍ ക്ലീന്‍ബൗള്‍ഡാക്കുകയും ചെയ്തു.
അഫ്ഗാന്റെ ക്രിക്കറ്റ് ചരിത്രത്തില്‍ വലിയ നാഴികക്കല്ലായി മാറുന്ന ജയമാണ് ഇംഗ്ലണ്ടിനെതിരേ നേടിയെടുത്തിരിക്കുന്നത്. ഏത് വമ്പന്മാരെയും വീഴ്ത്താന്‍ തങ്ങള്‍ക്ക് കഴിവുണ്ടെന്ന് തെളിയിക്കാന്‍ അഫ്ഗാന് സാധിച്ചിരിക്കുകയാണ്. വരുന്ന മത്സരങ്ങളിലും അഫ്ഗാന്‍ വിജയക്കുതിപ്പ് തുടരുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications