മുംബൈ: ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യ ആതിഥേയരാവുന്ന ലോകകപ്പിന് ഒക്ടോബര്‍ 5നാണ് തുടക്കമാവുന്നത്. ഉദ്ഘാടന മത്സരം അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ടും ന്യൂസീലന്‍ഡും തമ്മില്‍ നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം എട്ടാം തീയ്യതി ഓസ്‌ട്രേലിയക്കെതിരേയാണ്. ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോള്‍ എല്ലാവരും കാത്തിരുന്നത് ഇന്ത്യ-പാക് മത്സര തീയ്യതി അറിയാനാണ്.
ക്രിക്കറ്റ് ലോകം കാത്തിരുന്ന മത്സരം ഒക്ടോബര്‍ 15ന് അഹമ്മദാബാദിലാണ്. ഇതോടെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ എല്ലാ ആവശ്യങ്ങളേയും തള്ളിക്കളഞ്ഞിരിക്കുകയാണ് ഐസിസിയും ബിസിസിഐയും. ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്ക് വരാതിരുന്നാല്‍ ലോകകപ്പ് കളിക്കാന്‍ ഇന്ത്യയിലേക്കില്ലെന്നായിരുന്നു പാകിസ്താന്റെ ആദ്യ നിലപാട്. പിന്നീട് ഇതില്‍ വിട്ടുവീഴ്ച ചെയ്യുകയും ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്കയെ വേദിയാക്കി ഏഷ്യാ കപ്പ് നടത്താന്‍ സമ്മതം മൂളുകയും ചെയ്തു.
ഇതിന് ശേഷം പാകിസ്താന്‍ പ്രധാനമായും മുന്നോട്ടുവെച്ച ആവശ്യം അഹമ്മദാബാദില്‍ ഇന്ത്യക്കെതിരേ കളിക്കാനാവില്ലെന്നതായിരുന്നു. ഇതിനുവേണ്ടി ശക്തമായി പിസിബി രംഗത്തെത്തിയിരുന്നെങ്കിലും യാതൊരു വിലയും നല്‍കാതെ ആവശ്യം തള്ളിക്കളഞ്ഞിരിക്കുകയാണ്. ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോള്‍ അഹമ്മദാബാദില്‍ത്തന്നെയാണ് ഇന്ത്യ-പാക് മത്സരം നടക്കുന്നത്. പിസിബിക്ക് കടുത്ത അതൃപ്തി ഇക്കാര്യത്തിലുണ്ടെന്ന കാര്യം ഉറപ്പാണ്.
ലോകകപ്പിന്റെ ഉദ്ഘാടന മത്സരവും ഫൈനലും അഹമ്മദാബാദിലാണ് നടക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വേദിയാണ് അഹമ്മദാബാദ്. കൂടുതല്‍ ആളുകള്‍ക്ക് കളികാണാനുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ-പാക് മത്സരത്തിന് വേദിയായി അഹമ്മദാബാദിനെ തിരഞ്ഞെടുത്തതെന്ന് പറയാം. അഹമ്മദാബാദ് വേദിയാവുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. കാരണം അഹമ്മദാബാദ് പാകിസ്താന് കളിച്ച് മുന്‍പരിചയമില്ലാത്ത പിച്ചാണ്.

അഹമ്മദാബാദ് സ്റ്റേഡിയം പുനര്‍നിര്‍മിച്ച ശേഷം ഒരു മത്സരം പോലും പാകിസ്താന്‍ ഇവിടെ കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അനുഭവസമ്പത്തിന്റെ മുന്‍തൂക്കം ഇന്ത്യക്ക് ഇവിടെ അവകാശപ്പെടാം. പാകിസ്താന്‍ അഹമ്മദാബാദില്‍ ഇന്ത്യക്കെതിരേ കളിക്കാനില്ലെന്ന് പറയാനുള്ള പ്രധാന കാരണം ഈ മുന്‍പരിചയമില്ലായ്മയാണ്. ഇത് ഇന്ത്യക്ക് മുതലാക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.
ഷെഡ്യൂള്‍ പരിശോധിക്കുമ്പോള്‍ പാകിസ്താന്റെ പ്രധാന മത്സര വേദികളെല്ലാം കടുപ്പമാണ്. ഓസീസ്-പാക് മത്സരത്തിന്റെ വേദി ബംഗളൂരുവാണ്. ഈ വേദി ചെന്നൈയിലേക്കാക്കണമെന്ന് പിസിബി ആവശ്യപ്പെട്ടെങ്കിലും അനുകൂലമായല്ല ഐസിസിയും ബിസിസി ഐയും പ്രതികരിച്ചത്. ബംഗളൂരുവിലേത് ബാറ്റിങ് പിച്ചാണ്. അതുകൊണ്ടുതന്നെ കരുത്തരായ ഓസീസിനെ കീഴടക്കുക പ്രയാസമായിരിക്കും. അതേ സമയം ചെന്നൈയിലാണെങ്കില്‍ സ്പിന്നിന് അല്‍പ്പം മുന്‍തൂക്കം ലഭിക്കും.
ഇത് മുതലാക്കി ഓസീസിനെ നേരിടാമെന്നായിരുന്നു പദ്ധതിയെങ്കിലും ഷെഡ്യൂള്‍ മാറ്റാന്‍ ഐസിസി തയ്യാറായിട്ടില്ല. അഫ്ഗാനിസ്ഥാനെതിരേയുള്ള പാകിസ്താന്റെ മത്സരം ചെന്നൈയിലാണ് നടക്കുന്നത്. അതേ സമയം ഇന്ത്യയുടെ പ്രധാന മത്സരങ്ങളെല്ലാം പിന്തുണയുള്ള മൈതാനങ്ങളിലാണെന്നത് എടുത്തു പറയേണ്ടതാണ്. ഇന്ത്യയുടെ ആദ്യ മത്സരം ഓസ്‌ട്രേലിയക്കെതിരേയാണ്. ഇതിനുവേദിയാവുന്നത് ചെന്നൈയാണ്. ഇന്ത്യക്ക് മികച്ച റെക്കോഡുള്ള മൈതാനമാണിത്.
അതേ സമയം അഹമ്മദാബാദില്‍ പാകിസ്താനെ നേരിടുന്നത് ഇന്ത്യക്ക് തിരിച്ചടിയായി മാറാന്‍ സാധ്യത കൂടുതലാണ്. കാരണം അഹമ്മദാബാദിലെ മൈതാനം വളരെ വലുതാണ്. മികച്ച പേസ് കരുത്തും സ്പിന്‍ കരുത്തുമുള്ള പാക് നിരയ്‌ക്കെതിരേ ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ കളിമറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇടം കൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കുള്ള പ്രയാസം പാകിസ്താന്‍ മുതലാക്കിയാല്‍ പണികിട്ടും.
അവസാന ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യക്ക് പാകിസ്താനെ തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നു. അന്ന് വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഇത്തവണയും അത്തരമൊരു അത്ഭുതത്തിന് കാത്തുനില്‍ക്കാതെ മികച്ച പോരാട്ടത്തിലൂടെ പാകിസ്താനെ തകര്‍ക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.