മുംബൈ: ഏകദിന ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരേ ജയിക്കേണ്ട കളി അഫ്ഗാനിസ്ഥാന്‍ തോറ്റിരിക്കുകയാണ്. 292 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയയുടെ 7 വിക്കറ്റുകള്‍ 91 റണ്‍സിനിടെ വീഴ്ത്താന്‍ അഫ്ഗാനായി. പിന്നീട് കണ്ടത് ഗ്ലെന്‍ മാക്‌സ് വെല്‍- പാറ്റ് കമ്മിന്‍സ് ചരിത്ര കൂട്ടുകെട്ടിലൂടെ ഓസീസ് വിജയം നേടുന്നതാണ്. സെമിയോടടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് അഫ്ഗാന്‍ തട്ടിത്തെറിപ്പിച്ചത്.
അഫ്ഗാന്റെ തോല്‍വിക്ക് പല കാരണങ്ങളും പറയാമെങ്കിലും കൂടുതല്‍ വിമര്‍ശനം കേള്‍ക്കുന്നത് മുജീബുര്‍ റഹ്‌മാനാണ്. തുടക്കത്തിലേ തന്നെ മാക്‌സ് വെല്ലിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണ്ണാവസരം മുജീബുര്‍ റഹ്‌മാന്‍ കൈവിട്ട് കളഞ്ഞതാണ് അഫ്ഗാന്റെ തോല്‍വിക്ക് കാരണമായത്. നൂര്‍ അഹമ്മദിന്റെ ഓവറില്‍ സ്വീപ് ഷോട്ടിന് ശ്രമിച്ച മാക്‌സ് വെല്ലിന് പിഴച്ചപ്പോള്‍ പന്ത് മുജീബുര്‍ റഹ്‌മാന്റെ കൈയിലേക്ക്.
അനായാസമായി എടുക്കാവുന്ന ക്യാച്ച് മുജീബുര്‍ പാഴാക്കി. ഈ ക്യാച്ച് നഷ്ടപ്പെടുത്തിയതോടെ അഫ്ഗാന്‍ കൈവിട്ടത് മത്സരം കൂടിയാണ്. പിന്നീട് മാക്‌സ് വെല്ലിന്റെ കടന്നാക്രമണമാണ് കണ്ടത്. ഒറ്റക്ക് പൊരുതി ടീമിനെ വിജയത്തിലേക്കുയര്‍ത്താന്‍ മാക്‌സ് വെല്ലിന് സാധിച്ചിരിക്കുകയാണ്.
ഭാഗ്യം നിരവധി തവണ മാക്‌സ്‌വെല്ലിനെ തുണച്ചു. റാഷിദ് ഖാന്റെ പന്തില്‍ മാക്‌സ് വെല്ലിന്റെ ഷോട്ട് പിഴച്ചപ്പോള്‍ പന്ത് വായുവില്‍ ഉയര്‍ന്നു. റാഷിദ് ഖാന് ശ്രമിച്ചിരുന്നെങ്കില്‍ ക്യാച്ചെടുക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അഫ്ഗാന്‍ നായകന്‍ ഹഷ്മത്തുല്ല ഷാഹിദി സാഹസികമായി ക്യാച്ചിനായി ശ്രമിച്ചതോടെ മാക്‌സ് വെല്ലിന് വീണ്ടും ലൈഫ്. ഒരു തവണ എല്‍ബി ഡബ്ല്യുവില്‍ നിന്നും മാക്‌സ് വെല്ലിന് ലൈഫ് ലഭിച്ചു. ഭാഗ്യം മാക്‌സ് വെല്ലിനെ വേണ്ടുവോളം തുണച്ചെന്ന് പറയാം.

അഫ്ഗാന്‍ നായകന്റെ മോശം ക്യാപ്റ്റന്‍സിയും ടീമിന്റെ തോല്‍വിക്ക് കാരണമായി. ഒരു മൂന്നാം പേസറുടെ അഭാവം അഫ്ഗാന്‍ നിരയിലുണ്ടായിരുന്നു. നിലയുറപ്പിച്ചതോടെ സ്പിന്നര്‍മാരെ കടന്നാക്രമിച്ച മാക്‌സ്‌വെല്‍ അനായാസം റണ്‍സുയര്‍ത്തി. മുഹമ്മദ് നബിയെ വളരെ വൈകിയാണ് അഫ്ഗാന്‍ നായകന്‍ പന്തേല്‍പ്പിച്ചത്. മാക്‌സ് വെല്‍ നിലയുറപ്പിക്കുന്നതിന് മുമ്പ് നബിയെ പന്തെറിയിക്കാതിരുന്നത് വലിയ മണ്ടത്തരമായി പോയി. കൂടാതെ കൂട്ടുകെട്ട് പൊളിക്കാന്‍ പേസര്‍മാരെ ഉപയോഗിച്ചതും വളരെ വൈകിയാണ്.
പേസര്‍മാരെ രണ്ടാം സ്‌പെല്ലിന് പന്തേല്‍പ്പിച്ചപ്പോഴേക്കും ഓസീസ് വിജയം ഉറപ്പിച്ചിരുന്നുവെന്ന് പറയാം. അനായാസം ജയിക്കേണ്ടിയിരുന്ന കളിയാണ് അഫ്ഗാന്‍ തോറ്റതെന്നതാണ് അവിശ്വസനീയമായ കാര്യം. ഇത്തവണത്തെ ലോകകപ്പില്‍ ഏറ്റവും മോശം ഫീല്‍ഡിങ് പ്രകടനം നടത്തുന്ന രണ്ടാമത്തെ ടീമാണ് അഫ്ഗാന്‍. 26 ക്യാച്ച് ലഭിച്ചതില്‍ 13 ക്യാച്ചാണ് അഫ്ഗാന്‍ പാഴാക്കിയത്. ലഭിച്ച അവസരങ്ങളെ കൃത്യമായി മുതലാക്കിയിരുന്നെങ്കില്‍ അഫ്ഗാന്‍ അനായാസം ജയിക്കുമായിരുന്നു.
എന്നാല്‍ മോശം ഫീല്‍ഡിങ് അഫ്ഗാനെ ചതിക്കുകയായിരുന്നു. സമ്മര്‍ദ്ദം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ അഫ്ഗാന്‍ നായകന് സാധിച്ചില്ല. മാക്‌സ് വെല്‍ കാലിന് പരിക്കേറ്റ് പ്രയാസപ്പെട്ട സാഹചര്യത്തിലും പേസര്‍മാര്‍ യോര്‍ക്കറിന് ശ്രമിച്ചില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. തോല്‍വിയോടെ അഫ്ഗാന്റെ സെമി സാധ്യതക്കും മങ്ങലേറ്റിരിക്കുകയാണ്. എട്ട് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുള്ള അഫ്ഗാന് അവസാന മത്സരം ജയിച്ചാലും സെമി സാധ്യത വിരളമാണ്.
ചരിത്ര സെമി കളിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മോശം ഫീല്‍ഡിങ്ങിലൂടെ അഫ്ഗാന്‍ കൈവിട്ടുകളഞ്ഞത്. പടിക്കല്‍ കലമുടച്ച് അഫ്ഗാനെ സംബന്ധിച്ച് മറക്കാനാവാത്ത മത്സരമായിരിക്കും ഇതെന്നുറപ്പ്. ഗ്ലെന്‍ മാക്‌സ് വെല്‍ 201 റണ്‍സുമായാണ് പുറത്താവാതെ നിന്നത്. 21 ഫോറും 10 സിക്‌സും താരം പറത്തി. ഒറ്റക്ക് മത്സരം മാക്‌സ് വെല്‍ പിടിച്ചെടുക്കുകയായിരുന്നു. മുജീബുര്‍ റഹ്‌മാന്റെ ക്യാച്ചാണ് മത്സരത്തില്‍ വഴിത്തിരിവായതെന്ന് നിസംശയം പറയാം. അതുകൊണ്ടുതന്നെ വലിയ വിമര്‍ശനം താരത്തിനെതിരേ ഉയരുന്നുമുണ്ട്.