Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: പ്രതിഭാശാലി, പക്ഷെ അര്‍ഹിച്ച അംഗീകാരമില്ല! ഷമി ശരിക്കും ഹീറോയാണോ?

മുംബൈ: ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയോടടുക്കവെ ഏറ്റവും പ്രശംസ നേടുന്ന ഇന്ത്യന്‍ താരങ്ങളിലൊരാള്‍ മുഹമ്മദ് ഷമിയാണ്. ഇത്തവണത്തെ ലോകകപ്പില്‍ ആദ്യത്തെ നാല് മത്സരത്തിലും ഇന്ത്യ ബെഞ്ചിലിരുത്തിയ ഷമി പിന്നീട് കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് വീഴ്ത്തിയത് 14 വിക്കറ്റുകള്‍. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് സിറാജിനെയാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കൂടുതല്‍ വിശ്വസിച്ചത്.

ഇതോടെ ഷമി ബെഞ്ചിലേക്കൊതുങ്ങുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേല്‍ക്കുകയും അദ്ദേഹം പുറത്താവുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഷമി ചിലപ്പോള്‍ ലോകകപ്പിലുടെനീളം ബെഞ്ചിലിരുന്നേനെ. ന്യൂസീലന്‍ഡിനെതിരേ ഷമിക്ക് ഇടം ലഭിച്ചപ്പോള്‍ അഞ്ച് വിക്കറ്റുകളുമായി മാച്ച് വിന്നറാവാന്‍ ഷമിക്ക് സാധിച്ചു. ഇംഗ്ലണ്ടിനെതിരേ നാല് വിക്കറ്റുകളുമായി വീണ്ടും മാച്ച് വിന്നറായി അദ്ദേഹം മാറി. ശ്രീലങ്കയ്‌ക്കെതിരേയും അഞ്ച് വിക്കറ്റുകളുമായി അദ്ദേഹം കസറി.

ഇതോടെ സഹീര്‍ ഖാന്റേയും ജവഗല്‍ ശ്രീനാഥിന്റേയും വിക്കറ്റ് വേട്ട മറികടന്ന് ഏകദിന ലോകകപ്പില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നേട്ടത്തിലേക്കെത്താനും ഷമിക്ക് സാധിച്ചു. ഷമി ഹീറോയെന്ന് ഇപ്പോള്‍ എല്ലാവരും വാഴ്ത്തുമ്പോഴും ഷമിക്ക് അര്‍ഹിച്ച അംഗീകാരം ലഭിക്കുന്നില്ലെന്നാണ് വസ്തുത. ഏകദിനത്തില്‍ ഇപ്പോഴും അണ്ടര്‍റേറ്റഡ് ആയിട്ടുള്ള ബൗളറാണ് ഷമിയെന്ന് നിസംശയം പറയാം. അര്‍ഹിച്ച പിന്തുണ ഷമിക്ക് ലഭിച്ചിട്ടില്ല.

മുഹമ്മദ് സിറാജിനെപ്പോലൊരു ബൗളര്‍ക്കുവേണ്ടി ബെഞ്ചിലേക്കൊതുക്കപ്പെടേണ്ട ബൗളറല്ല ഷമി. വിക്കറ്റ് നേട്ടവും സ്വിങ്ങിന്റെ സാഹചര്യവുമെല്ലാം പരിശോധിക്കുമ്പോള്‍ ജസ്പ്രീത് ബുംറയോട് ഒപ്പം നില്‍ക്കാന്‍ കെല്‍പ്പുള്ള ബൗളറാണ് ഷമി. എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഷമിയെ എല്ലാക്കാലത്തും രണ്ടാം നിര ബൗളറുടെ സ്ഥാനമാണ് പരിമിത ഓവറില്‍ നല്‍കിയിരുന്നത്. ലോകകപ്പിന് മുമ്പുള്ള പ്രധാന ഏകദിന പരമ്പരകളിലൊന്നും ഷമിക്ക് കാര്യമായ അവസരം ലഭിച്ചിട്ടില്ല.

mohammed shami

പരിമിത ഓവറില്‍ ഇപ്പോഴും പകരക്കാരന്റെ റോള്‍ മാത്രമാണ് ഷമിക്കുള്ളത്. ഹാര്‍ദിക് പാണ്ഡ്യ തിരിച്ചെത്തുമ്പോള്‍ ഷമിയെ ഇന്ത്യ പുറത്തിരുത്തിയാലും അത്ഭുതപ്പെടാനാവില്ല. ടെസ്റ്റില്‍ ഷമി പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ്. പ്രധാനമായും വിദേശ പിച്ചുകളില്‍ ഷമിക്ക് ഇന്ത്യ വലിയ പിന്തുണ നല്‍കുന്നു. എന്നാല്‍ പരിമിത ഓവറില്‍ ഇത് അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നതാണ് വസ്തുത. നായകന്‍ രോഹിത് ശര്‍മയും ഷമിയെക്കാള്‍ പിന്തുണക്കുന്നത് സിറാജിനെയാണ്.

ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റിലെ അണ്ടര്‍റേറ്റഡ് ബൗളറാണ് ഷമിയെന്ന് നിസംശയം പറയാം. ഷമിയുടെ കരിയര്‍ തന്നെ തകര്‍ന്നുപോകുന്ന നിരവധി സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ സംഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുമായി വേര്‍പിരിയുകയും പിന്നീട് നിയമപരമായ പോരാട്ടം നടക്കുകയും വിവാഹ ബന്ധം വേര്‍പെടുത്തുകയും ചെയ്തിരുന്നു. മൂന്ന് തവണ ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നതായും ഷമി തുറന്ന് പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ പിതാവിനെയും ഇതിനിടെ നഷ്ടമായി. ഈ പ്രതിസന്ധികള്‍ക്കിടയിലും ഷമി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുകയും ഞെട്ടിക്കുന്ന പ്രകടനത്തോടെ ഇന്ത്യയുടെ ഹീറോയായി മാറുകയും ചെയ്തു. നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറെന്ന വിശേഷണം ഷമിക്ക് നല്‍കിയാലും തെറ്റില്ല. ജസ്പ്രീത് ബുംറയുടെ നിഴലായി പലപ്പോഴും ഷമി ഒതുക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതിലപ്പുറം തന്റേതായ സിംഹാസനം അര്‍ഹിക്കുന്ന ബൗളറാണ് അദ്ദേഹം.

97 ഏകദിനം കളിച്ച ഷമി 185 വിക്കറ്റുകളാണ് ഇതിനോടകം വീഴ്ത്തിയത്. ഇതില്‍ നാല് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനം ലോകകപ്പില്‍ നേടാന്‍ ഷമിക്ക് സാധിച്ചു. ബുംറയുടെ ഏകദിന കരിയറില്‍ രണ്ട് തവണയാണ് അഞ്ച് വിക്കറ്റ് പ്രകടനം നടത്താനായത്. നിലവിലെ ഏറ്റവും മികച്ച ഇന്ത്യന്‍ പേസര്‍ സ്ഥാനം ഷമി അര്‍ഹിക്കുമ്പോഴും അതിനൊത്ത അംഗീകാരം ഷമിക്കില്ലെന്നതാണ് പരമമായ സത്യം.

Story first published: Friday, November 3, 2023, 11:09 [IST]
Other articles published on Nov 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+