മുംബൈയിലെ വാംഖഡെയില്‍ നടന്ന ലോകകപ്പ് പോരില്‍ അഫ്ഗാനിസ്താനെതിരേ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ മാജിക്കല്‍ പ്രകടനത്തെ ലോകം മുഴുവന്‍ വാഴ്ത്തുകയാണ്. വന്‍ പരാജയത്തിന്റെ വക്കില്‍ നിന്നും അപരാജിത ഡബിള്‍ സെഞ്ച്വറിയുമായി ഓസീസിനെ മാക്‌സി തനിച്ച് ജയത്തിലേക്കു കൈപിടിച്ചുയര്‍ത്തുകയായിരുന്നു. വെറും 128 ബോളില്‍ 201 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്. 21 ഫോറും 10 സിക്‌സറുമടക്കമായിരുന്നു ഇത്.
സൂപ്പര്‍ ഇന്നിങ്‌സിനിടെ മാക്‌സ്വെല്ലിനു പല തവണ പേശീവലിവും കണംകാലില്‍ വേദനയുമെല്ലാം അനുഭവപ്പെട്ടതായി കാണപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു അദ്ദേഹം ഒന്നിലേറെ തവണ ഗ്രൗണ്ടില്‍ കിടക്കുകയും ബ്രേക്കെടുക്കുകയുമെല്ലാം ചെയ്തു. മെഡിക്കല്‍ സംഘം താരത്തെ പരിശോധിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ഇന്നിങ്‌സിന്റെ അവസാന ഘട്ടത്തില്‍ പലപ്പോഴും ഒരു കാലിലായിരുന്നു മാക്‌സ്വെല്‍ ബാറ്റ് ചെയ്തത്.

കാലിന്റെ വേദന കാരണം ഇളകാന്‍ പോലും കഴിയാതിരുന്നിട്ടും അദ്ദേഹം തലങ്ങും വിലങ്ങും ഷോട്ടുകള്‍ കളിച്ചുകൊണ്ടിരുന്നു. ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനാവാതെ മാക്‌സി ഗ്രൗണ്ട് വിട്ടിരുന്നെങ്കില്‍ ഓസീസ് ഉറപ്പായും കളിയും തോല്‍ക്കുമായിരുന്നു. ഇത്രയും മോശം ഒരു അവസ്ഥയിലായിട്ടും മാക്‌സ്വെല്ലിനു എന്തുകൊണ്ടാണ് ഒരു റണ്ണറെ അനുവദിക്കാതിരുന്നതെന്നു ആരാധകര്‍ ചോദിക്കുകയാണ്.
നേരത്തേ ഒരു താരത്തിനു ബാറ്റിങിനിടെ പരിക്കേല്‍ക്കുകയാണെങ്കില്‍ സിംഗിളും ഡബിളുമെല്ലാം ഓടിയെടുക്കാന്‍ പകരമൊരാളെ റണ്ണറായി ഇറക്കിയിരുന്നു. പക്ഷെ മാക്‌സ്വെല്ലിന്റെ കാര്യത്തില്‍ എന്തുകൊണ്ടാണ് റണ്ണറെ നല്‍കതിരുന്നത്? ഇതിനു കൃത്യമായ ഒരു കാരണം തന്നെയുണ്ട്. അതു എന്താണെന്നു അറിയാം.
ക്രീസിലുള്ള ഏതെങ്കിലുമൊരു ബാറ്റര്‍ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ പകരം റണ്ണറായി ഒരാളെ അനുവദിച്ചിരുന്ന നിയമം ഐസിസി എടുത്തു കളഞ്ഞതു കാരണമാണ് മാക്‌സിക്കു വേദന സഹിച്ച് കളി തുടരേണ്ടി വന്നത്. റണ്ണറെ ഉപയോഗിക്കുന്നതു കാരണം ഫീല്‍ഡിങില്‍ തടസങ്ങള്‍ നേരിടുന്നുവെന്ന ശുപാര്‍ശകളെ തുടര്‍ന്നാണ് ഐസിസി റണ്ണറെ അനുവദിച്ചിരുന്ന നിയമം റദ്ദാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിലവില്‍ ഒരു ഫോര്‍മാറ്റിലും റണ്ണറെ ഉപയോഗിക്കാന്‍ ടീമുകള്‍ക്കു അനുവാദമില്ല.
റണ്ണര്‍ നിയമം എടുത്തു കളഞ്ഞതിനാല്‍ തന്നെ പരിക്കേല്‍ക്കുകയാണെങ്കില്‍ ഒരു ബാറ്റര്‍ക്കു അതു സഹിച്ച് ക്രീസില്‍ തുടരുകയല്ലാതെ ഇപ്പോള്‍ മറ്റു വഴികളില്ല. പരിക്ക് ഗൗരവമുള്ളതും ഒട്ടും തന്നെ ബാറ്റിങ് തുടരാന്‍ സാധിക്കാതെ വരികയും ചെയ്താല്‍ ഒരു താരത്തിനു റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിടാം. പിന്നീട് പരിക്കില്‍ നിന്നും ആശ്വാസം തോന്നുകയാണെങ്കില്‍ ഇന്നിങ്‌സിന്റെ ഏതെങ്കിലും ഘട്ടത്തല്‍ വീണ്ടും ക്രീസിലെത്തി ബാറ്റിങ് തുടരുകയും ചെയ്യാം.

Screenshot
പക്ഷെ മാക്‌സ്വെല്ലിന്റെ കാര്യത്തില്‍ ഇതു നല്ലൊരു ഓപ്ഷനായിരുന്നില്ല. അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടായിരുന്നെങ്കില്‍ അതു ഓസീസിനെ ചിലപ്പോള്‍ പരാജയത്തിലേക്കു തള്ളിയിടുമായിരുന്നു. അതുകൊണ്ടു തന്നെയാണ് ഓസീസിന്റെ വിജയ റണ്‍സ് കുറിക്കുന്നതു വരെ മാക്‌സ്വെല്‍ ക്രീസില്‍ തുടരുകയും ചെയ്തത്.
അപരാജിതമായ എട്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനൊപ്പം 202 റണ്‍സിന്റെ ഗംഭീര കൂട്ടുകെട്ടുണ്ടാക്കാന്‍ മാക്‌സിക്കായിരുന്നു. ജയിച്ചെന്നുറപ്പിച്ച മല്‍സരം അഫ്ഗാനില്‍ നിന്നും തട്ടിയെടുത്തതും ഈ സഖ്യം തന്നെയാണ്. 292 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം പിന്തുര്‍ന്ന ഓസീസ് ഒരു സമയത്തു 100 റണ്‍സ് പോലും കടക്കുമോയെന്ന കാര്യം സംശയമായിരുന്നു.
19ാം ഓവറില്‍ ഏഴു വിക്കറ്റിനു 91 റണ്‍സിലേക്കു ഓസീസ് കൂപ്പുകുത്തുകയും ചെയ്തു. എന്നാല്‍ ക്യാപ്റ്റന്‍ കമ്മിന്‍സിനെ (68 ബോളില്‍ 12) ക്രീസിന്റെ മറുഭാഗത്തു കാഴ്ചക്കാരനാക്കി നിര്‍ത്തി മാക്‌സ്വെല്‍ സംഹാരതാണ്ഡവമാടുകയായിരുന്നു.