കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമി സീറ്റുറപ്പിച്ചിരിക്കുകയാണ്. കൊല്‍ക്കത്തയില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെയാണ് ആതിഥേയരായ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. കരുത്തരായ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റിന് 326 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക 83 റണ്‍സിനാണ് കൂടാരം കയറിയത്. സെഞ്ച്വറി നേടിയ വിരാട് കോലിയും (101*) അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യക്ക് വമ്പന്‍ ജയമൊരുക്കിയത്.
ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തുമെന്ന് ഉറപ്പായതോടെ എതിരാളികള്‍ ആരാവുമെന്നതാണ് ഇനി അറിയേണ്ടത്. ഇപ്പോഴിതാ ഒന്നാം സ്ഥാനം ഉറപ്പാക്കിയതോടെ പാകിസ്താന്‍ സെമി ഫൈനല്‍ കളിക്കണമേയെന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍. അതിനൊരു കാരണമുണ്ട്. നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഇന്ത്യയുടെ എതിരാളികളായി എത്തുക ന്യൂസീലന്‍ഡാവും. നാലാം സ്ഥാനക്കാരായി സെമി കളിക്കാന്‍ കൂടുതല്‍ സാധ്യത ന്യൂസീലന്‍ഡിനാണ്.
എട്ട് മത്സരത്തില്‍ നിന്ന് ന്യൂസീലന്‍ഡിനും പാകിസ്താനും എട്ട് പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ കരുത്തിലാണ് ന്യൂസീലന്‍ഡ് നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. 0.398 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. 0.036 നെറ്റ് റണ്‍റേറ്റോടെയാണ് പാകിസ്താന്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്നത്. രണ്ട് ടീമിനും ഓരോ മത്സരങ്ങള്‍ ശേഷിക്കുമ്പോള്‍ ആര് സെമിയിലെത്തുമെന്നത് കണ്ടറിയേണ്ട അവസ്ഥ. പാകിസ്താന്റെ അവസാനത്തെ എതിരാളികള്‍ ഇംഗ്ലണ്ടാണ്.
നിലവിലെ ചാമ്പ്യന്മാരാണെങ്കിലും ഇത്തവണ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് ഇംഗ്ലണ്ട്. നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇംഗ്ലണ്ട് ഇത്തവണ കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ പാകിസ്താന് ഇംഗ്ലണ്ടിനെതിരേ മുന്‍തൂക്കമുണ്ട്. അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അങ്ങനെ സംഭവിച്ചാലേ നെറ്റ് റണ്‍റേറ്റില്‍ ന്യൂസീലന്‍ഡിനെ മറികടക്കാന്‍ പാകിസ്താനാവൂ.

അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡിന്റെ എതിരാളി ശ്രീലങ്കയാണ്. കിവീസിന് അനായാസം ശ്രീലങ്കയെ തോല്‍പ്പിക്കാനാവില്ല. സെമി ഫൈനല്‍ പ്രതീക്ഷ അവസാനിച്ച ശ്രീലങ്കയ്ക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാനാവുകയും പാകിസ്താന്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ പാകിസ്താന്‍ സെമിയിലേക്കെത്തും. അഫ്ഗാനിസ്ഥാന് ഏഴ് മത്സരത്തില്‍ നിന്ന് എട്ട് പോയിന്റുണ്ടെങ്കിലും അടുത്ത രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയുമാണ്.
ഇവരെ മറികടക്കുക അഫ്ഗാന് ഏറെക്കുറെ അസാധ്യമായതിനാല്‍ അഫ്ഗാന് സെമി പ്രതീക്ഷ വേണ്ട. ചിരവൈരികളാണെങ്കിലും ഇന്ത്യ നാലാം സ്ഥാനക്കാരായി പാകിസ്താന്‍ എത്തണമെന്ന് ആഗ്രഹിക്കാന്‍ കാരണമുണ്ട്. ന്യൂസീലന്‍ഡ് സെമി കളിച്ചാല്‍ സെമിയില്‍ ഇന്ത്യയുടെ എതിരാളികളായി എത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ 2019ലെ ഏകദിന ലോകകപ്പിലെ അവസ്ഥ ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഇന്ത്യ ഇത്തവണത്തേതിന് സമാനമായ കുതിപ്പാണ് 2019ലെ ലോകകപ്പിലും നടത്തിയത്. എന്നാല്‍ സെമിയില്‍ ടീമിന് തോല്‍ക്കേണ്ടി വന്നു. ഇത്തവണയും ന്യൂസീലന്‍ഡിനെ സെമിയില്‍ ലഭിച്ചാല്‍ ഇന്ത്യ പ്രയാസപ്പെടും. ഇത്തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ സെമിയിലേക്കെത്തുമ്പോള്‍ കിവീസിനെ ഭാഗ്യം തുണക്കാറുണ്ട്. അതുകൊണ്ടുതന്നെ സെമിയില്‍ ന്യൂസീലന്‍ഡ് എത്തുന്നതിനെ ഇന്ത്യ ഭയപ്പെടുന്നു.
അതേ സമയം പാകിസ്താന്‍ ഇതുവരെ ഇന്ത്യയെ ഏകദിന ലോകകപ്പില്‍ തോല്‍പ്പിച്ചിട്ടില്ല. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ പാകിസ്താനെ സെമിയില്‍ തോല്‍പ്പിച്ചാണ് ഫൈനലിലേക്കെത്തിയത്. കണക്കുകള്‍ വിലയിരുത്തുമ്പോള്‍ ന്യൂസീലന്‍ഡിനെക്കാള്‍ ഇന്ത്യക്ക് എളുപ്പം പാകിസ്താനെ കീഴടക്കാനാണ്. അതുകൊണ്ടുതന്നെ പാകിസ്താന്‍ സെമി കളിക്കണമേയെന്നാണ് ഇന്ത്യ മനസുകൊണ്ട് ആഗ്രഹിക്കുന്നതെന്ന് പറയാം.
ബാബര്‍ ആസമും സംഘവും ഇത്തവണ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അവസാന മത്സരത്തില്‍ ന്യൂസീസലന്‍ഡിനെ മഴനിയമ പ്രകാരം തോല്‍പ്പിക്കാനും പാകിസ്താന് സാധിച്ചു. എന്തായാലും പാകിസ്താന്‍ സെമിയിലെത്തുകയും ഇന്ത്യ-പാക് പോരാട്ടം സംഭവിക്കുകയും ചെയ്താല്‍ ആരാധകര്‍ക്കത് വലിയ ആവേശമായിരിക്കുമെന്നുറപ്പ്.