പൂനെ: ഏകദിന ലോകകപ്പില്‍ ആതിഥേയരായ ഇന്ത്യയുടെ വിജയക്കുതിപ്പ് തുടരുകയാണ്. ഓസ്‌ട്രേലിയ, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ എന്നിവര്‍ക്ക് പിന്നാലെ ബംഗ്ലാദേശിനെയും ഇന്ത്യ തോല്‍പ്പിച്ചിരിക്കുകയാണ്. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റിന് 256 റണ്‍സ് നേടിയപ്പോള്‍ 41.3 ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു. വിരാട് കോലിയുടെ (103*) സെഞ്ച്വറിയും ശുബ്മാന്‍ ഗില്ലിന്റെ (53) അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്.
രോഹിത് ശര്‍മയും (48) കെ എല്‍ രാഹുലും (34*) മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ 51 പന്ത് ബാക്കിയാക്കി ജയിച്ചിട്ടും ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്കെത്താനായില്ല. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. നാല് മത്സരങ്ങളും ജയിച്ച ന്യൂസീലന്‍ഡ് 1.923 നെറ്റ് റണ്‍റേറ്റോടെയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുന്നത്. ബംഗ്ലാദേശിനെതിരേ വമ്പന്‍ ജയം നേടിയിട്ടും ഇന്ത്യക്ക് നെറ്റ് റണ്‍റേറ്റില്‍ വലിയ മാറ്റം സൃഷ്ടിക്കാനായില്ലെന്നതാണ് സത്യം.
1.659 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ്. ബംഗ്ലാദേശിനെതിരേ വമ്പന്‍ ജയം നേടി നെറ്റ് റണ്‍റേറ്റില്‍ ന്യൂസീലന്‍ഡിനെ മറികടക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അതിന് സാധിക്കാതെ പോയി. വെടിക്കെട്ട് തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചതെങ്കിലും പിന്നീട് മെല്ലപ്പോക്കിലേക്ക് ഗിയര്‍ മാറ്റിയതാണ് ടീമിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്. ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും കൂടുതല്‍ ഡോട്ട് ബോളുകള്‍ വരുത്തിയതും ഇന്ത്യക്ക് തിരിച്ചടിയായി. ശുബ്മാന്‍ 55 പന്ത് നേരിട്ട് 53 റണ്‍സാണ് നേടിയത്.
5 ഫോറും 2 സിക്‌സും പറത്തിയെങ്കിലും 96.36 ആണ് ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ്. രോഹിത് ശര്‍മ 40 പന്തില്‍ 48 റണ്‍സാണ് അടിച്ചെടുത്തത്. 120 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് 19 റണ്‍സ് നേടാന്‍ 25 പന്തുകള്‍ വേണ്ടി വന്നു. കെ എല്‍ രാഹുല്‍ 34 പന്തുകള്‍ നേരിട്ടാണ് 34 റണ്‍സ് അടിച്ചെടുത്തത്. ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 37 ഓവറിനുള്ളില്‍ മറികടന്നിരുന്നെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ വലിയ മാറ്റം സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു.

എന്നാല്‍ വിജയലക്ഷ്യത്തിലേക്കെത്താന്‍ 41.3 ഓവര്‍ വേണ്ടിവന്നതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഇതാണ് നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യക്ക് തടസമായി നിന്നത്. ശുബ്മാന്‍ ഗില്‍ രണ്ടാമനായി പുറത്താവുമ്പോള്‍ 19.2 ഓവറില്‍ 2 വിക്കറ്റിന് 132 എന്ന മികച്ച നിലയിലായിരുന്നു ഇന്ത്യ എന്നാല്‍. പിന്നീടുള്ള 124 റണ്‍സ് നേടാന്‍ ഇന്ത്യ നന്നായി പ്രയാസപ്പെട്ടു. ശ്രേയസ് ക്രീസിലേക്കെത്തിയതോടെയാണ് റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞത്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മധ്യനിരയില്‍ ആര്‍ക്കും സാധിക്കാതെ പോയതും ഇന്ത്യക്ക് തിരിച്ചടിയായി മാറി. നെറ്റ് റണ്‍റേറ്റില്‍ വലിയ കുതിപ്പ് സൃഷ്ടിക്കാന്‍ ഇതിലും മികച്ച സുവര്‍ണ്ണാവസരം ഇന്ത്യക്ക് ലഭിക്കുമായിരുന്നില്ല. ഇനി വലിയ മത്സരങ്ങള്‍ ഇന്ത്യയെ കാത്തിരിക്കവെ ബംഗ്ലാദേശിനെതിരേ വേണ്ടവിധം മുതലാക്കാനാവാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയാവാനാണ് സാധ്യത. ഇന്ത്യയുടെ അടുത്ത മത്സരം 22ന് ന്യൂസീലന്‍ഡിനെതിരേയാണ്.
ഇന്ത്യക്ക് വലിയ വെല്ലുവിളിയായിരിക്കും ഈ മത്സരമെന്നുറപ്പ്. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് തലപ്പത്തേക്കെത്താനാവും. എന്നാല്‍ തോല്‍ക്കേണ്ടി വന്നാല്‍ പണിപാളും. നാല് മത്സരത്തില്‍ ഒരു മത്സരം തോല്‍ക്കേണ്ടി വന്നെങ്കിലും ഇപ്പോഴും 130ന് മുകളില്‍ നെറ്റ് റണ്‍റേറ്റ് ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ഇന്ത്യക്ക് ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് കടമ്പ കൂടി വരാനുണ്ട്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ അല്‍പ്പം കൂടി വേഗത്തില്‍ റണ്‍സ് പിന്തുടരാന്‍ ഇന്ത്യ ശ്രമിക്കേണ്ടതായിരുന്നു.