മുംബൈ: ഏകദിന ലോകകപ്പ് ആവേശം ഫൈനലിലേക്ക് എത്തിയിരിക്കുകയാണ്. ആതിഥേയരായ ഇന്ത്യയും കരുത്തരായ ഓസ്‌ട്രേലിയയും തമ്മിലാവും ഫൈനലില്‍ ഏറ്റുമുട്ടുക. സെമിയില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ 70 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ ഫൈനലിലേക്കെത്തിയത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ ഓസീസ് ചാമ്പ്യന്മാരുടെ നിരയാണ്.
അതുകൊണ്ടുതന്നെ ജയം ഇന്ത്യക്ക് വളരെ പ്രയാസമായിരിക്കും. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ മാറ്റം വേണോയെന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇന്ത്യ ആര്‍ അശ്വിനെ കളിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ സജീവമാണ്. അപ്രതീക്ഷിതമായി ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയ അശ്വിന്‍ ഒരു മത്സരം മാത്രമാണ് കളിച്ചത്. മറ്റ് മത്സരങ്ങളിലെല്ലാം അദ്ദേഹം ബെഞ്ചിലായിരുന്നു. എന്നാല്‍ സെമി ഫൈനലിന് തൊട്ടുമുമ്പ് ഏറെ നേരം അശ്വിന്‍ ബാറ്റിങ് പരിശീലനം നടത്തിയിരുന്നു.
അശ്വിന്റെ അനുഭവസമ്പത്തും ബൗളിങ് മികവും എല്ലാവര്‍ക്കും അറിയാവുന്നതാണ്. സെമിക്ക് മുമ്പ് അശ്വിന്‍ ഏറെ നേരം പരിശീലനം നടത്തിയത് ഫൈനല്‍ മുന്നില്‍ക്കണ്ടാണെന്നാണ് ആരാധക പക്ഷം. ഇന്ത്യ ഫൈനലില്‍ അശ്വിനെ കളിപ്പിക്കേണ്ടതായുണ്ടോ?. കളിപ്പിക്കുന്നതാവും നല്ലതെന്ന് പറയാം. ഇതിന് ചില കാരണങ്ങളുമുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഓസ്‌ട്രേലിയയുടെ സ്പിന്‍ ദൗര്‍ബല്യമാണ്.
ഓസ്‌ട്രേലിയക്ക് കരുത്തുറ്റ ബാറ്റിങ് നിരയുണ്ടെങ്കിലും സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കാലിടറുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരേയും സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുമെല്ലാം ഇത് കണ്ടതാണ്. അഹമ്മദാബാദിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. എങ്കിലും അനുഭവസമ്പന്നരായ സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനാവും. അശ്വിനെപ്പോലൊരു സീനിയര്‍ സ്പിന്നര്‍ക്ക് ഏത് പിച്ചിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചേക്കും.

ഓസ്‌ട്രേലിയന്‍ നിരയില്‍ ഇന്ത്യക്ക് ഏറ്റവും ഭീഷണിയാവുന്ന താരം ഡേവിഡ് വാര്‍ണറാണ്. ഇടം കൈയന്‍ ഓപ്പണര്‍ തല്ലിത്തകര്‍ക്കുമ്പോള്‍ തടുത്തിടാന്‍ കെല്‍പ്പുള്ള ബൗളര്‍ അശ്വിനാണ്. ഇടം കൈയന്‍ താരങ്ങള്‍ക്കെതിരേ മികച്ച റെക്കോഡാണ് അശ്വിനുള്ളത്. വാര്‍ണറെ പല തവണ കുരുക്കാനും അശ്വിന് സാധിച്ചിട്ടുണ്ട്. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ മിടുക്കനായ ബൗളറാണ് അശ്വിന്‍. അതുകൊണ്ടുതന്നെ അശ്വിനെപ്പോലൊരു മൂന്നാം സ്പിന്നറെക്കൂടി ഇന്ത്യ ഒപ്പം കൂട്ടുന്നത് ഗുണം ചെയ്‌തേക്കും.
ഓസ്‌ട്രേലിയക്കെതിരേ ലീഗ് മത്സരത്തില്‍ കളിച്ച അശ്വിന്‍ ഒരു വിക്കറ്റാണ് നേടിയത്. നിലവില്‍ ഇന്ത്യയുടെ പ്രശ്‌നങ്ങളിലൊന്ന് വാലറ്റത്തിന്റെ ബാറ്റിങ്ങാണ്. ആദ്യത്തെ ഏഴ് സ്ഥാനത്തിന് ശേഷം ബാറ്റിങ് നിര തീര്‍ത്തും ദുര്‍ബലം. ഓസ്‌ട്രേലിയ സെമിയിലടക്കം ജയിച്ചത് പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നീ വാലറ്റക്കാരുടെ ബാറ്റിങ് മികവിലാണ്. എന്നാല്‍ ഇന്ത്യക്ക് ഇത്തരമൊരു വാലറ്റത്തിന്റെ മികവ് അവകാശപ്പെടാനാവില്ല. ഇത് ടീമിനെ പിന്നോട്ടടിക്കും.
ഫൈനലില്‍ അശ്വിനുണ്ടായാല്‍ ഇന്ത്യക്ക് ബാറ്റിങ്ങിലും അത് ഗുണം ചെയ്യാനാണ് സാധ്യത. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും വലിയ ഷോട്ടുകള്‍ കളിക്കാനും ശേഷിയുള്ള താരമാണ് അശ്വിന്‍. ഇന്ത്യക്കൊപ്പം വലം കൈയന്‍ സ്പിന്നറായി അശ്വിന്‍ കളിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഫൈനലില്‍ ഇന്ത്യ പ്രയാസപ്പെടാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ അശ്വിനെ കൊണ്ടുവന്ന് നിലവിലെ വിജയ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യ ആഗ്രഹിച്ചേക്കില്ല.
നിലവിലെ പ്ലേയിങ് 11ല്‍ എല്ലാവരും മികച്ച ഫോമിലാണ്. മൂന്ന് പേസര്‍മാരുമായി ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍. അശ്വിനെ കളിപ്പിച്ചാല്‍ മുഹമ്മദ് സിറാജ്, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാളെ ഇന്ത്യ പുറത്തിരുത്തേണ്ടതായി വരും. ഇത് സാഹസമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ കലാശപ്പോരില്‍ മാറ്റത്തിന് തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്തായാലും ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ ഓസ്‌ട്രേലിയയെ കീഴടക്കാന്‍ സാധിക്കില്ലെന്നുറപ്പ്.