ലണ്ടന്‍: ഏകദിന ലോകകപ്പ് ഒക്ടോബര്‍ 5ന് ആരംഭിക്കാന്‍ പോവുകയാണ്. ഇടവേളക്ക് ശേഷം ഇന്ത്യയിലേക്ക് വിരുന്നെത്തുന്ന ലോകകപ്പാണിത്. 2011ലാണ് അവസാനമായി ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയായത്. അന്ന് കിരീടം നേടാന്‍ ഇന്ത്യക്കായിരുന്നു. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു ഇന്ത്യ വിശ്വ ജേതാക്കളായത്. ഇത്തവണ രോഹിത്തിന് കീഴില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ കിരീട പ്രതീക്ഷകളേറെയാണ്. ഇന്ത്യക്ക് കരുത്തുറ്റ താരനിരയുണ്ട്.
പരിക്കേറ്റ് വിശ്രമത്തിലായിരുന്ന സൂപ്പര്‍ താരങ്ങളില്‍ മിക്കവരും ഗംഭീര തിരിച്ചുവരവ് നടത്തിയിട്ടുമുണ്ട്. ഇവരെല്ലാം ഏഷ്യാ കപ്പില്‍ മികച്ച ഫോമില്‍ കളിക്കുന്നുമുണ്ട്. ഇത് ഇന്ത്യയുടെ പ്രതീക്ഷകളുയര്‍ത്തുന്ന കാര്യമാണ്. എന്നാല്‍ ആതിഥേയരാണെങ്കിലും കിരീടം നേടുക ഇന്ത്യക്ക് കടുപ്പമാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈന്‍. 'ആതിഥേയരെന്ന നിലയില്‍ ഇന്ത്യ ഫേവറേറ്റുകളാണ്. എന്നാല്‍ ഏറ്റവും ഫേവറ്റേറ്റ് എന്ന് പറയാനാവില്ല.
കാരണം ഇത്തവണത്തെ എതിരാളികളെല്ലാം അതി ശക്തരായ താരനിരയുള്ളവരാണ്. ഇന്ത്യന്‍ ടീമിലേക്ക് വരുമ്പോള്‍ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരായ രോഹിത് ശര്‍മയും വിരാട് കോലിയും ലോകകപ്പ് ടീമിനൊപ്പമുണ്ട്. ജസ്പ്രീത് ബുംറ തിരിച്ചുവരവില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം സംതുലിതമാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ഇന്ത്യയുടേത്'- സ്‌കൈ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ നാസര്‍ ഹുസൈന്‍ പറഞ്ഞു.
തട്ടകത്തിന്റെ സ്വാഭാവികമായ മുന്‍തൂക്കം ഇന്ത്യക്കുണ്ട്. കൂടാതെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനം കാണുമ്പോള്‍ പ്രതീക്ഷകള്‍ ഉയരുന്നു. എന്നാല്‍ ഒട്ടുമിക്ക വിദേശ താരങ്ങള്‍ക്കും ഇന്ത്യന്‍ സാഹചര്യം നന്നായി അറിയാം. ഐപിഎല്ലിലൂടെ ഇന്ത്യയുടെ ഒട്ടുമിക്ക മൈതാനങ്ങളിലും ഇവരെല്ലാം കളിച്ചിട്ടുമുണ്ട്. അതുകൊണ്ടുതന്നെ തട്ടകത്തിന്റെ മുന്‍തൂക്കം ഇന്ത്യക്ക് അധികം അവകാശപ്പെടാനാവില്ല. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, പാകിസ്താന്‍ എന്നിവരെല്ലാം ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിക്കുന്നവരാണ്.

ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും നടന്നുകൊണ്ടിരിക്കുന്ന പരമ്പരകളില്‍ ബാറ്റിങ് വെടിക്കെട്ടാണ് സൃഷ്ടിക്കുന്നത്. ഇന്ത്യന്‍ പിച്ചുകളില്‍ 300 പ്ലസ് സ്‌കോര്‍ നേടുക പ്രയാസമായിരിക്കില്ല. എന്നാല്‍ സ്പിന്നര്‍മാരുടെ വെല്ലുവിളിയെ മറികടക്കാന്‍ സാധിക്കണം. ഇന്ത്യന്‍ പിച്ചില്‍ പേസിനെക്കാളും മികവ് കാട്ടാന്‍ സാധിക്കുക സ്പിന്നര്‍മാര്‍ക്കാവും. അതുകൊണ്ടുതന്നെ മികച്ച സ്പിന്‍ കരുത്തുള്ള ടീമിന് കൂടുതല്‍ ശോഭിക്കാനാവും.
ഇന്ത്യയുടെ പ്രധാന ദൗര്‍ബല്യം എന്താണെന്നും നാസര്‍ ഹുസൈന്‍ പറഞ്ഞു. 'ഇന്ത്യന്‍ ടീമിലേക്ക് നോക്കുക. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പന്തെറിയുകയുമില്ല ബൗളര്‍മാര്‍ ബാറ്റ് ചെയ്യുകയുമില്ല. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ ടീമുകളെപ്പോലെ ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യക്കില്ല. സമ്മര്‍ദ്ദമുള്ള മത്സരങ്ങളില്‍ ഇന്ത്യ ഭയമില്ലാത്ത ബാറ്റിങ്ങാണ് കാഴ്ചവെക്കേണ്ടത്'- നാസര്‍ ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.
ഓള്‍റൗണ്ടര്‍മാരായി ഇന്ത്യക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദ്ദുല്‍ താക്കൂര്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരാണുള്ളത്. ഇതില്‍ വിശ്വസ്തനായ ഓള്‍റൗണ്ടറായി ഹാര്‍ദിക്കിനെയാണ് പരിഗണിക്കാനാവുക. മറ്റെല്ലാവരുടേയും സമീപകാല ഫോം പ്രതീക്ഷ നല്‍കുന്നതല്ല. രവീന്ദ്ര ജഡേജ പന്തുകൊണ്ട് ഭേദപ്പെട്ട് നില്‍ക്കുമ്പോഴും ബാറ്റുകൊണ്ട് ഫ്‌ളോപ്പാണ്. അക്ഷര്‍ പട്ടേല്‍ ബാറ്റുകൊണ്ട് മികവ് കാട്ടുന്നുണ്ടെങ്കിലും ബൗളിങ് പ്രകടനം നിരാശപ്പെടുത്തുന്നു.
ശാര്‍ദ്ദുല്‍ വിക്കറ്റ് നേടുന്നുണ്ടെങ്കിലും ഇക്കോണമി മോശം. ബാറ്റിങ്ങില്‍ ശാര്‍ദ്ദുലിന് സ്ഥിരതയില്ല. ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ ആരും പന്തെറിയില്ലെന്നതാണ് ടീമിനെ പ്രയാസപ്പെടുത്തുന്നത്. ഇത് ടീമിന്റെ ബൗളിങ് കരുത്ത് കുറക്കുന്നു. നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, യുവരാജ് സിങ് എന്നീ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെല്ലാം പന്തുകൊണ്ടും നിര്‍ണ്ണായക സംഭാവന നല്‍കിയിരുന്നു. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ ടീമില്‍ അത്തരം ഓള്‍റൗണ്ടര്‍മാരില്ലെന്നതാണ് വസ്തുത.