മുംബൈ: ഏകദിന ലോകകപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. ആതിഥേയരായ ഇന്ത്യ ആദ്യത്തെ അഞ്ച് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയില്‍ തലപ്പത്താണുള്ളത്. രോഹിത് ശര്‍മക്ക് കീഴില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കുന്ന രോഹിത് പവര്‍പ്ലേയില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനവും കാഴ്ചവെക്കുന്നു. അനായാസം സിക്‌സര്‍ പറത്താനുള്ള കഴിവുകൊണ്ടാണ് രോഹിത്തിനെ ഹിറ്റ്മാനെന്ന് ആരാധകര്‍ വിളിക്കുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ സിക്‌സ്, ഏകദിനത്തില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന മൂന്നാമത്തെ താരം തുടങ്ങി പല സിക്‌സര്‍ റെക്കോഡുകളും രോഹിത്തിന്റെ പേരിലാണ്. ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡിലും രോഹിത്താണ് തലപ്പത്ത്. ഹിറ്റ്മാനെന്ന് ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന രോഹിത് കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നത്. രോഹിത് കളമൊഴിയുമ്പോള്‍ അടുത്ത ഹിറ്റ്മാനായി എത്തുക ആരാവും?
അത് ഗ്ലെന്‍ മാക്‌സ്‌വെല്ലോ കാമറൂണ്‍ ഗ്രീനോ മിച്ചല്‍ മാര്‍ഷോ ഒന്നുമല്ല. അത് ദക്ഷിണാഫ്രിക്കയുടെ ഹെന്റിച്ച് ക്ലാസനാണ്. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. വലിയ ടൂര്‍ണമെന്റുകളില്‍ തിളങ്ങാനുള്ള മികവാണ് ഒന്നാമതായി പറയേണ്ടത്. ഏറെ നാള്‍ ക്വിന്റന്‍ ഡീകോക്കിന് താഴെ ഒതുക്കപ്പെട്ട താരമാണ് ക്ലാസന്‍. ദക്ഷിണാഫ്രിക്കയുടെ പ്ലേയിങ് 11ല്‍ സ്ഥിര സാന്നിധ്യമാകാന്‍ സാധിക്കാതിരുന്ന ക്ലാസന്‍ ഇപ്പോള്‍ ടീമിന്റെ നട്ടെല്ലാണ്.
ഇത്തവണത്തെ ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ കുതിപ്പിന് വലിയ ഊര്‍ജം നല്‍കുന്നത് ക്ലാസനാണ്. വിക്കറ്റ് നഷ്ടമാകുമോയെന്ന ഭയമില്ലാതെ ടീമിനായി കടന്നാക്രമിച്ച് കളിക്കുന്ന താരമാണ് ക്ലാസന്‍. രോഹിത് ടോപ് ഓഡറിലാണ് തിളങ്ങുന്നതെങ്കില്‍ മധ്യനിരയാണ് ക്ലാസന്റെ തട്ടകം. ഡെത്തോവറില്‍ കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള താരമാണ് ക്ലാസന്‍. ഫോമിലേക്കെത്തിയാല്‍ വിക്കറ്റ് നേടാന്‍ പ്രയാസമുള്ളവനാണെന്നതാണ് ക്ലാസന്റെ മറ്റൊരു സവിശേഷത.

നിലയുറപ്പിച്ചാല്‍ രോഹിത് ശര്‍മയെപ്പോലെ വലിയ സ്‌കോറിലേക്കുയരാന്‍ കഴിവുള്ള താരമാണ് ക്ലാസന്‍. മറ്റൊരു കാര്യം സ്ഥിരതയാണ്. രോഹിത് ശര്‍മയെപ്പോലെ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കുന്ന പല താരങ്ങളേയും കാണാനാവും. എന്നാല്‍ സ്ഥിരതയോടെ ഈ റോളില്‍ തിളങ്ങുന്നത് വളരെ അപൂര്‍വ്വം താരങ്ങള്‍ക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. സ്ഥിരതയോടെ കളിക്കുന്ന ക്ലാസന്‍ രോഹിത് ശര്‍മയെപ്പോലെ മുന്നില്‍ നിന്ന് മത്സരത്തെ കൊണ്ടുപോകാന്‍ കഴിവുള്ളവനാണ്. പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ രോഹിത്തിനെപ്പോലെ ക്ലാസനും സാധിക്കുന്നു.
മൂന്നാമത്തെ കാര്യം മാച്ച് വിന്നറാണെന്നതാണ്. രോഹിത് ശര്‍മയുടെ സവിശേഷത അസാധ്യമായ കാര്യങ്ങള്‍ പോലും സാധ്യമാക്കുന്ന തരത്തില്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിവുണ്ടെന്നതാണ്. ഏകദിനത്തിലെ മൂന്ന് ഇരട്ട സെഞ്ച്വറി പ്രകടനങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഇതേ മനോഭാവത്തോടെയാണ് ക്ലാസന്‍ കളിക്കുന്നതും. കുറഞ്ഞ പന്തുകളില്‍ നിന്ന് വലിയ സ്‌കോര്‍ നേടുന്ന ക്ലാസന്‍ രോഹിത്തിനെപ്പോലെ തന്നെ മാച്ച് വിന്നറാണ്.
മിക്ക വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരുടേയും പ്രധാന പ്രശ്‌നം സ്പിന്നിനെ നേരിടാന്‍ വലിയ മികവില്ലെന്നതാണ്. എന്നാല്‍ രോഹിത് ശര്‍മ പേസിനേയും സ്പിന്നിനേയും ഒരുപോലെ നേരിടുന്ന താരമാണ്. ഇതേ മികവ് ക്ലാസനുമുണ്ട്. 140ന് മുകളിലാണ് സ്പിന്നര്‍മാര്‍ക്കെതിരേ ക്ലാസന്റെ സ്‌ട്രൈക്ക് റേറ്റ്. അധികമാര്‍ക്കും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. രോഹിത്തിനെപ്പോലെ തന്നെ പുള്‍ഷോട്ടുകള്‍ നന്നായി കളിക്കാന്‍ ക്ലാസനും കഴിവുണ്ട്.
രോഹിത് ശര്‍മ അധികം കൈക്കരുത്ത് ഉപയോഗിച്ച് കളിക്കുന്ന താരമല്ല. ടൈമിങ്ങാണ് രോഹിത്തിന്റെ ആയുധം. എന്നാല്‍ ക്ലാസന്‍ തന്റെ മികച്ച ശാരീരിക ക്ഷമതയെ നന്നായി ഉപയോഗിക്കുന്നു. ഇതോടൊപ്പം മികച്ച ടൈമിങ്ങുമുണ്ട്. സാഹസിക ഷോട്ടുകള്‍ അധികം കളിക്കാത്ത ക്ലാസന്‍ സ്വാഭാവിക ഷോട്ടുകളിലൂടെത്തന്നെ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും പന്തെത്തിക്കുന്നു. എബി ഡിവില്ലിയേഴ്‌സിന്റെ വിടവ് നികത്താന്‍ ശേഷിയുള്ള താരമാണ് ക്ലാസനെന്ന് തന്നെ വിലയിരുത്താം.