അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ ബാറ്റുചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മോശമല്ലാത്ത തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ 30 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷം ശുബ്മാന്‍ ഗില്‍ പുറത്തായി. ഏഴ് പന്ത് നേരിട്ട് നാല് റണ്‍സെടുത്ത ഗില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ പുള്‍ ഷോട്ടിന് ശ്രമിച്ചാണ് പുറത്തായത്. ഗില്‍ നിരാശപ്പെടുത്തിയപ്പോഴും ഒരുവശത്ത് വെടിക്കെട്ട് ബാറ്റിങ്ങാണ് രോഹിത് ശര്‍മ കാഴ്ചവെച്ചത്.
മിച്ചല്‍ സ്റ്റാര്‍ക്കിനേയും ജോഷ് ഹെയ്‌സല്‍വുഡിനേയും കടന്നാക്രമിച്ച രോഹിത് ശര്‍മ 10ാം ഓവറിന്റെ നാലാം പന്തിലാണ് പുറത്തായത്. പവര്‍പ്ലേയുടെ അവസാന ഓവറില്‍ ഗ്ലെന്‍ മാക്‌സിനെ കളത്തിലിറക്കിയ ഓസീസ് തന്ത്രത്തിന് മുന്നില്‍ രോഹിത് വീണു. മാക്‌സ് വെല്ലിനെ സിക്‌സും ഫോറും പറത്തിയ ശേഷം ക്രീസില്‍ നിന്ന് കയറിക്കളിച്ച രോഹിത്തിന്റെ ടൈമിങ് പിഴച്ചു. ഇതോടെ ട്രവിസ് ഹെഡിന് ക്യാച്ച് നല്‍കി രോഹിത്തിന് മടങ്ങേണ്ടി വന്നു.
31 പന്തില്‍ 47 റണ്‍സാണ് രോഹിത് നേടിയത്. നാല് ഫോറും 3 സിക്‌സും പറത്തിയ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 151.61 ആണ്. പതിവുപോലെ വെടിക്കെട്ട് നടത്തിയാണ് രോഹിത് മടങ്ങിയതെങ്കിലും ഇപ്പോള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍. ആദ്യ വിക്കറ്റ് നഷ്ടമായിട്ടും വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പവര്‍പ്ലേയില്‍ മോശമല്ലാത്ത റണ്‍സ് ഇന്ത്യക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മാക്‌സ് വെല്ലിനെതിരേ തുടര്‍ച്ചയായി ആക്രമണം വേണ്ടിയിരുന്നില്ല.
ഒരു വിക്കറ്റ് നഷ്ടമായ സാഹചര്യത്തില്‍ കോലിക്കൊപ്പം 20 ഓവറെങ്കിലും പിടിച്ചുനിന്ന് രോഹിത് അടിത്തറ ഒരുക്കണമായിരുന്നു. നായകനെന്ന നിലയില്‍ രോഹിത് ഉത്തരവാദിത്തം കാട്ടിയില്ല. രോഹിത് പെട്ടെന്ന് പുറത്തായതോടെ പിന്നാലെയെത്തിയ ശ്രേയസ് അയ്യരും സമ്മര്‍ദ്ദത്തിലായി. ഇതോടെ മൂന്ന് പന്ത് നാല് റണ്‍സുമായി ശ്രേയസും മടങ്ങി. ആക്രമണ ബാറ്റിങ് രോഹിത്തിന്റെ ശൈലിയാണെങ്കിലും ഫൈനലില്‍ ടീമിന്റെ അവസ്ഥക്ക് കൂടി പ്രാഥാന്യം നല്‍കണമായിരുന്നു.

വിക്കറ്റ് വലിച്ചെറിഞ്ഞ് ടീമിനെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുകയാണ് രോഹിത് ചെയ്തത്. ഇത്തരമൊരു മണ്ടത്തരം രോഹിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും ഇന്ത്യയുടെ പദ്ധതികളെല്ലാം തകര്‍ക്കുന്ന ബാറ്റിങ്ങാണ് രോഹിത് നടത്തിയതെന്നുമാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ് രോഹിത്തിന്റെ വിക്കറ്റ്. ഇന്ത്യയുടെ റണ്ണൊഴുക്കിനെ അത് കാര്യമായി ബാധിക്കുകയും ചെയ്തു.
തുടക്കം മുതല്‍ മികച്ച ഫീല്‍ഡിങ് വിന്യാസവും മികച്ച ബൗളിങ്ങും കാഴ്ചവെച്ച ഓസ്‌ട്രേലിയ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. 300ലധികം റണ്‍സ് നേടാനാവാത്ത പക്ഷം ഓസ്‌ട്രേലിയയെ ഫൈനലില്‍ തോല്‍പ്പിക്കാന്‍ ഇന്ത്യക്കാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും മോശം ഷോട്ട് കളിച്ച് പുറത്തായതിന്റെ പേരില്‍ രോഹിത്തിനെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്.
പുറത്താവുന്നതിന് മുമ്പ് രണ്ട് മികച്ച റെക്കോഡുകള്‍ രോഹിത് സ്വന്തമാക്കി. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന നായകനെന്ന റെക്കോഡില്‍ ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ രോഹിത് മറികടന്നു. കൂടാതെ ഒരു ടീമിനെതിരേ കൂടുതല്‍ സിക്‌സറെന്ന റെക്കോഡില്‍ ക്രിസ് ഗെയ്‌ലിനെ മറികടന്ന് തലപ്പത്തേക്കെത്തുകയും ചെയ്തു.
ആറാമതും ഓസ്‌ട്രേലിയ
ഇന്ത്യയെ തകര്‍ത്ത് ഓസ്‌ട്രേലിയ തങ്ങളുടെ ആറാമത്തെ ലോക കിരീടം സ്വന്തമക്കിയിരിക്കുകയാണ്. ആറു വിക്കറ്റിന്റെ വിജയമാണ് കലാശക്കളിയില്‍ ഓസീസ് സ്വന്തമാക്കിയത്. ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യയെ 240 റണ്‍സിനു ഓസീസ് എറിഞ്ഞിടുകയായിരുന്നു.
കെഎല്‍ രാഹുല്‍ (66), വിരാട് കോലി (54), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (47) എന്നിവരൊഴികെ മറ്റാരും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പിടിച്ചുനിന്നില്ല. മറുപടിയില്‍ ട്രാവിസ് ഹെഡ് (137), മാര്‍നസ് ലബ്യുഷെയ്ന്‍ (58) എന്നിവരുടെ ഇന്നിങ്‌സുകള്‍ ഓസീസിനെ ഏഴോവറുകളും ആറു വിക്കറ്റുകളും ബാക്കിനില്‍ക്കെ വിജയത്തിലെത്തിക്കുകയായിരുന്നു.