മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ വലിയ പ്രതീക്ഷയായി റിഷഭ് പന്ത് വളരുമ്പോഴാണ് വാഹനാപകടത്തില്‍ അദ്ദേഹത്തിന് പരിക്കേല്‍ക്കുന്നത്. ഏറെ നാളുകളായി പുറത്തുള്ള റിഷഭിന്റെ മടങ്ങിവരവിനായി എല്ലാവരും കാത്തിരിക്കുകയാണ്. പതിയെ ഫിറ്റ്‌നസ് വീണ്ടെടുക്കുന്ന റിഷഭ് കഴിഞ്ഞ ദിവസം ഊന്നുവടിയുടെ സഹായമില്ലാതെ പടികള്‍ കയറുന്നതിന്റെ വീഡിയോയടക്കം പുറത്തുവന്നിരുന്നു. റിഷഭിന്റെ അഭാവം ഇന്ത്യയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
മൂന്ന് ഫോര്‍മാറ്റിലും വ്യത്യസ്ത വിക്കറ്റ് കീപ്പര്‍മാരെ പരിഗണിച്ചാണ് ഇന്ത്യ മുന്നോട്ടുപോകുന്നത്. ടെസ്റ്റിലാണ് റിഷഭിന്റെ അഭാവം കൂടുതല്‍ അറിയുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ റിഷഭിന്റെ തിരിച്ചുവരവ് വേഗത്തിലാവാന്‍ ആരാധകര്‍ പ്രാര്‍ത്ഥിക്കുകയാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം വരാനിരിക്കുന്ന ഏകദിന ലോകകപ്പിലൂടെയാവും റിഷഭ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുക. അതിനുള്ള സാധ്യതയും ഉറപ്പിക്കാനാവില്ല.
ഇന്ത്യ റിഷഭിന്റെ തിരിച്ചുവരവിനായി തിടുക്കം കാട്ടില്ലെന്നുറപ്പാണ്. ലോകകപ്പിന് മുമ്പ് റിഷഭിന് ഫിറ്റ്‌നസിലേക്കെത്താന്‍ സാധിക്കാതെ വന്നാല്‍ അദ്ദേഹത്തെ ഇന്ത്യ ലോകകപ്പില്‍ നിന്ന് തഴയാനുള്ള സാധ്യതയാണ് കൂടുതല്‍. അതിന് ചില കാരണങ്ങളുമുണ്ട്. എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്റില്‍ ഫിറ്റ്‌നസില്ലാത്ത താരങ്ങളെ കളിപ്പിക്കുന്നത് തിരിച്ചടിയാവുമെന്നതാണ്.
ലോകകപ്പിന് മുമ്പ് പരിക്ക് ഭേദമായി ഫിറ്റ്‌നസ് വീണ്ടെടുക്കുകയും ഫോമിലേക്കെത്തുകയും ചെയ്യാന്‍ റിഷഭിന് സാധിക്കേണ്ടതായുണ്ട്. വലിയൊരു പരിക്കിന് ശേഷം നേരിട്ട് ലോകകപ്പ് കളിപ്പിച്ചാല്‍ ഏതൊരു സൂപ്പര്‍ താരവും പതറിയേക്കും. ഇത്തവണ ലോകകപ്പ് ഇന്ത്യയിലാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കിരീട നേട്ടവും വളരെ പ്രധാനപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ റിഷഭിന്റെ കാര്യത്തില്‍ സാഹസത്തിന് മുതിര്‍ന്നേക്കില്ല.
ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ ആവശ്യത്തിന് സമയം താരത്തിന് നല്‍കാനാണ് സാധ്യത. 2021ലെ ടി20 ലോകകപ്പില്‍ പരിക്ക് വകവെക്കാതെ ഹര്‍ദിക് പാണ്ഡ്യയെ കളിപ്പിച്ചത് ഇന്ത്യക്ക് തിരിച്ചടിയായി മാറിയത് എല്ലാവരും കണ്ടതാണ്. അതുകൊണ്ട് തന്നെ റിഷഭിന്റെ കാര്യത്തില്‍ തിടുക്കം വേണ്ടെന്ന നിലപാടിലാണ് ബിസിസി ഐയെന്നാണ് റിപ്പോര്‍ട്ട്. ഒരു തരത്തില്‍ ഇന്ത്യക്കും അതാണ് നല്ലത്.
മറ്റൊരു കാര്യം ഏകദിനത്തില്‍ റിഷഭിന്റെ അഭാവം നികത്താന്‍ ശേഷിയുള്ള മറ്റ് വിക്കറ്റ് കീപ്പര്‍മാരുണ്ടെന്നതാണ്. ഏകദിനത്തില്‍ റിഷഭിനെ ഇന്ത്യയുടെ അഭിവാജ്യ ഘടകമെന്ന് വിളിക്കാനാവില്ല. കെ എല്‍ രാഹുല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ഏഷ്യാ കപ്പ് കളിക്കും. വിക്കറ്റ് കീപ്പറെന്ന നിലയിലും രാഹുല്‍ മികവ് കാട്ടുന്നു. അതുകൊണ്ടുതന്നെ മധ്യനിരയില്‍ രാഹുലിനെ കളിപ്പിക്കാന്‍ ഇന്ത്യക്ക് സാധിക്കും. രാഹുലിന്റെ സമീപകാലത്തെ മോശം പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്.

എന്നാല്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ് രാഹുല്‍. അതുകൊണ്ടുതന്നെ റിഷഭിന്റെ അഭാവം നികത്താന്‍ അദ്ദേഹത്തിനാവും. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവരിലൊരാളെയും ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. സഞ്ജുവിനെ മധ്യനിരയില്‍ റിഷഭിന്റെ ബാറ്റിങ് പൊസിഷനില്‍ കളിപ്പിക്കാം. പക്ഷെ ഇഷാന്‍ കിഷനെ ഓപ്പണറായെ പരിഗണിക്കാനാവൂ. രാഹുലും സഞ്ജുവും ഉള്ളതിനാല്‍ റിഷഭ് ലോകകപ്പ് കളിച്ചില്ലെങ്കിലും ഇന്ത്യയെ ബാധിച്ചേക്കില്ല.
മൂന്നാമത്തെ പ്രധാന കാര്യം റിഷഭിന്റെ ഭാവിക്കും നല്ലത് അതാണ്. ഭാവിയില്‍ ഇന്ത്യയുടെ നായകനായിവരെ വളരാന്‍ കരുത്തുള്ള താരമാണ് റിഷഭ് പന്ത്. മൂന്ന് ഫോര്‍മാറ്റിലും നിര്‍ണ്ണായകമായ താരം ലോകകപ്പിനായി തിടുക്കപ്പെട്ടെത്തുകയും പരിക്ക് കൂടുതല്‍ ഗുരുതരമാവുകയും ചെയ്താല്‍ വലിയ തിരിച്ചടിയായി അത് മാറിയേക്കും. താരത്തിന്റെ കരിയറിനെത്തന്നെയത് പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയുമുണ്ട്.
വലിയ ഭാവി മുന്നിലുള്ളതിനാല്‍ റിഷഭിനോട് തിടുക്കം കാട്ടേണ്ടെന്ന നിലപാടാവും ബിസിസി ഐ സ്വീകരിക്കുക. അങ്ങനെ വന്നാല്‍ റിഷഭ് ലോകകപ്പ് കളിക്കാനുള്ള സാധ്യത കുറയും. ഇതോടെ സഞ്ജു സാംസണിനും കെ എല്‍ രാഹുലിനും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് വിളിയെത്താനുള്ള സാധ്യതയും ഉയരും.