World Cup 2023: കോലി സച്ചിനല്ല, ഇന്ത്യക്കായാണ് കപ്പ് നേടേണ്ടത്! വിമര്‍ശിച്ച് ഹര്‍ഭജന്‍ സിങ്
മുംബൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് ഓസ്‌ട്രേലിയക്കെതിരേ നടക്കാന്‍ പോവുകയാണ്. ചെന്നൈയിലാണ് മത്സരം. തകര്‍പ്പന്‍ ജയത്തോടെ ലോകകപ്പിലേക്ക് വരവറിയിക്കാനാണ് ആതിഥേയരായ ഇന്ത്യ ലക്ഷ്യമിടുന്നത്. അവസാന രണ്ട് ഏകദിന ലോകകപ്പും നേടിയത് ആതിഥേയരാണ്. അതുകൊണ്ടുതന്നെ ഇത്തവണ ഇന്ത്യ വലിയ പ്രതീക്ഷയിലാണ്. ഇത്തവണ ഇന്ത്യ കപ്പ് നേടേണ്ടത് കോലിക്ക് വേണ്ടിയാണെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു.
സച്ചിന്‍ ടെണ്ടുല്‍ക്കറിന് ശേഷം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാണ് കോലി. അതുകൊണ്ടുതന്നെ കോലിക്ക് വേണ്ടി ഇന്ത്യ കപ്പ് നേടണമെന്നാണ് മുന്‍ താരങ്ങളില്‍ പലരും അഭിപ്രായപ്പെട്ടത്. ഇപ്പോഴിതാ കോലിക്ക് വേണ്ടിയല്ല ഇന്ത്യക്കുവേണ്ടിയാണ് കപ്പ് നേടേണ്ടതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. സച്ചിനുമായി കോലിയെ താരതമ്യപ്പെടുത്തേണ്ടതില്ലെന്ന നിലപാടാണ് ഹര്‍ഭജന്‍ പങ്കുവെച്ചത്.
'2011ലെ ഏകദിന ലോകകപ്പ് ടീമും ഇത്തവണത്തെ ഏകദിന ലോകകപ്പ് ടീമും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. 2011ലെ ടീം വളരെ വ്യത്യസ്തമായതാണ്. അന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കായി കപ്പ് നേടണമെന്നാണ് എല്ലാവരും ആഗ്രഹിച്ചത്. സച്ചിന്‍ എല്ലാവരില്‍ നിന്നും ഈ ബഹുമാനം അര്‍ഹിച്ചിരുന്നു. എന്നാല്‍ ഇന്നത്തെ ടീമില്‍ അങ്ങനെ ഒരാളുണ്ടെന്ന് കരുതുന്നില്ല. എല്ലാവരും വിരാട് കോലിക്കായി കപ്പ് നേടണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല.
എന്നാല്‍ തീര്‍ച്ചയായും ഇന്ത്യക്കായി ഇത്തവണ കപ്പ് നേടണം. അതാണ് അന്നത്തെ ടീമും ഇന്നത്തെ ടീമും തമ്മിലുള്ള വ്യത്യാസം'- ഹര്‍ഭജന്‍ പറഞ്ഞു. സച്ചിന്‍ ലോക ക്രിക്കറ്റിന്റെ ഇതിഹാസമാണ്. തന്റെ അവസാന ലോകകപ്പാണ് 2011ലേതെന്ന് സച്ചിന്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന് അതുല്യ സംഭാവനകള്‍ ചെയ്ത താരമെന്ന നിലയില്‍ സച്ചിന് കപ്പിലൂടെ യാത്രയയപ്പ് നല്‍കണമെന്നത് ഇന്ത്യയുടെ വികാരമായിരുന്നു. എന്നാല്‍ ഇത്തവണ അത്തരമൊരു വികാരമുണ്ടെന്ന് പറയാനാവില്ല.

കോലി ഇതിഹാസ ബാറ്റ്‌സ്മാനാണെന്നതില്‍ സംശയമില്ല. എന്നാല്‍ സച്ചിനെപ്പോലെ എല്ലാവരുടേയും ബഹുമാനം നേടിയെടുത്ത താരമാണ് കോലിയെന്ന് പറയാനാവില്ല. കളത്തിനകത്തും പുറത്തും മാന്യതയുടെ മുഖമായിരുന്നു സച്ചിന്‍. എന്നാല്‍ പല്ലിന് പല്ല് നിലപാടെടുക്കുന്ന കോലിക്ക് ഇതേ സ്വീകാര്യത എവിടെയും ലഭിക്കുന്നില്ല. ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യ കോലിക്കായി കപ്പ് നേടണമെന്ന് പറയാനാവില്ല. കോലിയുടെ അവസാന ലോകകപ്പാണ് ഇത്തവണത്തേതെന്ന് പറയാനാവില്ല.
മികച്ച ഫിറ്റ്‌നസുള്ള കോലി അടുത്ത ഏകദിന ലോകകപ്പ് കളിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇത്തവണ ഇന്ത്യന്‍ ടീമിനൊപ്പം നിരവധി സൂപ്പര്‍ താരങ്ങളുണ്ടെങ്കിലും സച്ചിനെപ്പോലെ ബഹുമാനം അര്‍ഹിക്കുന്നതും സ്വീകാര്യത ലഭിക്കുന്നതുമായ താരമില്ല. സച്ചിനെ ക്രിക്കറ്റിന്റെ ദൈവമെന്ന് വിദേശ താരങ്ങള്‍ പോലും വിളിച്ചിരുന്നു. എന്നാല്‍ കോലിക്ക് ഇത്തരമൊരു വിശേഷണം നല്‍കാനാവില്ല. ഇന്ത്യന്‍ ടീമിനായി കപ്പ് നേടുകയെന്ന വികാരമാണ് വേണ്ടതെന്നാണ് ഹര്‍ഭജന്‍ പറയുന്നത്.
'സച്ചിന്‍ ടെണ്ടുല്‍ക്കറിനോടുള്ള ബഹുമാനവും ആദരവും എപ്പോഴും ഡ്രസിങ് റൂമിലുണ്ടായിരുന്നു. എന്നാല്‍ ഇന്നത്തെ ടീമില്‍ അത്തരമൊരു ബഹുമാനം ഒരു താരത്തിനും ലഭിക്കുന്നില്ല. സച്ചിന് ശേഷം എംഎസ് ധോണിക്ക് ഈ ബഹുമാനം ലഭിച്ചിരുന്നു. എന്നാല്‍ മറ്റാര്‍ക്കും ഈ ബഹുമാനം ലഭിച്ചതായി കരുതുന്നില്ല. ഒരു താരത്തിനായല്ല രാജ്യത്തിനായി കപ്പ് നേടുകയെന്ന വികാരമാണ് ഇത്തവണ വേണ്ടത്. ഞാന്‍ രാജ്യത്തിനായാണ് കളിക്കുന്നതെന്ന ചിന്തയും ആവേശവും എല്ലാ താരങ്ങള്‍ക്കും വേണം.
സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി തുടങ്ങി ഏത് ക്യാപ്റ്റനായാലും രാജ്യത്തിനാണ് മുന്‍ഗണന. ഇന്ത്യ ജയിച്ചോ ഇല്ലെയോ എന്നതാണ് ചര്‍ച്ചയാവേണ്ടത്. അല്ലാതെ ഏതെങ്കിലും താരത്തിന്റെയോ നായകന്റെയോ ജയ പരാജയമല്ല പ്രശ്‌നം'-ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications