സിഡ്‌നി: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട മുന്നൊരുക്കത്തിലേക്ക് കടന്നിരിക്കുകയാണ് ടീമുകള്‍. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ ഐപിഎല്ലിലൂടെ ഇന്ത്യയിലെ മൈതാനങ്ങള്‍ വിദേശ താരങ്ങള്‍ക്ക് സുപരിചിതമാണ്. അതുകൊണ്ടുതന്നെ ഇന്ത്യക്ക് തട്ടകത്തിന്റെ വലിയ ആധിപത്യം അവകാശപ്പെടാനാവില്ല. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്താന്‍, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെല്ലാം ശക്തമായ ടീം കരുത്തുണ്ട്.
അതുകൊണ്ടുതന്നെ ഇന്ത്യക്ക് കിരീട നേട്ടം എളുപ്പമാവില്ല. ഇതിനോടകം പല പ്രമുഖരും തങ്ങളുടെ ലോകകപ്പ് പ്രവചനങ്ങള്‍ നടത്തിക്കഴിഞ്ഞു. ഇപ്പോഴിതാ മുന്‍ ഓസീസ് പേസറും ഇതിഹാസവുമായ ഗ്ലെന്‍ മഗ്രാത്ത് ലോകകപ്പിലെ ടോപ് ഫോര്‍ ടീമുകള്‍ ആരൊക്കെയാവുമെന്ന് പ്രവചിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ഇന്ത്യ, പാകിസ്താന്‍ എന്നീ നാല് ടീമുകളാവും സെമി ഫൈനല്‍ കളിക്കുകയെന്നാണ് മഗ്രാത്ത് പ്രവചിച്ചിരിക്കുന്നത്.
'ഓസ്‌ട്രേലിയയെ ടോപ് ഫോറില്‍ ഞാന്‍ ഉള്‍പ്പെടുത്തുന്നതില്‍ നിങ്ങള്‍ക്ക് അത്ഭുതമുണ്ടാവുമെന്ന് തോന്നുന്നില്ല. ഇന്ത്യ അവരുടെ തട്ടകത്തിന്റെ സാഹചര്യത്തിലാണ് കളിക്കുന്നത്. ഇംഗ്ലണ്ട് മികച്ച ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നത്. പാകിസ്താനും സമീപകാലത്തായി നന്നായി കളിക്കുന്നു. അതുകൊണ്ടുതന്നെ ഇവരാണ് ബെസ്റ്റ് ഫോര്‍'- മഗ്രാത്ത് പറഞ്ഞു. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും പരിക്കാണ് വെല്ലുവിളി.
കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നീ നാല് താരങ്ങളാണ് ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വെല്ലുവിളി നേരിടുന്നത്. ഇവരില്‍ റിഷഭ് ഒഴികെ മറ്റെല്ലാവരും ലോകകപ്പിന് മുമ്പ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മടങ്ങിയെത്തിയാലും ഇവരുടെ ഫിറ്റ്‌നസ് വലിയ ചോദ്യമുയര്‍ത്തുന്നു. കളിച്ചാലും എത്രത്തോളം മികവ് കാട്ടാനാവുമെന്നതാണ് പ്രധാന ചോദ്യം. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.

രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഉള്‍പ്പെടുന്ന കരുത്തുറ്റ ബാറ്റിങ് നിര ഇന്ത്യക്കുണ്ട്. എന്നാല്‍ തട്ടകത്തിന്റെ സമ്മര്‍ദ്ദം ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഓസ്‌ട്രേലിയ കിരീടം നേടാന്‍ സാധ്യതയുള്ളവരിലെ മുന്‍ നിരക്കാരാണ്. ഏത് പിച്ചിലും തിളങ്ങാന്‍ ശേഷിയുള്ള കരുത്തുറ്റ താരനിരയാണ് അവര്‍ക്കൊപ്പമുള്ളത്. 1999, 2003, 2007 എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് ഏകദിന ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച ചരിത്രമുള്ള ടീമാണ് ഓസ്‌ട്രേലിയ.
ബാറ്റിങ്ങിലും ബൗളിങ്ങിലും സംതുലിതമായ ഓസീസ് നിരക്കൊപ്പം മികച്ച ഓള്‍റൗണ്ടര്‍മാരുമുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ സ്പിന്നര്‍മാര്‍ക്ക് മുഖ്യ പങ്കാണുള്ളത്. ഓസീസിനെ സംബന്ധിച്ച് അല്‍പ്പം ദൗര്‍ബല്യമുള്ളത് സ്പിന്‍ നിരയിലാണ്. ആദം സാംബക്കൊപ്പം ആരെന്നതിനുള്ള ഉത്തരം ഓസീസ് കണ്ടെത്തേണ്ടതായുണ്ട്. ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ് കംഗാരുക്കളെന്ന് നിസംശയം പറയാം.
ഇംഗ്ലണ്ടും സംതുലിതമായ താരനിരയാണ്. നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിന് ഇത്തവണയും ശക്തമായ ടീം കരുത്തുണ്ട്. പരിക്ക് ഭേദമായി സ്റ്റാര്‍ പേസര്‍ ജോഫ്രാ ആര്‍ച്ചറും ലോകകപ്പ് കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയാണെങ്കില്‍ ഇംഗ്ലണ്ട് കൂടുതല്‍ ശക്തമായ താരനിരയായി മാറും. ആദില്‍ റഷീദ് ഉള്‍പ്പെടുന്ന മികച്ച സ്പിന്‍ കരുത്തും ഇംഗ്ലണ്ടിനുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ വലിയ അനുഭവസമ്പത്തുള്ള നിരവധി താരങ്ങള്‍ ഇംഗ്ലണ്ടിനൊപ്പമുണ്ട്. ഇതും ഇംഗ്ലണ്ട് നിരക്ക് കരുത്തായേക്കും.
പാകിസ്താന്റെ ബൗളിങ് കരുത്തിനെയാണ് എല്ലാവരും ഭയക്കുന്നത്. പേസ് നിരയിലും സ്പിന്‍ നിരയിലും ശക്തമായ കരുത്ത് പാകിസ്താന് അവകാശപ്പെടാം. ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നീ രണ്ട് ബാറ്റ്‌സ്മാന്‍മാരിലാണ് പാകിസ്താന്റെ പ്രധാന പ്രതീക്ഷ. പാകിസ്താന്റെ അതിവേഗ പേസര്‍മാര്‍ എല്ലാ ടീമുകളെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളതാണ്. ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റഊഫ് എന്നിവരാണ് പാക് ടീമിന്റെ വജ്രായുധം. ഇത്തവണ തീ പാറും പോരാട്ടങ്ങള്‍ത്തന്നെ ലോകകപ്പില്‍ പ്രതീക്ഷിക്കാം.