ലോകകപ്പില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുളള സെമി ഫൈനല്‍ പോരാട്ടത്തിനു മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം തയ്യാറായിക്കഴിഞ്ഞു. 2011ല്‍ ഇതേ വേദിയില്‍ വച്ചായിരുന്നു ശ്രീലങ്കയെ തകര്‍ത്ത് എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ലോക കിരീടത്തില്‍ മുത്തമിട്ടത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യ ഇവിടെ ഇറങ്ങുകയാണ്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിന്റെ റീപ്ലേ കൂടിയാണിത്. അന്നു കിവികളോടു 18 റണ്‍സിനു തോറ്റ് ഇന്ത്യ പുറത്താവുകയായിരുന്നു.
അന്നത്തെ തോല്‍വിക്കു പകരം ചോദിക്കാനുള്ള സുവര്‍ണാവസരമാണ് രോഹിത് ശര്‍മയ്ക്കും സംഘത്തിനും ഇത്തവണ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സെമി മഴയെ തുടര്‍ന്നു രണ്ടു ദിവസങ്ങളിലായാണ് നടന്നത്. ന്യൂസിലാന്‍ഡിന്റെ ഇന്നിങ്‌സിന ശേഷം മഴയെത്തുകയും തുടര്‍ന്നു മല്‍സരം റിസര്‍വ് ദിനത്തിലേക്കു നീളുകയുമായിരുന്നു. റണ്‍ ചേസില്‍ ഇന്ത്യ ദയനീയമായി പരാജയപ്പെടുകയും ചെയ്തു.

തുടര്‍ന്നുള്ള ന്യൂസിലാന്‍ഡ്- ഇംഗ്ലണ്ട് ഫൈനല്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈയില്‍ കലാശിക്കുകയായിരുന്നു. മല്‍സരത്തില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ അന്നു വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇന്നു ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം സൂപ്പര്‍ ഓവറിലും ടൈയില്‍ പിരിഞ്ഞാല്‍ എന്തായിരിക്കും സംഭവിക്കുക? ഇതേക്കുറിച്ച് അറിയാം.
സൂപ്പര്‍ ഓവറിലെ നിയമത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) ഇപ്പോള്‍ ഒരു മാറ്റം വരുത്തിയിട്ടുണ്ടെന്നതാണ് എടുത്തു പറയേണ്ട കാര്യം. അതായത് 2019ലെ ലോകകപ്പ് ഫൈനല്‍ പോലെ സൂപ്പര്‍ ഓവറിലും കളി ടൈയില്‍ കലാശിച്ചാല്‍ കൂടുതല്‍ ബൗണ്ടറികളടിച്ച ടീം വിജയിക്കില്ല.
ആ നിയമം ഐസിസി എടുത്തു കളഞ്ഞിരിക്കുകയാണ്. അന്നു ന്യൂസിലാന്‍ഡിനെതിരേ കൂടുതല്‍ ബൗണ്ടറികളടിച്ചതു കൊണ്ടു മാത്രം ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ച നിയമത്തിനെതിരേ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് സൂപ്പര്‍ ഓവറിലെ ബൗണ്ടറി നിയമം റദ്ദാക്കിയത്.
സെമിയില്‍ ഇരുടീമുകളും തുല്യ സ്‌കോറുകള്‍ക്കു ടൈയില്‍ പിരിയുകയാണെങ്കില്‍ വിജയികളെ കണ്ടെത്തുന്നതിനായി സൂപ്പര്‍ ഓവര്‍ നടത്തും. സൂപ്പര്‍ ഓവറിലും ഇരുടീമുകളും തുല്യ സ്‌കാര്‍ നേടി വീണ്ടും ടൈ സമ്മതിച്ചാല്‍ നേടിയ ബൗണ്ടറികളുടെ എണ്ണമല്ല വിജയികളെ നിശ്ചയിക്കുക. പകരം മല്‍സരത്തില്‍ ഒരു ഫലമുണ്ടാവുന്നതു വരെ കളി അനിശ്ചിതമായി തുടരും. അതായത് വിജയികളെ കണ്ടെത്തുന്നതു വരെ മല്‍സരം നീണ്ടുപോവുമെന്നു ചുരുക്കം.
എന്നാല്‍ മഴയോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും തടസമോ കാരണം സൂപ്പര്‍ ഓവര്‍ സെമി ഫൈനല്‍ ദിനത്തിലോ, റിസര്‍വ് ദിനത്തിലോ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ മറ്റൊരു നിയമമാണ് പരീക്ഷിക്കുക. ഇത്തരമൊരു സാഹചര്യം വരികയാണെങ്കില്‍ ലീഗ് ഘട്ടത്തിലെ പോയിന്റ് പട്ടികയില്‍ മുകളില്‍ ഫിനിഷ് ചെയ്ത ടീമിനെ വിജയികളായി പ്രഖ്യാപിക്കും.

ഉദാഹരണത്തിനു ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള സെമി ഫൈനലിലെ സൂപ്പര്‍ ഓവര്‍ റിസര്‍വ് ദിനത്തിലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ ഇന്ത്യയായിരിക്കും ഫൈനലില്‍ കടക്കുക. കാരണം നേരത്തേ പോയിന്റ് പട്ടികയില്‍ ഇന്ത്യ ഒന്നാംസ്ഥാനത്തും ന്യൂസിലാന്‍ഡ് നാലാംസ്ഥാനത്തുമായിരുന്നു ഫിനിഷ് ചെയ്തത്.
അതുപോലെ തന്നെ ഫൈനല്‍ നിശ്ചയിക്കപ്പെട്ട ദിവസവും റിസര്‍വ് ദിനത്തിലും മല്‍സരം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയാണെങ്കില്‍ ഇരുടീമുകളെയും സംയുക്ത ആതിഥേയരായി പ്രഖ്യാപിക്കുകയാണ് ചെയ്യുക.
നിയമപ്രകാരം സെമി ഫൈനലും ഫൈനലുമടക്കമുള്ള മൂന്നു നോക്കൗട്ട് മല്‍സരങ്ങള്‍ക്കും റിസര്‍വ് ദിനം അനുവദിക്കപ്പെട്ടിട്ടുണ്ട്. മഴയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലം കാരണങ്ങളാലോ നിശ്ചിത ദിവസം കളി നടക്കാതെ വരികയാണെങ്കില്‍ റിസര്‍വ് ദിനത്തിലേക്കു മല്‍സരം മാറ്റും. തലേദിവസം എവിടെയാണോ മല്‍സരം നിര്‍ത്തിയത് അവിടെ നിന്നായിരിക്കും റിസര്‍വ് ദിനത്തില്‍ കളി പുനരാരംഭിക്കുക.