ലോകകപ്പ് നിര്‍ണായക ഘട്ടത്തിലേക്കു കടക്കവെയാണ് ഇന്ത്യക്കു വലിയ ഷോക്ക് നല്‍കിക്കൊണ്ട് സ്റ്റാര്‍ ഓള്‍റൗണ്ടറും വൈസ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യയുടെ അപ്രതീക്ഷിത പിന്‍മാറ്റം. കണംകാലിനേറ്റ പരിക്കില്‍ നിന്നും പൂര്‍ണമായി മോചിതനാവാത്തതിനെ തുടര്‍ന്നാണ് ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിന്‍മാറിയത്. പകരക്കാരനായി വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണയെയാണ് ഇന്ത്യന്‍ ടീമിലെടുത്തിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പരിക്കുകള്‍ ഹാര്‍ദിക്കിനെ വിടാതെ വേട്ടയാടുകയാണ്. പരിക്കേറ്റ് മാസങ്ങളോളം അദ്ദേഹത്തിനു കളിക്കളത്തില്‍ നിന്നും ഒന്നിലേറെ തവണ വിട്ടുനല്‍കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടു ഹാര്‍ദിക്കില്‍ മാത്രം ഇന്ത്യ എല്ലായ്‌പ്പോഴും വിശ്വാസമര്‍പ്പിക്കുന്നത് മണ്ടത്തരമായി മാറും. മറ്റു സീം ബൗളര്‍മാരെ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ഇന്ത്യ എത്രയും വേഗം വളര്‍ത്തിയെടുക്കേണ്ട സമയമായിരിക്കുകയാണ്. ഹാര്‍ദിക്കിനു പകരം ഇന്ത്യ വളര്‍ത്തേണ്ട മൂന്നു യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

അണ്ടര്‍ 19 ലോകകപ്പിലൂടെ ശ്രദ്ധേയനായ രാജ് ബവയാണ് ഇന്ത്യ മിനുക്കിയെടുക്കേണ്ട ഒരു താരം. വലംകൈയന്‍ ഫാസ്റ്റ് ബൗളറും ബാറ്ററുമാണ് താരം. 2021ലെ അണ്ടര്‍ 19 ലോകകപ്പില്‍ റണ്ണറപ്പായ ടീമിന്റെ ഭാഗമായിരുന്നു രാജ്. അന്നു ഫൈനലില്‍ ബംഗ്ലാദേശിനോടു ഇന്ത്യ പരാജയപ്പെടുകയായിരുന്നു. നിലവില്‍ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമാണ് 20 കാരനായ താരം.
പക്ഷെ ഐപിഎല്ലില്‍ ഇനിയും മികച്ച പ്രകടനങ്ങളൊന്നും കാഴ്ചവയ്ക്കാന്‍ രാജിനായിട്ടില്ല. ഫിറ്റ്‌നസിനൊപ്പം സ്ഥിരതയും നിലനിര്‍ത്തിയാല്‍ മികച്ച ഓള്‍റൗണ്ടറായി മാറാന്‍ അദ്ദേഹത്തിനു സാധിക്കും. ഇതുവരെ 13 ടി20 മല്‍സരങ്ങളിലാണ് രാജ് കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 137 റണ്‍സും 10 വിക്കറ്റുകളും നേടുകയും ചെയ്തു. കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുന്നതിലൂടെ മികച്ച ഓള്‍റൗണ്ടറായി താരം മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഹര്‍ഷിത് റാണയാണ് ഹാര്‍ദിക്കിനു പകരം ഇന്ത്യക്കു നോട്ടമിടാവുന്ന രണ്ടാമത്തെ താരം. രാജ് ബവയെപ്പോലെ അണ്ടര്‍ 19 ലോകകപ്പിലൂടെ ഉയര്‍ന്നു വന്ന താരമാണ് അദ്ദേഹം. മികച്ച ഫാസ്റ്റ് ബൗളര്‍ മാത്രമല്ല ബാറ്ററും കൂടിയാണ് ഹര്‍ഷിത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വളരെ മികച്ച റെക്കോര്‍ഡാണ് താരത്തിനുള്ളത്.

ഏഴു മല്‍സരങ്ങളില്‍ നിന്നും 26.35 ശരാശരിയില്‍ 28 വിക്കറ്റുകള്‍ ഹര്‍ഷിത് വീഴ്ത്തിയിട്ടുണ്ട് കൂടാത 49 ശരാശരിയില്‍ 343 റണ്‍സും താരം അടിച്ചെടുത്തു. ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഹര്‍ഷിത് കളിച്ചിരുന്നു.
മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ് ഇന്ത്യ വളര്‍ത്തിയെടുക്കേണ്ട മൂന്നാമത്തെ സീം ബൗളിങ് ഓള്‍റൗണ്ടര്‍. ഇടംകൈയന്‍ ബാറ്ററും ബൗളറുമായ താരം ബാറ്റിങില്‍ ഇതിനകം ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ഐപിഎല്ലിലൂടെ മുംബൈ ഇന്ത്യന്‍സിനൊപ്പം അര്‍ജുന്‍ അരങ്ങേറിയിരുന്നു.
ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരം കൂടിയാണ് അദ്ദേഹം. മുംബൈ ടീമില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നു അര്‍ജുന്‍ ഗോവയിലേക്കു ചേക്കേറുകയായിരുന്നു. രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയോടെയാണ് താരം തുടങ്ങിയത്. ഇപ്പോള്‍ നടക്കുന്ന മുഷ്താഖ് അലി ട്രോഫിയില്‍ സൗരാഷ്ട്രയ്‌ക്കെതിരേ അതിവേഗം 47 റണ്‍സ് അടിച്ചെടുത്ത അര്‍ജുന്‍ ഒരു വിക്കറ്റും കളിയില്‍ വീഴ്ത്തിയിരുന്നു.