ഇന്ത്യന്‍ ക്യാപ്റ്റനും ആധുനിക ക്രിക്കറ്റിലെ സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയുടെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും വലിയ നഷ്ടമായി വിലയിരുത്തപ്പെടുന്നത് 2011ലെ ഏകദിന ലോകകപ്പില്‍ ദേശീയ ടീമില്‍ ഇടം ലഭിക്കാതെ പോയതാണ്. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു ഹിറ്റ്മാന്‍.
പക്ഷെ 2011ലെ ലോകകപ്പില്‍ വിരാട് കോലിക്കു ടീമില്‍ ഇടം ലഭിച്ചപ്പോള്‍ രോഹിത് തഴയപ്പെടുകയായിരുന്നു. അന്നു ലോകകപ്പ് ടീമില്‍ നിന്നും രോഹിത് ഒഴിവാക്കപ്പെടാന്‍ പ്രധാന കാരണക്കാരന്‍ ആരാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 2011ലെ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം.

എംഎസ് ധോണിക്കു കീഴില്‍ ഇന്ത്യ കിരീടം ചൂടിയ 2007ലെ ടി20 ലോകകപ്പില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ രോഹിത്തിനായിരുന്നു. പക്ഷെ ഈ സമയത്തു മധ്യനിരയിലായിരുന്നു അദ്ദേഹം കളിച്ചുകൊണ്ടിരുന്നത്. പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്താന്‍ കഴിയാതെ പോയതു കാരണം രോഹിത്തിന് ഏകദിനത്തില്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനവുമുറപ്പിക്കാന്‍ സാധിച്ചിരുന്നില്ല.
2011ലെ ലോകകപ്പില്‍ ഇന്ത്യന്‍ മധ്യനിരയിലുണ്ടായിരുന്നത് മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, മറ്റു ഓള്‍റൗണ്ടര്‍മാരായ സുരേഷ് റെയ്‌ന, യുസുഫ് പഠാന്‍ എന്നിവരായിരുന്നു. അന്നു ഇന്ത്യന്‍ ടീമില്‍ താന്‍ സ്ഥാനം പ്രതീക്ഷിച്ചിരുന്നതായും തഴയപ്പെട്ടപ്പോള്‍ കടുത്ത നിരാശയും ദുഖവും തോന്നിയിരുന്നതായും രോഹിത് പിന്നീട് പല തവണ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
2015ലായിരുന്നു ഹിറ്റ്മാന്‍ കരിയറിലെ ആദ്യ ലോകകപ്പില്‍ കളിക്കുന്നത്. 2019ലെ ലോകകപ്പില്‍ അഞ്ചു സെഞ്ച്വറികളടക്കം നേടി ലോക റെക്കോര്‍ഡ് കുറിക്കാനും അദ്ദേഹത്തിനായിരുന്നു. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ ടീമിന്റെ നായകസ്ഥാനത്തും രോഹിത് എത്തിയിരിക്കുകയാണ്. കരിയറിലെ അവസാനത്തെ ലോകകപ്പില്‍ കൂടിയാണ് അദ്ദേഹം ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയായിരുന്നു 2011ലെ ലോകകപ്പില്‍ രോഹിത്തിനു സ്ഥാനം ലഭിക്കാതെ പോവാന്‍ പ്രധാന കാരണക്കാരന്‍ ആരാണെന്നു സെവാഗ് വെളിപ്പെടുത്തിയത്. അന്നത്തെ ക്യാപ്റ്റന്‍ ധോണിയോ, മുഖ്യ കോച്ച് ഗാരി കേസ്റ്റണോയല്ല. മറിച്ച് ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍ കാരണമാണ് രോഹിത്തിനു ലോകകപ്പില്‍ സ്ഥാനം ലഭിക്കാതെ പോയതെന്നു സെവാഗ് പറയുന്നു.

ഞാന്‍ ക്യാപ്റ്റനോ, സെലക്ടറോ ആയിരുന്നെങ്കില്‍ 2011ലെ ലോകകപ്പ് സ്‌ക്വാഡില്‍ രോഹിത് ശര്‍മയെ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലെടുക്കുമായിരുന്നു. പക്ഷെ ഇപ്പോള്‍ നമ്മള്‍ കാണുന്ന രോഹിത്തായിരുന്നില്ല അപ്പോഴത്തേത്. അദ്ദേഹം അല്‍പ്പം ചെറുപ്പവുമായിരുന്നു. ടീം ബാലന്‍സ് പരിഗണിച്ച് ക്യാപ്റ്റനും സെലക്ടര്‍മാരുമാണ് അന്നു അദ്ദേഹം വേണ്ടെന്ന തീരുമാനമെടുത്തതെന്നും സെവാഗ് വ്യക്തമാക്കി.
അന്നു തഴയപ്പെട്ടതു കൊണ്ടായിരിക്കാം കൂടുതല്‍ സ്ഥിരത കൈവരിക്കാനും മികച്ച പ്രകടനം പുറത്തെടുക്കാനും രോഹിത് ശര്‍മയെ പ്രചോദിപ്പിച്ചിട്ടുണ്ടാവുക. ഒരുപാട് റണ്‍സ് താന്‍ ഇനി നേടേണ്ടതുണ്ടെന്നും എങ്കില്‍ മാത്രമേ വീണ്ടുമൊരു ലോകകപ്പ് നഷ്ടപ്പെടാതെ നോക്കാന്‍ തനിക്കു സാധിക്കുകയുള്ളൂവെന്നും അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവും.
ആ സമയത്തു ലോകകപ്പിനായി 15 താരങ്ങളെ മാത്രമേ ഒരു ടീമിനു പരമാവധി ഉള്‍പ്പെടുത്താന്‍ സാധിക്കുമായിരുന്നുള്ളൂ. ലോകകപ്പിനു തൊട്ടുമുമ്പ് യൂസുഫ് പഠാന്‍ ഇന്ത്യക്കു വേണ്ടി ഏകദിനത്തില്‍ ചില നിര്‍ണായക ഇന്നിങ്‌സുകള്‍ കളിച്ചിരുന്നു. അതായിരിക്കാം രോഹിത്തിനെ തഴഞ്ഞ് യൂസുഫിനെ ലോകകപ്പ് സ്‌ക്വാഡിലെടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുകയെന്നും സെവാഗ് പറയുന്നു.