ഐസിസി ഏകദിന ലോകകപ്പിനു ഈയാഴ്ച തുടക്കം കുറിക്കാനിരിക്കെ വിജയികളെയും ഫൈനലിസ്റ്റുകളെയുമെല്ലാം പല മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം പ്രവചിച്ചു കഴിഞ്ഞു. പക്ഷെ ഇവര്‍ക്കിടയില്‍ ഒരു പ്രവചനമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നേരത്തേ പല പ്രവചനങ്ങളും നടത്തി ശ്രദ്ധേയനായ ഇന്ത്യന്‍ ജ്യോതിഷി ഗ്രീന്‍സ്‌റ്റോണ്‍ ലോബോയാണ് ലോകകപ്പ് വിജയികള്‍ ആരാവുമെന്നു പ്രവചിച്ചിരിക്കുന്നത്.
2011ലെ ലോകകപ്പില്‍ ഇന്ത്യയും 2015ല്‍ ഓസ്‌ട്രേലിയയും ഏറ്റവും അവസാനം 2019ല്‍ ഇംഗ്ലണ്ടും ജേതാക്കളാവുമെന്നു വളരെ കൃത്യമായി പ്രവചിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ലോബോ. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പ്രവചനം നാലാം തവണയും പിഴയ്ക്കില്ലെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ വിശ്വസിക്കുന്നത്.

1996ലെ ലോകകപ്പിലായിരുന്നു താന്‍ ആദ്യമായി വിജയികളെ ശാസ്ത്രീയമായി പ്രവചിക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങിയതെന്നു ലോബോ പറയുന്നു. അപ്രവചനീയമായ സ്‌പോര്‍ട്‌സ് പോലെയുളളവയില്‍ എന്തുകൊണ്ട് ജ്യോതിഷത്തിന്റെ സഹായത്തിലൂടെ പ്രവചിച്ചു കൂടായെന്നു ഞാന്‍ അന്നു ചിന്തിക്കുകയായിരുന്നു.
തുടര്‍ന്നു ഞാന്‍ അന്നത്തെ ക്യാപ്റ്റന്‍മാരെക്കുറിച്ച് ഗവേഷണം നടത്തുകയും ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയുടെ ജാതകമാണ് ഏറ്റവും നല്ലതെന്നു കണ്ടെത്തുകയും ചെയ്തു. അതുകൊണ്ടു തന്നെ അദ്ദേഹം കിരീട നേടുമെന്ന് ഞാന്‍ ഉറപ്പിച്ചു. ഇക്കാര്യം ചില സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞിരുന്നു. ശ്രീലങ്ക അന്നു ചാംപ്യന്‍മാരായപ്പോള്‍ ഏറെ ആഹ്ലാദം തോന്നിയെന്നും ലോബോ വ്യക്തമാക്കി.
ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യന്‍ ടീം കിരീടമുയര്‍ത്തുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. 1987ല്‍ ജനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഇതിന്റെ കാരണം. കഴിഞ്ഞ വര്‍ഷത്തെ ഫുട്‌ബോള്‍ ലോകകപ്പില്‍ ജേതാവായത് 1987ല്‍ ജനിച്ച അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയായിരുന്നു. ക്രിക്കറ്റ് ലോകകപ്പിലും ഇതു തന്നെയായിരിക്കും സംഭവിക്കാന്‍ പോവുന്നതെന്നും ലോബോ ചൂണ്ടിക്കാട്ടി.
മെസ്സിയും രോഹിത്തും തമ്മില്‍ ചില സാമ്യങ്ങളുണ്ട്. ക്ലബ്ബിനൊപ്പം ഒരുപാട് ട്രോഫികള്‍ നേടിയിട്ടും അര്‍ജന്റീനയ്‌ക്കൊപ്പം കിരീടങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ മെസ്സി ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. എന്നാല്‍ കോപ്പ അമേരിക്ക നേടിയാണ് മെസ്സി ഇതിനു മറുപടി നല്‍കിയത്. അതിനു ശേഷം ലോകകപ്പും സ്വന്തമാക്കി. രോഹിത്താവട്ടെ ഏഷ്യാ കപ്പില്‍ കിരീടം നേടി. ഇനി ലോകകപ്പും അദ്ദേഹത്തിനായിരിക്കും ലഭിക്കുകയെന്നും ലോബോ വിശദീകരിച്ചു.
എന്നാല്‍ 1990ല്‍ ജനിച്ച ചില ക്യാപ്റ്റന്മാരെയും ഈ ലോകപ്പില്‍ ശ്രദ്ധിക്കണം. ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, സൗത്താഫ്രിക്കയുടെ ടെംബ ബവുമ, പാകിസ്താന്റെ ബാബര്‍ ആസം എന്നിവരാണ് ഇതില്‍പ്പെടുന്ന മൂന്നു ക്യാപ്റ്റന്‍മാരെന്നും ലോബോ പറഞ്ഞു.

ഓസ്‌ട്രേലിയക്കു ഈ ലോകകപ്പില്‍ കിരീടസാധ്യതയില്ലെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. ഓസീസ് ടീമിനെ കിരീട ഫേവറിറ്റുകളില്‍ നിന്നും ഞാന്‍ ഇത്തവണ ഒഴിവാക്കുകയാണ്. കാരണം അവരുടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ജനിച്ചത് 1993ലാണ്. ഗ്രഹനില പ്രകാരം അദ്ദേഹത്തിനു ലോക കിരീടം നേടാന്‍ കഴിയില്ല. ന്യൂസിലാന്‍ഡിനും ഇത്തവണ കിരീട സാധ്യതയില്ലെന്നും ലോബാ അഭിപ്രായപ്പെട്ടു.
ലോകകപ്പിലെ വിജയികളെക്കുറിച്ച് മാത്രമല്ല പ്ലെയര്‍ ഓഫ് ദി സീരീസ്, കൂടുതല്‍ വിക്കറ്റുകളെടുക്കുന്ന ബൗളര്‍ എന്നിവരെക്കുറിച്ചും അദ്ദേഹം പ്രവചനം നടത്തി. ടൂര്‍ണമെന്റില്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്യുന്ന താരങ്ങളില്‍ ഭൂരിഭാഗം പേരും ഇന്ത്യയില്‍ നിന്നായിരിക്കും. പരിക്കില്‍ നിന്നും മോചിതരായി കളിക്കളത്തിലേക്കു തിരിച്ചുവരുന്ന താരങ്ങള്‍ വളരെ മികച്ച പ്രകടനമായിരിക്കും കാഴ്ചവയ്ക്കുക.
കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ജസ്പ്രീത് ബുംറ തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് എന്നിവരും ഈ ലോകകപ്പില്‍ കസറാനിടയുള്ളവരാണ്. 1992-94 വര്‍ഷങ്ങള്‍ക്കിടയില്‍ ജനിച്ച ഈ താരങ്ങളില്‍ നിന്നായിരിക്കു പ്രധാനപ്പെട്ട ട്രോഫികള്‍ വരാന്‍ പോവുന്നതെന്നും ലോബോ വിശദമാക്കി.