മുംബൈ: ഏകദിന ലോകകപ്പ് സെമിയോടടുക്കവെ ഏറെക്കുറെ ചിത്രം വ്യക്തമാണ്. മഹാത്ഭുതങ്ങള്‍ സംഭവിക്കാത്ത പക്ഷം ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ് ടീമുകള്‍ സെമി കളിക്കാനാണ് സാധ്യത കൂടുതല്‍. ഇതില്‍ പോയിന്റ് പട്ടികയിലെ സ്ഥാനം എങ്ങനെയാവുമെന്നത് കണ്ടറിയണം. നിലവിലെ പോയിന്റ് പട്ടിക പ്രകാരം ഇന്ത്യ തലപ്പത്തും ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും ന്യൂസീലന്‍ഡ് മൂന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ നാലാം സ്ഥാനത്തുമാണ്.
ഈ സ്ഥാനത്തിന് മാറ്റമുണ്ടായേക്കും. സെമിയിലേക്കെത്താനൊരുങ്ങവെ ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരില്‍ ഏത് എതിരാളിയെ നേരിടാനാവും ഇന്ത്യ ആഗ്രഹിക്കുക? കണക്കുകള്‍ വിലയിരുത്തി പരിശോധിക്കാം. ഇന്ത്യക്ക് ഈ മൂന്ന് എതിരാളികളെ ലഭിച്ചാലും വലിയ വെല്ലുവിളിയാണെന്നതാണ് വസ്തുത. അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്ക് ഇന്ത്യക്കെതിരേ വ്യക്തമായ മുന്‍തൂക്കമുണ്ട്. 13 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 8 തവണയും ജയം കംഗാരുക്കള്‍ക്കായിരുന്നു.
അഞ്ച് തവണയാണ് ഇന്ത്യക്ക് ജയിക്കാനായത്. ഇത്തവണത്തെ ലോകകപ്പിലെ ഇന്ത്യയുടെ ആദ്യത്തെ എതിരാളി ഓസ്‌ട്രേലിയയായിരുന്നു. ആറ് വിക്കറ്റിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത്. ആദ്യത്തെ രണ്ട് മത്സരം തോറ്റെങ്കിലും പിന്നീടുള്ള നാല് മത്സരത്തിലും വിജയം നേടാന്‍ ഓസീസിനായിട്ടുണ്ട്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനത്തിലേക്കെത്താന്‍ ഓസീസിന് സാധിച്ചിട്ടുണ്ട്. 2003ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചത് ഓസീസാണ്.
2011ല്‍ ഇന്ത്യ ആതിഥേയരായപ്പോള്‍ ഓസ്‌ട്രേലിയയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ വീഴ്ത്താന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. ചരിത്രം പരിശോധിക്കുമ്പോള്‍ നിര്‍ണ്ണായക മത്സരത്തില്‍ ഇന്ത്യയെക്കാള്‍ മുന്നിട്ട് നില്‍ക്കുന്ന ടീം ഓസ്‌ട്രേലിയയാണ്. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ ഓസീസ് കരുത്തുകാട്ടാറുണ്ട്. അനുഭവസമ്പന്നരായ താരനിരയാണ് ഓസീസിന്റേത്. അതുകൊണ്ടുതന്നെ ഓസീസിനെ സെമിയില്‍ ലഭിക്കുന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളിയാണ്.

രണ്ടാമത്തെ ടീം ന്യൂസീലന്‍ഡാണ്. 2019ലെ ഏകദിന ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയ ഇന്ത്യക്ക് മടക്ക ടിക്കറ്റ് നല്‍കിയ ടീമാണ് ന്യൂസീലന്‍ഡ്. അവസാന രണ്ട് ലോകകപ്പിലും റണ്ണറപ്പുകളായ കിവീസിനെ ഇന്ത്യ ഭയക്കണം. ഏകദിന ലോകകപ്പിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യയെക്കാള്‍ ഒരുപടി മുന്നിലാണ് ന്യൂസീലന്‍ഡ്. 10 മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 5 തവണ ന്യൂസീലന്‍ഡും 4 തവണ ഇന്ത്യയുമാണ് ജയിച്ചത്. 1 മത്സരത്തിന് ഫലമുണ്ടായില്ല.
കിവീസ് നിശബ്ദരായ പോരാളികളാണ്. സംതുലിതമായ താരനിര ഇത്തവണയും അവര്‍ക്കുണ്ട്. കെയ്ന്‍ വില്യംസണിന്റെ അഭാവത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ന്യൂസീലന്‍ഡിന് സാധിക്കുന്നു. രചിന്‍ രവീന്ദ്രയെപ്പോലെ മികച്ച യുവതാരങ്ങളും ഇത്തവണ കിവീസിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. സെമിയില്‍ ഇന്ത്യക്ക് ന്യൂസീലന്‍ഡ് വലിയ വെല്ലുവിളിയാണ്. നിലവിലെ ഫോമില്‍ ഇന്ത്യ കിവീസിന് മുകളിലാണ്. എന്നാല്‍ സെമിയില്‍ കിവീസ് എതിരാളികളായാല്‍ ഇന്ത്യയെ നിര്‍ഭാഗ്യം വേട്ടയാടാന്‍ സാധ്യതയുണ്ട്.
ദക്ഷിണാഫ്രിക്കയുടെ കാര്യം പരിശോധിക്കുമ്പോഴും ഇന്ത്യക്ക് വലിയ ഭീഷണിയാണെന്ന് പറയാം. ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്ന നിരയാണ് ദക്ഷിണാഫ്രിക്ക. ഇരു ടീമും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം വരാനിരിക്കുന്നതേയുള്ളൂ. ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെക്കുന്ന ടീമുകളിലൊന്ന് ദക്ഷിണാഫ്രിക്കയാണ്. ഇന്ത്യയെക്കാള്‍ ഒരുപടി മുകളിലാണ് ദക്ഷിണാഫ്രിക്കയുടെ ടീം കരുത്ത്. വലിയ സ്‌കോര്‍ നേടാന്‍ കരുത്തുള്ള ബാറ്റ്‌സ്മാന്‍മാരാണ് ടീമിന്റെ ശക്തി.
ലോകകപ്പിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. അഞ്ച് മത്സരത്തില്‍ മൂന്ന് തവണയും ജയം ദക്ഷിണാഫ്രിക്ക നേടിയപ്പോള്‍ രണ്ട് തവണയാണ് ഇന്ത്യക്ക് ജയിക്കാനായത്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ തട്ടകത്തില്‍ തോല്‍പ്പിച്ച ഏക ടീം ദക്ഷിണാഫ്രിക്കയാണ്. ഒന്നിലധികം മാച്ച് വിന്നര്‍മാരാല്‍ സമ്പന്നമായ ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് വലിയ വെല്ലുവിളിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
എന്നാല്‍ നിര്‍ഭാഗ്യം വേട്ടയാടുന്നവരുടെ നിരയാണ് ദക്ഷിണാഫ്രിക്ക. പ്രത്യേകിച്ച് സെമി ഫൈനല്‍ പോലുള്ള പ്രധാന മത്സരങ്ങളില്‍. നിര്‍ഭാഗ്യത്തിന്റെ കണക്ക് നോക്കുമ്പോള്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ ലഭിക്കുന്നതാണ് നല്ലത്. എന്നാല്‍ നിലവിലെ അവരുടെ ഫോം ഇന്ത്യക്ക് ഭീഷണിയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇവരില്‍ ആരെ എതിരാളികളായി ലഭിച്ചാലും ഇന്ത്യക്ക് കാര്യങ്ങള്‍ പ്രയാസമായിരിക്കുമെന്നുറപ്പ്.