World Cup 2023: ഇന്ത്യയുടെ മത്സരക്രമം എങ്ങനെ? വേദി ഏതൊക്കെ? സമ്പൂര്‍ണ്ണ വിവരങ്ങള്‍ ഇതാ
മുംബൈ: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആവേശം അവസാനിച്ചതോടെ ഇനി ഏകദിന ലോകകപ്പിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഒക്ടോബര്‍ 5ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് ഇന്ത്യയാണ് വേദിയാവുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ഇന്ത്യ വലിയ കിരീട പ്രതീക്ഷയിലാണ്. 2011ന് ശേഷം ഇന്ത്യയിലേക്ക് ലോകകപ്പെത്തുമ്പോള്‍ ആര് കപ്പ് നേടുമെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ഇപ്പോഴിതാ ഇന്ത്യയുടെ മത്സരക്രമത്തിന്റെ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്തായിരിക്കുകയാണ്.
എട്ട് വേദികളിലായാണ് ഇന്ത്യ തങ്ങളുടെ ലീഗ് മത്സരങ്ങള്‍ കളിക്കുക. പാകിസ്താന്റെ മത്സരങ്ങള്‍ അഞ്ച് വേദികളിലായാണ് നടക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയുടെ ആദ്യ മത്സരം കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയാണ്. ഒക്ടോബര്‍ 8ന് ചെന്നൈയിലാണ് ഈ മത്സരം. ആദ്യ മത്സരത്തില്‍ പാകിസ്താന്‍ ഇത്തവണ ഇന്ത്യയുടെ എതിരാളികളായെത്തില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ചെന്നൈ ഇന്ത്യയുടെ ഭാഗ്യമൈതാനമാണ്. അതുകൊണ്ട് തന്നെ ഓസീസിനെതിരേ ജയിച്ചുതുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

ഇന്ത്യയുടെ രണ്ടാം മത്സരം ഒക്ടോബര്‍ 11ന് അഫ്ഗാനിസ്ഥാനെതിരേയാണ്. ഡല്‍ഹിയാവും മത്സരത്തിന് വേദിയാവുക. അഫ്ഗാനിസ്ഥാന്‍ ആരെയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരായി വളര്‍ന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ജയം കടുപ്പമാവുമെന്നുറപ്പ്. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ -പാകിസ്താന്‍ പോരാട്ടം ഒക്ടോബര്‍ 15നാണ്. അഹമ്മദാബാദാണ് വേദിയാവുക. എന്നാല്‍ അഹമ്മദാബാദില്‍ ഗ്രൂപ്പുഘട്ട മത്സരങ്ങള്‍ കളിക്കില്ലെന്ന് പാകിസ്താന്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ വേദി മാറ്റം കണ്ടറിയണം.
അവസാനമായി ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയത് ടി20 ലോകകപ്പിലാണ്. വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ടമികവില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചിരുന്നു. ഇതിന് പകരം വീട്ടാനുറച്ചാവും ബാബര്‍ അസമും സംഘവുമെത്തുക. ഇന്ത്യയെ ഇന്ത്യയില്‍ തോല്‍പ്പിച്ച് ലോകകപ്പ് നേടുകയെന്നതാണ് സ്വപ്‌നമെന്ന് ഇതിനോടകം പാക് നായകന്‍ ബാബര്‍ അസം തുറന്നുപറഞ്ഞിട്ടുണ്ട്. ഇത്തവണയും ഇന്ത്യ-പാക് പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്.
നാലാമത്തെ മത്സരം ബംഗ്ലാദേശിനെതിരേയാണ്. ഒക്ടോബര്‍ 19ന് പൂനെയിലാണ് ഈ മത്സരം. നിലവിലെ ഇന്ത്യയുടെ താരനിരയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബംഗ്ലാദേശ് അതിശക്തരല്ല. എന്നാല്‍ അട്ടിമറി നടത്തി ശീലമുള്ളവരുടെ നിരയാണ് ബംഗ്ലാദേശ്. 2019ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ സെമിയില്‍ അവസാനിച്ചിരുന്നു. അന്ന് ഇന്ത്യയെ തോല്‍പ്പിച്ച ന്യൂസീലന്‍ഡിനെ ഒക്ടോബര്‍ 22നാണ് ഇന്ത്യ നേരിടുന്നത്. ധരംശാലയിലാണ് ഈ മത്സരം നടക്കുന്നത്.
ഒക്ടോബര്‍ 29ന് ലഖ്‌നൗവിലാണ് നിലവിലെ ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ടിനെ ഇന്ത്യ നേരിടുന്നത്. ശക്തരായ ന്യൂസീലന്‍ഡിനെയും ഇംഗ്ലണ്ടിനെയും വീഴ്ത്തുകയെന്നത് ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാവും. നവംബര്‍ രണ്ടിന് നടക്കുന്ന മത്സരത്തില്‍ ലോകകപ്പ് യോഗ്യത നേടി വരാനിരിക്കുന്ന ടീമിനെ ഇന്ത്യ നേരിടും. മുംബൈയാണ് ഈ മത്സരത്തിന് വേദി. നവംബര്‍ 5ന് കൊല്‍ക്കത്തയിലാണ് ഇന്ത്യയുടെ അവസാന മത്സരം. കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണിത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരവും ഇന്ത്യക്ക് കടുപ്പമാവും. ഇത്തവണ ലോകകപ്പ് നേടാനാവുമെന്ന വലിയ പ്രതീക്ഷയിലാണ് ഇന്ത്യയെങ്കിലും ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരെയെല്ലാം തോല്‍പ്പിച്ച് മുന്നോട്ടുപോവുക ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ച ഇന്ത്യ ഏകദിന ലോകകപ്പിന് മുമ്പ് ഏഷ്യാ കപ്പ് കളിക്കുന്നുണ്ട്.
പാകിസ്താനാണ് ഇത്തവണത്തെ ഏഷ്യാ കപ്പിന് വേദിയാവുന്നത്. ഇന്ത്യക്കായി പ്രത്യേക വേദിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് പാകിസ്താന്‍. ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മുന്നില്‍ നിരവധി വെല്ലുവിളികളുണ്ട്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം പരിക്കേറ്റ് ദേശീയ ടീമിന് പുറത്താണ്. ഇവര്‍ക്കെല്ലാം എന്ന് തിരിച്ചുവരാന്‍ സാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. ലോകകപ്പില്‍ ഇവരൊന്നും കളിക്കാത്ത പക്ഷം ഇന്ത്യയുടെ സാധ്യതകള്‍ മങ്ങുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications