ലോകകപ്പില്‍ ന്യൂസിലാന്‍ഡുമായുള്ള സെമി ഫൈനല്‍ പോരാട്ടത്തിന് ടീം ഇന്ത്യ കച്ചമുറുക്കിക്കഴിഞ്ഞു. 2019ലെ കഴിഞ്ഞ ലോകകപ്പ് സെമി ഫൈനലിലെ മുറിവുണക്കുകയെന്ന ലക്ഷ്യത്തോടെയാവും രോഹിത് ശര്‍മയും സംഘവും ഇത്തവണയിറങ്ങുക. നാളെ മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന ആദ്യ സെമി പോരില്‍ ജയിച്ച് കിരീടമെന്ന സ്വപ്‌നത്തിലേക്കു ഒരുപടി കൂടി അടുക്കാമെന്ന ശുഭപ്രതീക്ഷയിലാണ് ടീം ഇന്ത്യ. നേരത്തേ ലീഗ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കിവികളെ തകര്‍ത്തുവിടാന്‍ ഇന്ത്യക്കായിരുന്നു.
ബാറ്റര്‍മാരുടെ പറുദീസയായ വാംഖഡെ സ്റ്റേഡിയത്തില്‍ പന്തെറിയുമ്പോള്‍ ഇരുടീമുകളുടെയും ബൗളര്‍മാരുടെ നെഞ്ചിടിപ്പ് കൂടുമെന്നുറപ്പാണ്. കാരണം ഫോറുകളും സിക്‌സറുകളും പറത്താന്‍ ഇത്രയും എളുപ്പമുള്ള മറ്റൊരു ഗ്രൗണ്ട് രാജ്യത്തു ഇല്ലെന്നു തന്നെ പറയാം.

ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുത്തുക അവരുടെ ടോപ്‌സ്‌കോററും ഇന്ത്യന്‍ വംശജനുമായ രചിന്‍ രവീന്ദ്രയായിരിക്കും. കൂടാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാറുള്ള ഡാരില്‍ മിച്ചെല്‍, ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരെയും ഭയക്കണം. സെമി ഫൈനലില്‍ എന്തായിരിക്കണം ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യയുടെ ബൗളിങ് പ്ലാന്‍? വിശദമായി പരിശോധിക്കാം.
വലംകൈയന്‍ ബാറ്ററായ മിച്ചെല്‍ 59.7 ശരാശിയില്‍ 418 റണ്‍സ് ന്യൂസിലാന്‍ഡിനായി ടൂര്‍ണമെന്റില്‍ നേടിക്കഴിഞ്ഞു. രചിന്‍ കഴിഞ്ഞാല്‍ കിവികള്‍ക്കായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തതും അദ്ദേഹം തന്നെയാണ്. പേസര്‍മാര്‍ക്കെതിരേയാണ് മിച്ചെലിനു ഏറ്റവും മികച്ച ശരാശരിയുള്ളത്. 63.25 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 112.95 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം സ്‌കോര്‍ ചെയ്തിരിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേയാവട്ടെ ശരാശരി 55ഉം സ്‌ട്രൈക്ക് റേറ്റ് 107.1ഉം ആണ്.
പേസര്‍മാര്‍ക്കെതിരേ നാലു തവണയാണ് മിച്ചെല്‍ പുറത്തായിട്ടുള്ളത്. എല്ലാം ഓഫ് കട്ടറുകളിലായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തിനെതിരേ ജസ്പ്രീത് ബുംറയെ നിയോഗിച്ചാല്‍ ഇന്ത്യക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. ഓഫ് കട്ടറുകളെറിയാന്‍ മിടുക്കനാണ് ബുംറ. മധ്യ ഓവറുകളില്‍ മിച്ചെല്‍ ബാറ്റ് ചെയ്യവെ അദ്ദേഹത്തെ കൊണ്ടുവരാന്‍ ഇന്ത്യക്കു ശ്രമിക്കാവുന്നതാണ്. ടൂര്‍ണമെന്റില്‍ ഇതിനകം ഓഫ് കട്ടറുകളിലൂടെ അഞ്ചു വിക്കറ്റുകള്‍ ബുംറ വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.
ഇടംകൈയന്‍ ബാറ്ററായ രചിന്‍ കന്നി ലോകകപ്പില്‍ തന്നെ അവിശ്വസനീയ ബാറ്റിങാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. 70.6 ശരാശരിയില്‍ 108.5 സ്‌ട്രൈക്ക് റേറ്റില്‍ 565 റണ്‍സാണ് 23 കാരനായ താരം വാരിക്കൂട്ടിയത്. പേസ്, സ്പിന്‍ ബൗളിങിനെതിരേ കാര്യമായ വീക്ക്‌നെസുകളൊന്നും തന്നെ രചിന് ഇല്ലെന്നു കാണാം. ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേ 29.5 ആണ് താരത്തിന്റെ ശരാശരി.
നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഇടംകൈയന്‍ പേസര്‍മാരുമില്ല. അതുകൊണ്ടു തന്നെ ഇന്ത്യക്കു ചെയ്യാവുന്ന ഒരു കാര്യം റൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്യുകയെന്നതാണ്. ആദ്യത്തെ 20 ബോളുകള്‍ക്കിടെയാണ് രചിന്‍ രണ്ടു തവണയും പുറത്തായിട്ടുള്ളത്. സൗത്താഫ്രിക്കയുടെ മാര്‍ക്കോ യാന്‍സണും ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാനുമായിരുന്നു വിക്കറ്റുകള്‍.

ഇന്ത്യന്‍ പേസര്‍മാരില്‍ രചിനെ പുറത്താക്കാന്‍ ഏറ്റവും ശേഷിയുള്ള ബൗളര്‍ മുഹമ്മദ് ഷമിയാണ്. റൗണ്ട് ദി വിക്കറ്റ് ബൗള്‍ ചെയ്താണ് ഇടംകൈയന്‍ ബാറ്റര്‍മാരെയെല്ലാം അദ്ദേഹം പുറത്താക്കിയിട്ടുള്ളത്. 5.4 ശരാശരിയില്‍ അഞ്ചു ഇടംകൈയന്‍മാരെയാണ് ഷമി വീഴ്ത്തിയത്.
കിവി നായകന്‍ വില്ല്യംസണ്‍ നേരത്തേ ലീഗ് ഘട്ടത്തില്‍ ഇന്ത്യക്കെതിരേയുള്ള മല്‍സരത്തില്‍ കളിച്ചിരുന്നില്ല. പരിക്കു കാരണം അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വരികയായിരുന്നു. എന്നാല്‍ സെമിയില്‍ അദ്ദേഹത്തിന്റെ മടങ്ങിവരവ് ഇന്ത്യക്കു വെല്ലുവിളി തന്നെയാണ്. പേസര്‍മാരേക്കാള്‍ സ്പിന്നര്‍മാരെ നേരിടാനാണ് വില്ലി ബുദ്ധിമുട്ടിയിട്ടുളളതെന്നു കണക്കുകള്‍ പറയുന്നു.
ഏകദിനത്തില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും രണ്ടു തവണ വീതം അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. ജഡേജയ്‌ക്കെതിരേ 58.5 എന്ന ദേപ്പെട്ട ശരാശരി വില്ല്യംസണിനുണ്ടെങ്കിലും സ്‌ട്രൈക്ക് റേറ്റ് 75 മാത്രമേയുള്ളൂ. പക്ഷെ കുല്‍ദീപിനെതിരേ രണ്ടും അത്ര മികച്ചതല്ല. ശരാശരി ഒമ്പതും സ്‌ട്രൈക്ക് റേറ്റ് 73ഉം ആണ്.
ഏകദിനത്തിലെ ഓവറോള്‍ റെക്കോര്‍ഡ് നോക്കിയാല്‍ ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ക്കെതിരേ ആറു ഇന്നിങ്‌സുകളില്‍ നാലു തവണ വില്ല്യംസണ്‍ പുറത്തായിട്ടുണ്ട്. ജഡേജയും കുല്‍ദീപും മാത്രമല്ല ഷമിയും രണ്ടുത തവണ അദ്ദേഹത്തെ പുറത്താക്കിയതായി കാണാം.