ഇന്ത്യക്കെതിരായ ലോകകപ്പ് പോരാട്ടത്തില്‍ വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട പാകിസ്താന്‍ ടീമിനു സോഷ്യല്‍ മീഡിയയില്‍ പരിഹാസം. 300 റണ്‍സ് നേടുമെന്ന തരത്തില്‍ മുന്നേറിയ പാകിസ്താന് 200 റണ്‍സ് പോലും കളിയില്‍ തികയ്ക്കാനായില്ല. വെറും 191 റണ്‍സില്‍ പാകിസ്താന്‍ കൂടാരംകയറുകയായിരുന്നു. 36 റണ്‍സെടുക്കുന്നതിനിടെയായിരുന്നു എട്ടു വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് പാകിസ്താന്‍ 200ല്‍ താഴെ റണ്‍സില്‍ ഓള്‍ഔട്ടായത്.
ഇതിനു പിന്നാലെ പാക് ടീമിനെ ആരാധകര്‍ രൂക്ഷമായി ട്രോളുകയായിരുന്നു. പാക് ബാറ്റിങ് ലൈനപ്പില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ ബാബര്‍ ആസമാണ് ടോപ്‌സ്‌കോററായി മാറിത്. 58 ബോളുകള്‍ നേരിട്ട അദ്ദേഹം ഏഴു ഫോറുകളടിച്ചു. 49 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്വാനാണ് പാകിസ്താന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ഇമാമുള്‍ ഹഖ് 36ഉം അബ്ദുള്ള ഷഫീഖ് 20 റണ്‍സുമെടുത്തു.

29 ഓവറില്‍ രണ്ടിനു 154 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു പാകിസ്താന്‍. പിന്നീട് അവിശ്വസനീയമാം വിധത്തില്‍ അവര്‍ തകര്‍ന്നടിയുകയായിരുന്നു. ഇന്ത്യന്‍ ബൗര്‍മാരില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി.
പാകിസ്താന്റെ ബാറ്റിങ് തകര്‍ച്ച സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകര്‍ ശരിക്കും ആഘോഷിക്കുകയായിരുന്നു. വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ബാബറും സംഘവും നേരിട്ടത്.

പാകിസ്താന്‍ ശരിക്കും പാകിസ്താനായി മാറിയ മല്‍സരമായിരുന്നു ഇത്. പാകിസ്താനെക്കൊണ്ടു മാത്രമേ ഇതു സാധിക്കുകയുള്ളൂ. ടൂര്‍ണമെന്റിലെ ഏറ്റവും വലിയ കളിയില്‍ പാകിസ്താന്‍ സ്വയം നശിപ്പിക്കാനുള്ള ബട്ടണ്‍ അമര്‍ത്തുകയായിരുന്നു. ഇത്ര ദയനീയമായൊരു പ്രകടനം അവരില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയില്‍ കുറിച്ചു.
എന്തു ദയനീയമായ വീഴ്ചയാണ് പാകിസ്താനു ഈ മല്‍സരത്തില്‍ നേരിട്ടത്. രണ്ടു വിക്കറ്റിനു 155ല്‍ നിന്നും 191നു ഓള്‍ഔട്ടാവുകയെന്നതു എല്ലാ ടീമുകള്‍ക്കും പറ്റുന്ന അബദ്ധമല്ല. പക്ഷെ പാകിസ്താനെ ഇതിനപ്പുറവും സാധിക്കും. ഈ വീഴ്ച പാകിസ്താന്‍ ടീമിന്റെ ഡ്രസിങ് റൂമിനെ തീര്‍ച്ചയായും നിരാശപ്പെടുത്തുമെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യക്കു വേണ്ടി 11 പേരും പാകിസ്താനു വേണ്ടി അംപയര്‍ മറെയ്‌സ് ഇറാസ്മസുമടക്കം 12 പേരുമാണ് ഈ മല്‍സരത്തില്‍ കളിക്കാനിറങ്ങിയത്. എന്നിട്ടും പാക് ടീമിനു 200 റണ്‍സ് പോലും തികയ്ക്കാന്‍ കഴിഞ്ഞില്ലെന്നതു വലിയ നാണക്കേട് തന്നെയാണ്. ഇത്രയും മികച്ചൊരു ബാറ്റിങ് വിക്കറ്റ് ലഭിച്ചിട്ടും അതു മുതലാക്കാന്‍ പാകിസ്താനു സാധിക്കാതെ പോയെന്നും ആരാധകര്‍ കുറിക്കുന്നു.