ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്നു സെമി ഫൈനലിനു മുമ്പ് ഇന്ത്യന്‍ ടീമിനു വമ്പന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്‍റ്നര്‍. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായിട്ടാണ് സെമി പോരാട്ടം. 2011ലെ ലോകകപ്പിന്റെ ഫൈനലില്‍ ഇതേ വേദിയില്‍ വച്ചായിരുന്നു ശ്രീലങ്കയെ തകര്‍ത്ത് എംഎസ് ധോണിയുടെ ഇന്ത്യ ചാംപ്യന്‍മാരായത്. അതിനു ശേഷം വീണ്ടുമൊരു വമ്പന്‍ പോരാട്ടമാണ് നാളെ വാംഖഡെയില്‍ നടക്കാനിരിക്കുന്നത്.
ലീഗ് ഘട്ടത്തിലെ കളിച്ച ഒമ്പതു മല്‍സരങ്ങളിലും ജയിച്ച് 100 ശതമാനം വിജയ റെക്കോര്‍ഡുമായാണ് ഇന്ത്യ സെമിയില്‍ ഇറങ്ങുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡ് പോയിന്റ് പട്ടികയില്‍ കഷ്ടിച്ചു നാലാംസ്ഥാനത്ത് ഫിനിഷ് ചെയ്ത് സെമിയില്‍ ഇടം പിടിക്കുകയായിരുന്നു. പക്ഷെ സെമിയുടെ സമ്മര്‍ദ്ദത്തിനു കീഴടങ്ങി കിവികള്‍ക്കു മുന്നില്‍ ഇന്ത്യ കളി മറക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

ന്യൂസിലാന്‍ഡിനായി ടൂര്‍ണമെന്റില്‍ ഉജ്ജ്വല പ്രകടനമാണ് സാന്റ്‌നര്‍ കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. സെമി ഫൈനലിലും തുടരാമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. സെമിക്കു മുന്നോടിയായി മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു സാന്റ്‌നര്‍ ഇന്ത്യന്‍ ടീമിനും ആരാധര്‍ക്കുമെല്ലാം മുന്നറിയിപ്പ് നല്‍കിയത്.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ വലിയൊരു നിശബ്ധത നാളെ നമുക്കു കേള്‍ക്കാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. അതു നടന്നാല്‍ ഞങ്ങള്‍ ചെയ്യുന്നത് ശരിയാണെന്നു മനസ്സിലാവുമെന്നും സാന്റ്‌നര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീമിനായി ആര്‍പ്പുവിളിച്ച് വാംഖഡെ സ്‌റ്റേഡിയത്തിലെത്തുന്ന ആരാകരെ നിശബ്ധരാക്കാനുള്ള വഴി തങ്ങള്‍ക്കറിയാമെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ വാക്കുകളിലൂടെ സാന്റ്‌നര്‍ നല്‍കിയിരിക്കുന്നത്.
വാംഖഡെയിലെ പിച്ച് എങ്ങനെയുള്ളതാണെന്നും എന്താണ് സംഭവിക്കുകയെന്നും ഞങ്ങള്‍ക്കു നോക്കേണ്ടതുണ്ട്. പക്ഷെ ഇന്ത്യയുടെ ബാറ്റിങ് നിരയിലെ ടോപ്പ് 6-7 എത്ര മാത്രം അപകടകാരികളാണെന്നു ഞങ്ങള്‍ക്കറിയാം. ഇവരുടെ വേഗത കുറച്ച് തളച്ചിടാനുള്ള ഒരേയൊരു മാര്‍ഗം വിക്കറ്റുകള്‍ കൃത്യമായി വീഴ്ത്തിക്കൊണ്ടിരിക്കുക എന്നതു മാത്രമാണ്. അതു തന്നെയായിരിക്കും കളിയിലെ ഏറ്റവം പ്രധാനപ്പെട്ട കാര്യമെന്നും സാന്റ്‌നര്‍ ചൂണ്ടിക്കാട്ടി.
2019ലെ കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ വച്ച് ഇന്ത്യയെ വീഴ്ത്തിയതിന്റെ ഓര്‍മകളുമായിട്ടാവും ന്യൂസിലാന്‍ഡ് ഇത്തവണയിറങ്ങുക. അന്നു റണ്‍ചേസില്‍ തുടക്കത്തില്‍ തകര്‍ന്ന ശേഷം കളിയിലേക്കു തിരിച്ചുവന്ന ഇന്ത്യ ജയം സ്വപ്‌നം കണ്ടെങ്കിലും എംഎസ് ധോണിയുടെ റണ്ണൗട്ട് കളിയിലെ ടേണിങ് പോയിന്റാവുകയായിരുന്നു.

മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ നേരിട്ടുള്ള ത്രോയിലായിരുന്നു ധോണിയുടെ പുറത്താവല്‍. കളിയില്‍ 18 റണ്‍സിനു തോറ്റ് ഇന്ത്യ ഫൈനല്‍ കാണാതെ മടങ്ങുകയും ചെയ്തു. ഈ മല്‍സരത്തെക്കുറിച്ചുള്ള ഓര്‍മകള്‍ അന്നു ടീമിലുണ്ടായിരുന്ന സാന്റ്‌നര്‍ പങ്കുവയ്ക്കുകയും ചെയ്തിരിക്കുകയാണ്.
വളരെ സ്വപ്‌നതുല്യമായ ഒരു അനുഭവമായിരുന്നു അത്. ഇന്ത്യ റണ്‍ചേസ് നടത്തവെ അവിശ്വസനീയമായ തുടക്കമായിരുന്നു ഞങ്ങള്‍ക്കു ലഭിച്ചത്. അതോടെ സ്‌റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ അല്‍പ്പം നിശബ്ധരാവുകയും ചെയ്തിരുന്നു. എങ്കിലും എംഎസ് ധോണി ക്രീസിലുണ്ടായിരുന്നപ്പോള്‍ ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്നു.
എന്റെ തലയ്ക്കു മുകളിലൂടെ അദ്ദേഹം പറത്തിയ സിക്‌സര്‍ ഇപ്പോഴും മറന്നിട്ടില്ല. ഇന്ത്യന്‍ ടീം ഈ മല്‍സരം ജയിച്ച് ഫൈനലില്‍ കടക്കുമെന്നു തന്നെയായിരുന്നു ഇന്ത്യന്‍ ആരാധകര്‍ അപ്പോള്‍ വിശ്വസിച്ചത്. ഈ ഘട്ടത്തിലായിരുന്നു മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ത്രോയില്‍ ധോണി റണ്ണൗട്ടായത്. ഇതോടെ കളി മാറുകയും ഇന്ത്യന്‍ ആരാധകരെ തങ്ങള്‍ വീണ്ടും നിശബ്ധരാക്കുകയും ചെയ്തതായും സാന്റ്‌നര്‍ കൂട്ടിച്ചേര്‍ത്തു.