മുംബൈ: ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ ഇനി വെറും മൂന്ന് നാള്‍ മാത്രം. അരയും തലയും മുറുക്കി ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും റണ്ണറപ്പുകളായ ന്യൂസീലന്‍ഡും തമ്മിലുള്ള പോരാട്ടത്തോടെയാണ് ഇത്തവണത്തെ ഏകദിന ലോകകപ്പ് ആരംഭിക്കുന്നത്. 12 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യ വേദിയാവുന്ന ലോകകപ്പാണ് വരാനിരിക്കുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യ സജീവ കിരീട പ്രതീക്ഷയിലാണ്.
രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം കരുത്തരുടെ നിരയാണ്. സമീപകാലത്തെ ടീമിന്റെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. അതുകൊണ്ടുതന്നെ കിരീട പ്രതീക്ഷയും വാനോളമാണ്. എന്നാല്‍ ഇന്ത്യക്ക് വലിയ തലവേദനയാവുന്നത് ഇടം കൈയന്‍ പേസര്‍മാരാണ്. ഇന്ത്യയുടെ ഒട്ടുമിക്ക ബാറ്റ്‌സ്മാന്‍മാര്‍ക്കും ഇടം കൈയന്‍ പേസറെ നേരിടാന്‍ പ്രയാസമാണെന്ന് പറയാം. പ്രധാനമായും പാകിസ്താന്റെ ഷഹീന്‍ ഷാ അഫ്രീദിയാണ് ഇന്ത്യക്ക് വലിയ തലവേദനയാവുന്നത്.
താരത്തിന്റെ സ്വിങ് ചെയ്‌തെത്തുന്ന പന്തുകള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ ടോപ് ഓഡറിന് പല തവണ കാലിടറിയിട്ടുണ്ട്. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയ്ക്കും വിരാട് കോലിക്കും ഷഹീന് മുന്നില്‍ മുട്ടിടിക്കുകയാണെന്നതാണ് വസ്തുത. ഇപ്പോഴിതാ ഷഹീനെ നേരിടുമ്പോള്‍ രോഹിത്തിന് നിര്‍ണ്ണായക ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. രോഹിത് ശ്രദ്ധിക്കേണ്ടത് തന്റെ പാഡാണെന്നാണ് സ്‌റ്റെയിന്‍ പറയുന്നത്.
ഇടം കൈയന്‍മാര്‍ക്ക് മുന്നില്‍ രോഹിത് പല തവണ എല്‍ബിയില്‍ കുടുങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഫുട് വര്‍ക്കാണ് ശ്രദ്ധിക്കേണ്ടതെന്നും സ്റ്റെയിന്‍ പറയുന്നു. അതിവേഗത്തില്‍ സ്റ്റംപിലേക്ക് സ്വിങ് ചെയ്‌തെത്തുന്ന പന്തില്‍ ടൈമിങ് തെറ്റിയാല്‍ എല്‍ബിയില്‍ കുടുങ്ങും. അതുകൊണ്ടുതന്നെ രോഹിത് ന്യൂബോളില്‍ നന്നായി ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പും സ്റ്റെയിന്‍ നല്‍കുന്നു. രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ പവര്‍പ്ലേയ്ക്കുള്ളില്‍ അര്‍ധ സെഞ്ച്വറിയടക്കം നേടാന്‍ രോഹിത്തിനായിരുന്നു. ഇതേ ഫോം ഏകദിന ലോകകപ്പിലും നിലനിര്‍ത്താന്‍ രോഹിത്തിനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇടം കൈയന്‍ പേസര്‍മാര്‍ വലിയ ഭീഷണിയായി തുടരുന്നു. ഷഹീന്‍ മാത്രമല്ല മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രന്റ് ബോള്‍ട്ട് തുടങ്ങിയവരും രോഹിത്തിന് വലിയ തലവേദനയാണ്. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ പലപ്പോഴും തകര്‍ന്നടിഞ്ഞത് ഇടം കൈയന്‍മാര്‍ക്ക് മുന്നിലാണ്.
ഇത്തവണയും അത് ആവര്‍ത്തിക്കുമോയെന്നത് കണ്ടറിയണം. സമീപകാലത്തായി പോസിറ്റീവായി ഇന്ത്യ കളിക്കുന്നു. ഇത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യയുടെ നട്ടെല്ലായി മാറുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിയും മിന്നിക്കുന്നു. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം മധ്യനിരയില്‍ മിന്നിക്കുന്നു. സൂര്യകുമാര്‍ യാദവ് ഫിനിഷര്‍ റോളിലും മിന്നിക്കുന്നു.
വാലറ്റത്തിന്റെ ബാറ്റിങ് കരുത്ത് അല്‍പ്പം മോശമാണെങ്കിലും അതിനെ മറികടക്കാന്‍ ശേഷിയുള്ള ടോപ് ഓഡര്‍ ഇപ്പോള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മിന്നിക്കുമ്പോള്‍ സ്പിന്‍ നിരയില്‍ കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയുമുണ്ട്. ഇന്ത്യക്ക് തട്ടകത്തിന്റെ ആധിപത്യം കൂടിയാകുമ്പോള്‍ ഇത്തവണ ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കാനായേക്കും.
അവസാന രണ്ട് ലോകകപ്പിലും ആതിഥേയ ടീമുകളാണ് ലോകകപ്പ് നേടിയത്. അതുകൊണ്ടുതന്നെ ഇന്ത്യക്കും പ്രതീക്ഷകളേറെ. 2011ല്‍ ആതിഥേയരായപ്പോള്‍ എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ കപ്പുയര്‍ത്തിയിരുന്നു. ഇത്തവണ രോഹിത്തിന് കീഴില്‍ ഇന്ത്യക്ക് കപ്പിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.