അഹമ്മാദാബാദ്: ഏകദിന ലോകകപ്പില്‍ ചരിത്രം ആവര്‍ത്തിച്ച് പാകിസ്താനെ വീണ്ടും തോല്‍പ്പിച്ചിരിക്കുകയാണ് ഇന്ത്യ. തുടര്‍ച്ചയായ എട്ടാം തവണയാണ് വിശ്വകിരീട പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നത്. ആദ്യം ബാറ്റുചെയ്ത പാകിസ്താന്‍ 191 റണ്‍സിന് കൂടാരം കയറിയപ്പോള്‍ 117 പന്തും 7 വിക്കറ്റും ബാക്കിയാക്കിയാണ് ഇന്ത്യയുടെ ജയം. സര്‍വാധിപത്യം കാട്ടിയുള്ള ജയമാണ് ഇന്ത്യ നേടിയതെന്ന് പറയാം. പാകിസ്താനെ ചിത്രത്തിലേ ഇല്ലാതാക്കാന്‍ ഇന്ത്യക്ക് സാധിച്ചു.
ഇന്ത്യ-പാക് പോരാട്ടത്തെ ശത്രുക്കളുടെ പോരാട്ടമായാണ് ആരാധകര്‍ കാണുന്നത്. രണ്ട് രാജ്യങ്ങളുടേയും വൈകാരികതയാണ് മത്സരത്തില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ താരങ്ങള്‍ തമ്മില്‍ മികച്ച സൗഹൃദമാണുള്ളത്. മത്സരശേഷം പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം വിരാട് കോലിയോട് ജേഴ്‌സിയില്‍ ഓട്ടോഗ്രാഫ് ചോദിച്ചിരുന്നു. കോലി തന്റെ ജേഴ്‌സിയില്‍ ഒപ്പിട്ട് ബാബറിന് നല്‍കുകയും ചെയ്തു. ഇപ്പോഴിതാ ബാബറിന്റെ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ പേസര്‍ വസിം അക്രം.
പാകിസ്താന്‍ വലിയ തോല്‍വി നേരിട്ട് നില്‍ക്കുമ്പോള്‍ ഇത്തരമൊരു നടപടി ബാബറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നാണ് അക്രം പറയുന്നത്. 'എല്ലാ ആരാധകരുടേയും മുന്നില്‍ നിന്നാണ് ബാബര്‍ കോലിയുടെ ജേഴ്‌സി വാങ്ങിയത്. രഹസ്യമായിട്ടല്ല ഇത് ചെയ്തത്. അത് ചെയ്യാനുള്ള സമയം ഇതായിരുന്നില്ല. തന്റെ ബന്ധുക്കള്‍ക്കായോ മറ്റോ ആണ് ബാബര്‍ ഇത് ചെയ്യുന്നതെങ്കില്‍ ഡ്രസിങ് റൂമില്‍ വെച്ച് വാങ്ങണമായിരുന്നു'-അക്രം പറഞ്ഞു.
ബാബറും കോലിയും മികച്ച സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. പാകിസ്താന്‍ ആരാധകര്‍ ബാബര്‍ വിരാട് കോലിയെക്കാള്‍ മുകളില്‍ നില്‍ക്കുന്ന ബാറ്റ്‌സ്മാനാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ പാകിസ്താന്‍ തോറ്റുനില്‍ക്കുന്ന സാഹചര്യത്തില്‍ ബാബര്‍ കോലിയോട് ജേഴ്‌സി ചോദിച്ചത് പാക് ആരാധകരുടെ വികാരത്തിന് മുറിവേല്‍പ്പിക്കുന്നതാണെന്നാണ് അക്രം ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയെ നേരിടാന്‍ പാകിസ്താന്‍ മാനസികമായി തയ്യാറല്ലായിരുന്നുവെന്നും അക്രം ചൂണ്ടിക്കാട്ടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത പാകിസ്താന് മികച്ച തുടക്കമാണ് ലഭിച്ചത്. ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റിന് 155 എന്ന നിലയിലായിരുന്നു പാകിസ്താന്‍. എന്നാല്‍ പിന്നീട് കൂട്ടത്തകര്‍ച്ച നേരിടുകയും 191ല്‍ കൂടാരം കയറുകയുമായിരുന്നു. പാകിസ്താന്റെ മധ്യനിര ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യ കൃത്യമായി പൂട്ടി. പാതി ഓവര്‍ പിന്നിട്ടപ്പോഴേക്കും പിച്ച് നന്നായി സ്ലോവായി. ഇത് മനസിലാക്കാന്‍ പാകിസ്താന്റെ ബാറ്റിങ് നിരക്ക് സാധിക്കാതെ പോയതാണ് തകര്‍ച്ചക്ക് കാരണമായത്.
പാകിസ്താനെതിരേ മികച്ച ബൗളിങ് ചെയ്ഞ്ചുമായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കൈയടി നേടുകയും ചെയ്തു. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരുടെ ബൗളിങ് പ്രകടനമാണ് എടുത്തു പറയേണ്ടത്. പാകിസ്താന്റെ അവസാന പ്രതീക്ഷയായിരുന്നു മുഹമ്മദ് റിസ്വാന്‍. മികച്ച ഫോമിലായിരുന്ന റിസ്വാനെ ജസ്പ്രീത് ബുംറ ക്ലീന്‍ബൗള്‍ഡാക്കിയതാണ് മത്സരത്തിന്റെ ഗതി മാറ്റിയത്. ബാബര്‍ ആസമിനെ സിറാജ് ക്ലീന്‍ബൗള്‍ഡാക്കുകയും ചെയ്തു.
കുല്‍ദീപ് യാദവ് പാകിസ്താനെതിരേ സ്ഥിരതയോടെ മികവ് കാട്ടുന്നു. സൗദ് ഷക്കീലിനെയും വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഇഫ്തിഖര്‍ അഹമ്മദിനേയും കുല്‍ദീപ് യാദവാണ് കുടുക്കിയത്. ഇതാണ് പാകിസ്താന് തളര്‍ത്തിയത്. വാലറ്റത്തിനും മികവ് കാട്ടാന്‍ സാധിക്കാതെ പോയപ്പോള്‍ 191 എന്ന ചെറിയ സ്‌കോറിലേക്ക് പാകിസ്താന് ഒതുങ്ങേണ്ടി വന്നു. മറുപടിക്കിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. ശുബ്മാന്‍ ഗില്ലും രോഹിത് ശര്‍മയും തുടക്കത്തിലേ തന്നെ ആക്രമണം അഴിച്ചുവിട്ടു.
11 പന്തില്‍ 16 റണ്‍സുമായി ഗില്‍ പുറത്തായെങ്കിലും രോഹിത് ശര്‍മ 63 പന്തില്‍ 6 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 86 റണ്‍സുമായി കസറി. ശ്രേയസ് അയ്യര്‍ 62 പന്തില്‍ 3 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 53 റണ്‍സുമായി പുറത്താവാതെ നിന്നു. ഇതോടെ വമ്പന്‍ ജയത്തോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കെത്താനും ഇന്ത്യക്ക് സാധിച്ചു.