മുംബൈ: ഏകദിന ലോകകപ്പില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തോടെയാണ് ഇന്ത്യന്‍ ടീം കസറുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ പേസ് ബൗളിങ്ങിലും കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ സ്പിന്‍ നിരയിലും തകര്‍പ്പന്‍ പ്രകടനം നടത്തുന്നു. എട്ട് മത്സരത്തിലും ഗംഭീര ജയമാണ് ഇന്ത്യ നേടിയത്. ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ദക്ഷിണാഫ്രിക്ക, പാകിസ്താന്‍ ടീമുകളെയെല്ലാം ഇന്ത്യ തകര്‍ത്തു. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരമാണ് ഇന്ത്യക്ക് ശേഷിക്കുന്നത്.
ഇന്ത്യയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് തോന്നിച്ച എതിരാളികളെയെല്ലാം അനായാസമായാണ് ഇന്ത്യ തോല്‍പ്പിച്ചത്. അതിന്റെ കാരണം ബൗളിങ് നിരയുടെ തകര്‍പ്പന്‍ പ്രകടനമാണ്. ഇപ്പോഴിതാ സെമി ഫൈനല്‍ പടിവാതുക്കല്‍ നില്‍ക്കവെ ഇന്ത്യയുടെ വിജയ രഹസ്യവും ബൗളര്‍മാരുടെ മികവിന്റെ രഹസ്യവും വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസറും ഇതിഹാസവുമായ വസിം അക്രം. 'ഷമിയുടെ എല്ലാ പന്തുകളും മികച്ച വേഗത്തിലുള്ളതാണ്.
അത് വായുവില്‍ നേരെയാണ് കൂടുതലും സഞ്ചരിക്കുന്നത്. പന്ത് പിച്ച് ചെയ്ത് ശേഷം പല ഭാഗത്തേക്കും സ്വിങ് ചെയ്ത് മാറുന്നു. ഇത് ഷമിയുടെ കഴിവാണ്. സ്‌റ്റോക്‌സിനെ പുറത്താക്കിയ പന്ത് നോക്കുക. യാതൊരു ഐഡിയയും സ്‌റ്റോക്‌സിന് നല്‍കാതെയാണ് എറൗണ്ട് ദി വിക്കറ്റില്‍ നിന്ന് പോയ പന്ത് സ്റ്റംപിലേക്ക് കുത്തിക്കയറിയത്. ഷമിയുടെ ലെങ്തും വേഗവും പെട്ടെന്ന് മാറുന്നതല്ല. മിക്ക പന്തുകളും ഓഫ് സ്റ്റംപ് ലക്ഷ്യമാക്കിയുള്ളതാണ്.
അതുകൊണ്ടാണ് ഷമിയെ നേരിടാന്‍ പ്രയാസപ്പെടുന്നതും.' പാകിസ്താന്‍ ചാനലായ എ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ അക്രം പറഞ്ഞു. നാല് മത്സരത്തില്‍ നിന്ന് 16 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. ആദ്യത്തെ നാല് മത്സരവും കളിക്കാതിരുന്ന ഷമി പിന്നീട് കളിച്ച നാല് മത്സരത്തില്‍ നിന്ന് രണ്ട് അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ കാഴ്ചവെച്ചു. ഹാര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതോടെയാണ് പകരക്കാരനായി ഷമി പ്ലേയിങ് 11ലേക്കെത്തിയത്.

ജസ്പ്രീത് ബുംറ ആദ്യ ഓവറില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദ്ദമാണ് പിന്നാലെ എത്തുന്ന ഇന്ത്യന്‍ ബൗളര്‍മാര്‍ മുതലാക്കുന്നതെന്ന് പറയാം. റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടുന്ന ബുംറ ആദ്യ ഓവറില്‍ത്തന്നെ വിക്കറ്റും വീഴ്ത്തുന്നതോടെ എതിരാളികള്‍ വിറക്കുന്നു. മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഇതേ പോരാട്ട വീര്യം നിലനിര്‍ത്തുന്നതോടെ എതിരാളികളെ വേഗത്തില്‍ തകര്‍ക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നു. 'ബുംറ കൈക്കുഴയില്‍ നിന്ന് തന്നെ സ്വിങ് ചെയ്യിക്കുന്നു. ഷമി വേഗം കൊണ്ടാണ് സ്വിങ് കണ്ടെത്തുന്നത്.
ബുംറ 142ന് മുകളില്‍ വേഗം കണ്ടെത്തുകയും ഇതില്‍ സ്ഥിരത കാട്ടുകയും ചെയ്യുന്നുണ്ട്. ഇന്ത്യന്‍ താരങ്ങളുടെ ആത്മവിശ്വാസമാണ് എടുത്തു പറയേണ്ടത്. ആദ്യ പന്ത് മുതല്‍ ആത്മവിശ്വാസത്തോടെ പന്തെറിഞ്ഞ് ആധിപത്യം നേടിയെടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കുന്നുണ്ട്'-അക്രം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ബൗളര്‍മാരുടെ ഈ മികവ് സെമിയിലും ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇത്തവണയും സെമിയില്‍ ന്യൂസീലന്‍ഡാവും ഇന്ത്യയുടെ എതിരാളികള്‍.
2019ല്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായിരുന്നു. ഗ്രൂപ്പുഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ശേഷമാണ് 2019ലും ഇന്ത്യ സെമിയില്‍ പുറത്തായത്. അതുകൊണ്ടുതന്നെ ഇത്തവണയും ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. രോഹിത് ശര്‍മയെന്ന നായകന്റെ മികവില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നു. ഭാഗ്യവാനായ നായകനാണ് രോഹിത്.
അതുകൊണ്ടുതന്നെ ഇന്ത്യയുടെ സെമിയിലെ നിര്‍ഭാഗ്യം ഇത്തവണ മറികടക്കാന്‍ ടീമിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. നിലവിലെ ഫോം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നു. വിരാട് കോലിയും ഗംഭീര പ്രകടനമാണ് നടത്തുന്നത്. ഇതെല്ലാം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്നു. എന്തായാലും ടീമിന്റെ ഭാവി കാത്തിരുന്ന് തന്നെ കണ്ടറിയാം.