മുംബൈ: ഏകദിന ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരമാണ് കഴിഞ്ഞ ദിവസം നടന്ന ഓസ്‌ട്രേലിയ-അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ കണ്ടത്. ചരിത്ര അട്ടിമറിയോടെ അഫ്ഗാനിസ്ഥാന്‍ ഏകദിന ലോകകപ്പ് സെമിയിലേക്കെത്തുമെന്ന് തോന്നിച്ച മത്സരത്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ (201*) അത്ഭുതകരമായ പ്രകടനത്തോടെ ഓസീസ് ജയം പിടിച്ചെടുക്കുകയായിരുന്നു. 292 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസീസിന്റെ ഏഴ് വിക്കറ്റുകള്‍ 91 റണ്‍സിനിടെ വീണു.
പിന്നീട് കണ്ടത് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ അവിശ്വസനീയ ഇന്നിങ്‌സാണ്. 128 പന്ത് നേരിട്ട് 21 ഫോറും 10 സിക്‌സും ഉള്‍പ്പെടെയാണ് മാക്‌സ്‌വെല്‍ പുറത്താവാതെ നിന്നത്. 157ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് മാക്‌സ്‌വെല്‍ കസറിയത്. അഫ്ഗാന്‍ ജയിച്ചെന്ന് കരുതിയ കളിയാണ് മാക്‌സ്‌വെല്‍ ഒറ്റക്ക് മാറ്റിമറിച്ചത്. കാലിന്റെ പേശിവലിഞ്ഞ് വേദനകൊണ്ട് പുളഞ്ഞിട്ടും മാക്‌സ്‌വെല്‍ പൊരുതി ടീമിന് ജയം നേടിക്കൊടുക്കുകയായിരുന്നു.
അഫ്ഗാന്റെ തോല്‍വിക്ക് പല കാരണങ്ങളും ചൂണ്ടിക്കാട്ടാം. എന്നാല്‍ അഫ്ഗാന് പറ്റിയ പ്രധാന പിഴവ് എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ പാക് പേസറും ഇതിഹാസവുമായ വസിം അക്രം. മാക്‌സ് വെല്ലിനെ അനായാസമായി പുറത്താക്കാമെന്നും അഫ്ഗാന്‍ എന്തുകൊണ്ടാണ് അത് ചെയ്യാത്തതെന്നുമാണ് അക്രം ചോദിക്കുന്നത്. 'എന്തുകൊണ്ടാണ് മാക്‌സ് വെല്ലിനെതിരേ ഓഫ് സ്റ്റംപിന് പുറത്ത് പന്ത് എറിയാതിരുന്നത്?.
വലം കൈയന്‍ ബാറ്റ്‌സ്മാന്‍ ക്രീസിലുള്ളപ്പോള്‍ എറൗണ്ട് ദി വിക്കറ്റില്‍ ഓഫ് സ്റ്റംപിന് പുറത്ത് എറിയണമെന്നാണ് യുവ ബൗളര്‍മാരോട് ഞാന്‍ പറയാറുള്ളത്' എസ്‌പോര്‍ട്‌സില്‍ സംസാരിക്കവെ അക്രം പറഞ്ഞു. അഫ്ഗാന്‍ ബൗളര്‍മാര്‍ മാക്‌സ് വെല്ലിന്റെ സ്റ്റംപിനാണ് കൂടുതലും ആക്രമിച്ചത്. ഫോമിലേക്കെത്തിയാല്‍ മികച്ച ടൈമിങ്ങുള്ള ബാറ്റ്‌സ്മാനാണ് മാക്‌സ് വെല്‍. അതുകൊണ്ടുതന്നെ സ്റ്റംപിലേക്കെത്തുന്ന പന്തുകളെ അനായാസം താരം അടിച്ചുപറത്തും.

മാക്‌സ് വെല്ലിന് പേശിവലിവ് സംഭവിച്ചിരുന്നു. അതുകൊണ്ടുതന്നെ ഫുട് വര്‍ക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഓഫ് സൈഡില്‍ പന്തെറിയുമ്പോള്‍ ഫുട് വര്‍ക്ക് ചെയ്യാതെ വലിയ ഷോട്ടുകള്‍ കളിച്ചാല്‍ ടൈമിങ് പിഴക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ അഫ്ഗാന്‍ താരങ്ങള്‍ക്ക് പയറ്റി നോക്കാവുന്ന തന്ത്രമായിരുന്നു ഇത്. ദൗര്‍ഭാഗ്യവശാല്‍ അഫ്ഗാന് അതിന് സാധിക്കാതെ പോയി. ജയം ഉറപ്പിച്ച അമിത ആത്മവിശ്വാസമാണ് അഫ്ഗാനെ ചതിച്ചതെന്ന് നിസംശയം പറയാം.
എന്നാല്‍ മാക്‌സ് വെല്ലിനെ പുറത്താക്കാന്‍ ലഭിച്ച അവസരങ്ങള്‍ കൈവിട്ടുകളഞ്ഞ അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍ തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് പറയാം. നൂര്‍ അഹമ്മദിന്റെ പന്തില്‍ മുജീബുര്‍ റഹ്‌മാന്റെ കൈയിലേക്ക് അനായാസമായി മാക്‌സ് വെല്ലിന്റെ ക്യാച്ച് എത്തിയതാണ്. എന്നാല്‍ പിടിക്കാന്‍ മുജീബുറിന് സാധിച്ചില്ല. ഇത് മത്സരത്തില്‍ വഴിത്തിരിവാകുകയും ചെയ്തു. റാഷിദ് ഖാന്റെ ഓവറിലും മാക്‌സ് വെല്ലിന്റെ ക്യാച്ച് അവസരം ലഭിച്ചിരുന്നു.
എന്നാല്‍ അല്‍പ്പം പ്രയാസമുണ്ടായിരുന്ന ക്യാച്ച് പിടിച്ചെടുക്കാന്‍ അഫ്ഗാന്‍ നായകന്‍ ഹഷ്മത്തുല്ല ഷാഹിദിക്ക് സാധിച്ചില്ല. ഈ രണ്ട് ക്യാച്ചുകള്‍ കൈവിട്ടത് മത്സരത്തിന്റെ ഗതി മാറ്റി. അഫ്ഗാന്‍ നായകന്റെ അനുഭവസമ്പത്ത് കുറവ് മത്സരത്തില്‍ പ്രതിഫലിച്ചു. ബൗളര്‍മാരെ ഉപയോഗിച്ചതില്‍ തെറ്റുപറ്റി. മുഹമ്മദ് നബിക്ക് പന്തുനല്‍കിയത് മാക്‌സ് വെല്ലും പാറ്റ് കമ്മിന്‍സും ക്രീസില്‍ നിലയുറപ്പിച്ച് ഫോമിലേക്കെത്തിയ ശേഷമാണ്. ഷോര്‍ട്ട് ബോളുകള്‍ എറിയാന്‍ പേസ് ബൗളര്‍മാര്‍ തയ്യാറായില്ല.
കാലിന് വേദനയുണ്ടായിരുന്ന മാക്‌സ് വെല്ലിന് മികച്ച ഫുട് വര്‍ക്കോടെ ഷോര്‍ട്ട് ബോളുകള്‍ കളിക്കാന്‍ സാധിക്കുമെന്ന് കരുതാനാവില്ല. എന്നാല്‍ താരത്തിന്റെ ദൗര്‍ബല്യം മനസിലാക്കി പന്തെറിയുന്നതില്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ പിന്നോട്ട് പോയി. ഇതാണ് അര്‍ഹിച്ച ജയം അഫ്ഗാന് നഷ്ടമാക്കിയതെന്ന് പറയാം. ആവേശ ജയത്തോടെ ഓസ്‌ട്രേലിയ സെമി ഉറപ്പിച്ചപ്പോള്‍ അഫ്ഗാന്റെ സെമി വാതിലാണ് തോല്‍വിയോടെ കൊട്ടി അടക്കപ്പെട്ടത്.