മുംബൈ: കാത്തിരിപ്പിന് വിരാമമിട്ട് മറ്റൊരു ഏകദിന ലോകകപ്പ് കൂടി വരികയാണ്. ഇത്തവണ ഇന്ത്യ ആതിഥേയരാവുന്ന ലോകകപ്പിന് ഒക്ടോബര്‍ 5നാണ് കൊടിയേറുന്നത്. 2019ല്‍ ഇംഗ്ലണ്ടായിരുന്നു ചാമ്പ്യന്മാര്‍. ഇത്തവണ ഇന്ത്യന്‍ മണ്ണിലേക്ക് വീണ്ടും ലോകകപ്പ് വിരുന്നെത്തുമ്പോള്‍ 2011ലെ കിരീട നേട്ടം ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2013ന് ശേഷം ഇതുവരെ ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
അതുകൊണ്ടുതന്നെ ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങുന്നത്. ഇന്ത്യ നേരത്തെ തന്നെ ലോകകപ്പിനായുള്ള ടീമിനെ തീരുമാനിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരൊക്കെയാവും ഇതില്‍ ഉള്‍പ്പെടുക, ആരൊക്കെയാവും പുറത്തുപോവുകയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യയുടെ ലോകകപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളായ ചിലര്‍ക്ക് ഒരു തവണ പോലും ഏകദിന ലോകകപ്പ് കളിക്കാന്‍ സാധിക്കാതെ പോയിട്ടുണ്ട്.
ഇത്തരത്തില്‍ നിര്‍ഭാഗ്യവാന്മാരായ ഇന്ത്യയുടെ അഞ്ച് കളിക്കാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. വിവിഎസ് ലക്ഷ്മണനാണ്
ഇതിലെ ഒന്നാമത്തെ താരം. സച്ചിന്‍, ദ്രാവിഡ്, ഗാംഗുലി യുഗത്തിലെ ക്ലാസിക് താരങ്ങളിലൊരാളാണ് ലക്ഷ്മണ്‍. ടെസ്റ്റിലാണ് കൂടുതല്‍ ശോഭിച്ചതെങ്കിലും ഇന്ത്യക്കായി 86 ഏകദിനം കളിച്ച് 2338 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. 30.8 ശരാശരിയിലായിരുന്നു പ്രകടനം. 2003ലെ ഏകദിന ലോകകപ്പില്‍ ബാക്കപ്പ് സ്‌ക്വാഡില്‍ ലക്ഷ്മണ്‍ ഇടം പിടിച്ചിരുന്നു. പക്ഷെ കളിക്കാന്‍ സാധിച്ചില്ല.
2007ലെ ഏകദിന ലോകകപ്പില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടു. ഇതോടെ ലോകകപ്പ് കളിക്കാന്‍ ഭാഗ്യമില്ലാത്ത സൂപ്പര്‍ താരങ്ങളിലൊരാളായി ലക്ഷ്മണ്‍ മാറി. രണ്ടാമത്തെ താരം ഇര്‍ഫാന്‍ പഠാനാണ്. ഒരു കാലത്ത് ഇന്ത്യയുടെ തുറുപ്പുചീട്ടായിരുന്നു ഇര്‍ഫാന്‍. ഇടം കൈയില്‍ സ്വിങ് മാന്ത്രികതയുമായെത്തി വിസ്മയിപ്പിക്കാന്‍ ഇര്‍ഫാന് സാധിച്ചിട്ടുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിച്ച ഇര്‍ഫാന് ഒരു തവണ പോലും ഏകദിന ലോകകപ്പ് കളിക്കാന്‍ സാധിച്ചിട്ടില്ല.

2007ല്‍ ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമില്‍ ഇര്‍ഫാനുണ്ടായിരുന്നു. എന്നാല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഒരു തവണ പോലും പരിഗണിച്ചില്ല. 120 ഏകദിനത്തില്‍ നിന്ന് 1544 റണ്‍സും 173 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഓള്‍റൗണ്ടറെന്ന നിലയില്‍ തിളങ്ങാനുള്ള കഴിവുണ്ടായിട്ടും ഇന്ത്യ ഇര്‍ഫാനെ ഏകദിന ലോകകപ്പിലേക്ക് പരിഗണിച്ചേയില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.
ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാതെ പോയ സ്പിന്നര്‍മാരിലൊരാളാണ് അമിത് മിശ്ര. ആര്‍ അശ്വിനും രവീന്ദ്ര ജഡേജക്കും വലിയ പിന്തുണ ലഭിച്ചപ്പോള്‍ ഒതുക്കപ്പെട്ടുപോയ താരമാണ് മിശ്ര. ഇന്ത്യക്കായി 36 ഏകദിനം കളിച്ച് 64 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 22 ടെസ്റ്റില്‍ നിന്ന് 76 വിക്കറ്റും 10 ടി20യില്‍ നിന്ന് 16 വിക്കറ്റും അമിത് മിശ്ര നേടി. മികച്ച കണക്കുകള്‍ അവകാശപ്പെടാന്‍ സാധിക്കുമെങ്കിലും ലോകകപ്പ് കളിക്കാന്‍ ഭാഗ്യം ലഭിച്ചില്ല.
അമ്പാട്ടി റായുഡുവാണ് ദൗര്‍ഭാഗ്യവാനായ മറ്റൊരു താരം. വലം കൈയന്‍ ബാറ്റ്‌സ്മാനെ 2019ലെ ലോകകപ്പ് മുന്നില്‍ക്കണ്ട് നാലാം നമ്പറില്‍ ഇന്ത്യ പിന്തുണച്ചിരുന്നു. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ അപ്രതീക്ഷിതമായി തഴയപ്പെടുകയും റായുഡുവിന് പകരം വിജയ് ശങ്കര്‍ ടീമിലേക്കെത്തുകയും ചെയ്യുകയായിരുന്നു. 55 ഏകദിനത്തില്‍ നിന്ന് 47 ശരാശരിയില്‍ 1694 റണ്‍സാണ് റായുഡു നേടിയത്. ഇത്രയും മികച്ച കണക്കുകള്‍ അവകാശപ്പെടാനുണ്ടായിട്ടും അദ്ദേഹത്തിന് ലോകകപ്പ് കളിക്കാന്‍ അവസരം ലഭിച്ചില്ല.
ഇഷാന്ത് ശര്‍മയാണ് മറ്റൊരാള്‍. ഒരു കാലത്ത് ഇന്ത്യയുടെ പേസ് നിരയുടെ കുന്തമുനയായിരുന്നു ഇഷാന്ത് ശര്‍മ. തന്റെ ഉയരക്കൂടുതലിനെ മുതലാക്കി പന്തെറിഞ്ഞ ഇഷാന്ത് 2013ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയുടെ അലമാരയിലെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചയാളാണ്. 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റാണ് അദ്ദേഹം നേടിയത്. 2011ലെ ഏകദിന ലോകകപ്പില്‍ പരിഗണിക്കപ്പെടാതിരുന്ന ഇഷാന്തിന് 2015ലെ ലോകകപ്പിന്റെ സമയത്ത് പരിക്കായിരുന്നു.