മുംബൈ: ഏകദിന ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്നുകഴിഞ്ഞു. ഇന്ത്യയാണ് ഇത്തവണ ആതിഥേയരാവുന്നത്. ഓരോ ടീമും ഒന്നിനൊന്ന് ശക്തമായതിനാല്‍ തീപ്പൊരി പോരാട്ടം തന്നെയാണ് ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ സാഹചര്യം ഒട്ടുമിക്ക ടീമുകള്‍ക്കും സുപരിചിതമാണ്. അതുകൊണ്ടുതന്നെ ആതിഥേയരെന്ന നിലയില്‍ മുന്‍തൂക്കം അവകാശപ്പെടാന്‍ ഇന്ത്യക്കാവില്ല. ഇത്തവണത്തെ ലോകകപ്പില്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ കാത്തിരിക്കുന്ന നിരവധി താരങ്ങളുണ്ട്.
പല പ്രമുഖ താരങ്ങളുടേയും ഇന്ത്യയിലെ ബാറ്റിങ് റെക്കോഡ് മികച്ചതാണ്. കെയ്ന്‍ വില്യംസണ്‍, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത് തുടങ്ങിയവര്‍ക്കെല്ലാം ഇന്ത്യയില്‍ മികച്ച ബാറ്റിങ് പ്രകടനം അവകാശപ്പെടാം. എന്നാല്‍ ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ ആരാവും ടോപ് സ്‌കോറര്‍? മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ പ്രവചനം വൈറലായിരിക്കുകയാണ്. ഇന്ത്യയുടെ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മയാവും ലോകകപ്പില്‍ ടോപ് സ്‌കോററാവുകയെന്നാണ് സെവാഗ് പ്രവചിക്കുന്നത്.
സമീപകാലത്തായി രോഹിത് ശര്‍മ മോശം ഫോമിലാണ്. എന്നാല്‍ രോഹിത് തന്നെ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമനാവുമെന്നാണ് സെവാഗ് പറയുന്നത്. ഏകദിന ലോകകപ്പില്‍ മികച്ച റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് രോഹിത്. 2019ലെ ഏകദിന ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികളാണ് രോഹിത് അടിച്ചെടുത്തത്. ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡ് ഹിറ്റ്മാന്റെ പേരിലാണ്. ഇംഗ്ലണ്ട് വേദിയായ അവസാന ലോകകപ്പിന്റെ സെമിയിലാണ് ഇന്ത്യ പുറത്തായത്.
ഇന്ത്യയിലും ഗംഭീര ബാറ്റിങ് റെക്കോഡ് രോഹിത്തിന് അവകാശപ്പെടാം. ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള രോഹിത് ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ കസറാനുള്ള സാധ്യത കൂടുതലാണ്. രോഹിത്തിനെ സംബന്ധിച്ച് ഇത്തവണത്തെ ഏകദിന ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. ഫോമിലേക്കെത്താനാവാതെ പോവുകയും ലോകകപ്പ് നേടിക്കൊടുക്കാതിരിക്കുകയും ചെയ്താല്‍ രോഹിത്തിന്റെ ടീമിലെ സീറ്റ് തെറിക്കുമെന്നുറപ്പാണ്.

രോഹിത്തിനെ സംബന്ധിച്ച് നിലനില്‍പ്പിന്റെ ലോകകപ്പാണിത്. 2011ല്‍ ആതിഥേയരായപ്പോള്‍ കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കപ്പിലേക്കെത്താനാവാതെ പോയാല്‍ നായകനെന്ന നിലയില്‍ രോഹിത്തിനത് ക്ഷീണമായിരിക്കുമെന്നുറപ്പ്. രോഹിത് ഇത്തവണ ടോപ് സ്‌കോററാവുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ഇന്ത്യയുടെ വിരാട് കോലിയുടെ ബാറ്റിങ്ങില്‍ വലിയ പ്രതീക്ഷയാണുള്ളത്. മൂന്ന് വര്‍ഷത്തോളം മോശം ഫോമിലായിരുന്നു കോലി.
പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയ കോലി സമീപകാലത്ത് കളിച്ച പരമ്പരകളിലെല്ലാം തിളങ്ങിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കോലിയുടെ പ്രകടനത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്. ഇന്ത്യയുടെ യുവതാരം ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ് പ്രകടനവും ഇന്ത്യക്ക് കരുത്ത് പകരുന്നതാണ്. അടുത്ത വിരാട് കോലിയെന്ന് പേരെടുത്ത ശുബ്മാന്‍ ഗില്‍ ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ കസറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
പാകിസ്താന്റെ ബാബര്‍ ആസം, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ മികച്ച ബാറ്റിങ് പ്രകടനം നടത്താന്‍ കഴിവുള്ളവരാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് അവകാശപ്പെടാനാവില്ലെങ്കിലും ഏത് പിച്ചിലും തിളങ്ങാന്‍ ഇവര്‍ക്ക് കഴിവുണ്ട്. സ്പിന്നിനെ നന്നായി നേരിടാന്‍ രണ്ട് പാക് താരങ്ങള്‍ക്കുമാവും. അതുകൊണ്ടുതന്നെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം ഇവര്‍ കാഴ്ചവെച്ചേക്കും.
ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍ ഇത്തവണ വലിയ അപകടം വിതച്ചേക്കും. ഇന്ത്യന്‍ പിച്ചിലെ വിശ്വസ്തനായ താരങ്ങളിലൊരാളാണ് ബട്‌ലര്‍. ഫോമിലേക്കെത്തിയാല്‍ സ്ഥിരതയോടെ മുന്നേറാന്‍ ബട്‌ലര്‍ക്ക് സാധിക്കും. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് ജോസ് ബട്‌ലര്‍. ഓസീസിന്റെ ഇടം കൈയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറേയും ഭയക്കണം. ഇടം കൈയന്‍ താരത്തിന് ഇന്ത്യന്‍ പിച്ചില്‍ ഗംഭീര റെക്കോഡാണുള്ളത്.
സമീപകാലത്തായി മോശം ഫോമിലാണെങ്കിലും ഇന്ത്യന്‍ പിച്ചിനെ നന്നായി അറിയാം. ഇത്തവണത്തെ ഓസ്‌ട്രേലിയയുടെ കുതിപ്പില്‍ വാര്‍ണറുടെ പ്രകടനമാവും ഓസീസിന് നിര്‍ണ്ണായകമാവുക.