അഹമ്മദാബാദ്: ഇന്ത്യയുടെ വിശ്വകിരീടത്തിനായി കണ്ണുനട്ടിരുന്നവരെ നിരാശരാക്കി ഏകദിന ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ നേടിയിരിക്കുകയാണ്. ആവേശ ഫൈനലില്‍ ഇന്ത്യയെ ആറ് വിക്കറ്റിനാണ് സന്ദര്‍ശകരായ കംഗാരുക്കള്‍ തകര്‍ത്തത്. തോല്‍വി അറിയാതെ 10 ജയങ്ങളോടെ ഫൈനലിലേക്കെത്താന്‍ ഇന്ത്യക്കായെങ്കിലും കലാശപ്പോരാട്ടത്തില്‍ ഇന്ത്യ കളി മറക്കുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങളൊന്നും ഫൈനലില്‍ ഫലം ചെയ്തില്ല.
മോശം ബാറ്റിങ്ങാണ് ഫൈനലില്‍ ഇന്ത്യക്ക് തിരിച്ചടിയായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് തൊട്ടതെല്ലാം പിഴച്ചു. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ നായകന്‍ രോഹിത് ശര്‍മയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയേയും മോശം ഷോട്ട് സെലക്ഷനേയുമാണ് സെവാഗ് വിമര്‍ശിച്ചത്. 'രോഹിത് ശര്‍മക്ക് നിരാശ ഉണ്ടായോ ഇല്ലെയോ എന്നതല്ല, ടീം മാനേജ്‌മെന്റിനും ആരാധകര്‍ക്കും നിരാശയുണ്ടായി.
ഒരു സിക്‌സും ഫോറും അടിച്ചുനില്‍ക്കുമ്പോള്‍ അത്തരമൊരു ഷോട്ട് വേണ്ടിയിരുന്നില്ലെന്ന് ടീം മാനേജ്‌മെന്റ് അവനോട് പറയേണ്ടിയിരുന്നു. പവര്‍പ്ലേയുടെ അവസാന ഓവര്‍ എന്ന നിലയില്‍ പരമാവധി മുതലാക്കാനാണ് രോഹിത് ശ്രമിച്ചത്. മാക്‌സ് വെല്ലിനെ പരമാവധി മുതലാക്കാന്‍ ശ്രമിച്ചു. എന്നാല്‍ രോഹിത് പുറത്തായത് മോശം ഷോട്ടിലായിരുന്നുവെന്നത് നിസംശയം പറയാം. അവസരം ലഭിക്കുമ്പോള്‍ വലിയ ഷോട്ട് കളിക്കണം. എന്നാല്‍ മത്സരത്തിന്റെ സാഹചര്യം മനസിലാക്കണം.
രോഹിത് പുറത്തായ ശേഷം തികച്ചും വ്യത്യസ്തമായ പിച്ചാണ് കാണാനായത്. പിന്നീടുള്ള ആര്‍ക്കും അതിവേഗത്തില്‍ റണ്‍സുയര്‍ത്താനോ സ്‌ട്രൈക്ക് മാറി കളിക്കാനോ സാധിച്ചില്ല'- ക്രിക് ബസിനോട് സംസാരിക്കവെ സെവാഗ് പറഞ്ഞു. ശുബ്മാന്‍ ഗില്‍ നാല് റണ്‍സുമായി പുറത്തായി. അതുകൊണ്ടുതന്നെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പരമാവധി മുന്നോട്ട് കൊണ്ടുപോകാന്‍ നായകനെന്ന നിലയില്‍ രോഹിത് ശര്‍മ ശ്രമിക്കണമായിരുന്നു.

മാക്‌സ് വെല്ലിനെ കേവലം പാര്‍ട്ട് ടൈം ബൗളറായി കാണാതെ വേണ്ടത്ര ബഹുമാനം നല്‍കണമായിരുന്നു. അത് രോഹിത് നല്‍കാത്തതാണ് വിക്കറ്റില്‍ അവസാനിച്ചത്. രോഹിത് പുറത്തായതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി. പിന്നാലെയെത്തിയ ശ്രേയസ് അയ്യരേയും ഇത് ബാധിച്ചു. രോഹിത്തിന്റെ വിക്കറ്റാണ് മത്സരഫലത്തെ മാറ്റിമറിച്ചത്. 20 ഓവറെങ്കിലും രോഹിത് ബാറ്റുചെയ്തിരുന്നെങ്കില്‍ ഇന്ത്യക്ക് മികച്ചൊരു ടോട്ടലിലേക്കെത്താന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ 240 റണ്‍സ് തീര്‍ത്തും നിരാശപ്പെടുത്തുന്ന സ്‌കോറാണ്. ലോകകപ്പില്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ഫൈനലില്‍ അത്ര മികച്ച പ്രകടനമല്ല കാഴ്ചവെച്ചത്. എക്‌സ്ട്രാ റണ്‍സ് വിട്ടുകൊടുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ മടികാട്ടിയില്ല. കൂടാതെ ഫീല്‍ഡിങ്ങിലും ഇന്ത്യക്ക് പ്രതീക്ഷിച്ച നിലവാരം കാട്ടാനാവാതെ പോയി. ഇന്ത്യക്ക് ആറാം ബൗളറുടെ അഭാവമുണ്ടായിരുന്നു. അഞ്ച് ബൗളര്‍മാരെ മാത്രം ഉപയോഗിച്ച് തന്ത്രം മെനയാന്‍ രോഹിത് നിര്‍ബന്ധിതനായി.
ഹാര്‍ദിക് പാണ്ഡ്യക്ക് പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നത് ഇന്ത്യയെ എത്രത്തോളം ബാധിച്ചുവെന്നത് ഫൈനലിലെ പ്രകടനത്തില്‍ നിന്ന് വ്യക്തം. ഹാര്‍ദിക്കിനെപ്പോലൊരു താരമുണ്ടായിരുന്നെങ്കില്‍ ഇന്ത്യയുടെ മത്സരഫലം മറ്റൊന്നായി മാറുമായിരുന്നു. ഫൈനലില്‍ ടോസ് നഷ്ടമായ ഇന്ത്യ കടന്നാക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള ശ്രമത്തിനിടെ ടോപ് ഓഡര്‍ വീണതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി.
രോഹിത്തിന് ക്യാപ്റ്റനെന്ന നിലയില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കാനോ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ പിടിച്ചുകെട്ടാനോ സാധിച്ചില്ല. വ്യക്തമായ പദ്ധതികളില്ലായിരുന്നു ഇന്ത്യക്ക്. പിച്ച് ക്യൂറേറ്റര്‍ മത്സരത്തിന് മുമ്പ് തന്നെ പിച്ചിന്റെ സ്വഭാവത്തെക്കുറിച്ച് കൃത്യമായി സൂചന നല്‍കിയിരുന്നു. 300ലധികം റണ്‍സ് ആദ്യം ബാറ്റുചെയ്യുന്ന ടീം നേടണമെന്നാണ് ക്യൂറേറ്റര്‍ പറഞ്ഞത്. എന്നാല്‍ ഇതിനനുസരിച്ച് തന്ത്രം മെനയാനോ അത് നടപ്പിലാക്കാനോ ഇന്ത്യക്ക് സാധിക്കാതെ പോയി. എന്തായാലും കപ്പ് നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.