ലോകകപ്പില്‍ സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയുടെ സെഞ്ച്വറിക്കെതിരേ ആഞ്ഞടിച്ച് പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായിരുന്ന മുഹമ്മദ് ഹഫീസ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പോരില്‍ 49ാം ഏകദിന സെഞ്ച്വറിയാണ് കോലി കണ്ടെത്തിയത്. ഇതോടെ മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുള്ള 49 ഏകദിന സെഞ്ചറികളെന്ന ലോക റെക്കോര്‍ഡിനൊപ്പവും അദ്ദേഹം എത്തിയിരുന്നു.
പക്ഷെ വളരെ സ്വാര്‍ഥമായ ഇന്നിങ്‌സാണ് അദ്ദേഹം കളിച്ചതെന്നു വിവിധ കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് ഹഫീസിനുമുള്ളത്. ടോപ്പ് ക്രിക്കറ്റ് അനാലിസെന്ന പാകിസ്താനിലെ ഒരു ഷോയില്‍ സംസാരിക്കവെയാണ് കോലിക്കെതിരേ ഹഫീസ് ആഞ്ഞടിച്ചത്.

സൗത്താഫ്രിക്കയുമായുള്ള കളിയില്‍ 97 റണ്‍സെടുത്ത ശേഷം അടുത്ത മൂന്നു റണ്‍സിനു വേണ്ടി വിരാട് കോലി സ്വീകരിച്ച സമീപനത്തോടു ഞാന്‍ യോജിക്കുന്നില്ല. അതു തെറ്റ് തന്നെയാണ്. 48, 49, 50 ഓവറുകളില്‍ നിങ്ങള്‍ (കോലി) സ്വന്തം വ്യക്തിഗത നേട്ടങ്ങളെക്കുറിച്ചാണ് ചിന്തിച്ചത്, മല്‍സരം ജയിക്കാനല്ല. സ്വന്തം ടീമിനെ വിജയിപ്പിക്കാനല്ലേ ഒരു താരം നോക്കേണ്ടതെന്നും ഹഫീസ് ചോദിച്ചു.
വിരാട് കോലിക്കു അപ്പോള്‍ ഒരു ഫോര്‍ അടിക്കാമായിരുന്നു. ഇനി 12 ബോളോ, എട്ടു ബോളായാണ് ഇന്നിങ്‌സില്‍ ബാക്കിയുള്ളതെന്നു മനസ്സിലാക്കിയ ശേഷം 97ല്‍ സിക്‌സറടിക്കാന്‍ ശ്രമിച്ചാല്‍ അതാണ് ശരി. നാഴികക്കല്ലുകള്‍ വന്നു കൊണ്ടേയിരിക്കും. പക്ഷെ ആദ്യത്തെ ലക്ഷ്യം എന്താണെന്നു നിങ്ങള്‍ ചിന്തിക്കേണ്ടതുണ്ട്.
നിങ്ങള്‍ സ്വന്തം രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. എതിരാളികളില്‍ നിന്നും നിങ്ങള്‍ക്കു മല്‍സരം ജയിക്കേണ്ടത് ആവശ്യമാണ്. സൗത്താഫ്രിക്ക റണ്‍ചേസ് നടത്തി ജയിച്ചിരുന്നെങ്കില്‍ കോലി അവസാന ഓവറുകളില്‍ സിംഗിളുകള്‍ നേടിയത് ചോദ്യം ചെയ്യപ്പെടുമായിരുന്നെന്നും ഹഫീസ് നിരീക്ഷിച്ചു.
ഫോറോ, സിക്‌റോ അടിക്കാന്‍ ശ്രമിച്ച ശേഷം പുറത്താവുകയാണെങ്കില്‍ കുഴപ്പമില്ല. പക്ഷെ കോലിയെന്താണ് കാണിച്ചത്. 49ാം ഓവറില്‍ സിംഗിളെടുത്ത് 99 റണ്‍സും വീണ്ടുമൊരു സിംഗിളെടുത്ത് സെഞ്ച്വറിയും തികയ്ക്കാനാണ് നോക്കിയത്. ഇതിനെയാണ് ഞാന്‍ വിമര്‍ശിക്കുന്നത്. കോലി ചെയ്തത് ശരിയായിരുന്നുവെന്നു ഞാന്‍ കരുതുന്നില്ല.
ആളുകള്‍ അദ്ദേഹത്തിന്റെ ഇന്നിങ്‌സിനെയും സെഞ്ച്വറി നേട്ടത്തെയുമെല്ലാം അഭിനന്ദിക്കുന്നുണ്ടായിരിക്കാം. ഞാനും കോലിയുടെ വലിയൊരു ഫാനാണ്. പക്ഷെ ഈ കളിയിലെ അദ്ദേഹത്തിന്റെ സമീപനം ഞാന്‍ അംഗീകരിക്കുന്നില്ല. ലോകകപ്പില്‍ മൂന്നാമത്തെ മല്‍സരത്തിലാണ് കോലി ഈ തരത്തില്‍ സെല്‍ഫിഷായി ബാറ്റ് ചെയ്തതെന്നും ഹഫീസ് വിമര്‍ശിച്ചു.
121 ബോളുകളില്‍ നിന്നും 10 ഫോറുകളടക്കമാണ് കോലി പുറത്താവാതെ 101 റണ്‍സ് നേടിയത്. അവസാനത്തെ 10 ഓവറുകളില്‍ രണ്ടു ഫോറുകള്‍ മാത്രമാണ് അദ്ദേഹത്തിനു നേടാനായത്. കോലിയെ വിമര്‍ശിച്ച ഹഫീസ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ അഗ്രസീവ് ഇന്നിങ്‌സിനെ പ്രശംസിക്കുകയും ചെയ്തു.

24 ബോളില്‍ നിന്നും ആറു ഫോറും രണ്ടു സിക്‌സറുമടക്കം 40 റണ്‍സ് വാരിക്കൂട്ടിയ രോഹിത് ടീമിനു സ്‌ഫോടനാത്മക തുടക്കമാണ് നല്‍കിയത്. ആദ്യ 10 ഓവറില്‍ ഇന്ത്യയെ 90 റണ്‍സിലെത്തിക്കാനും അദ്ദേഹത്തിന്റെ ഇന്നിങ്‌സ് സഹായിച്ചിരുന്നു.
രോഹിത്തിനും സെല്‍ഫിഷ് ഇന്നിങ്‌സ് കളിക്കാമായിരുന്നു. പക്ഷെ അദ്ദേഹം അതു ചെയ്തില്ല. കാരണം സ്വയം തനിക്കു വേണ്ടിയല്ല, മറിച്ച് ഇന്ത്യന്‍ ടീമിനു വേണ്ടിയാണ് രോഹിത് കളിച്ചത്. നിങ്ങള്‍ തീര്‍ച്ചയായും അദ്ദേഹത്തിനു ക്രെഡിറ്റ് നല്‍കിയേ തീരൂ. ശരിയായ ഉദ്ദേശത്തോടെയാണ് അദ്ദേഹം അഗ്രസീവായി കളിച്ച് സ്വന്തം വിക്കറ്റ് ത്യജിച്ചു കൊണ്ടിരിക്കുന്നത്.
സൗത്താഫ്രിക്കയ്ക്കു നല്ല ഷോക്ക് തന്നെയാണ് രോഹിത് തുടക്കത്തില്‍ നല്‍കിയത്. പിച്ച് കടുപ്പമായിരിക്കുമെന്നും ബോള്‍ പുതിയതായിരിക്കുമ്പോള്‍ ആക്രമിക്കണമെന്നും അദ്ദേഹത്തിനു അറിയമായിരുന്നു. രോഹിത്തിനും വേണമെങ്കില്‍ കോലിയെപ്പോലെ കളിക്കാന്‍ സാധിക്കും. പക്ഷെ വ്യക്തിഗത നേട്ടങ്ങളേക്കാള്‍ വലുതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഹഫീസ് കൂട്ടിച്ചേര്‍ത്തു.