For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

World Cup 2023: തീയായി ഷമി, പിന്നെ കോലി ഷോ! 20 വര്‍ഷത്തെ കാത്തിരിപ്പ് തീര്‍ന്നു, മിന്നിച്ച് ഇന്ത്യ

ധര്‍മശാല: ഫൈഫറുമായി മുഹമ്മദ് ഷമിയും പിന്നാലെ വിരാട് കോലിയുടെ ബാറ്റിങ് ഷോയും കണ്ടപ്പോള്‍ ടീം ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പ് തീര്‍ന്നു. ഐസിസി ടൂര്‍ണമെന്റില്‍ തങ്ങളുടെ പേടിസ്വപ്‌നമായ ന്യൂസിലാന്‍ഡിനെയും തകര്‍ത്ത് ലോകകപ്പില്‍ തുടര്‍ച്ചയായ അഞ്ചാം വിജയം കൊയ്തിരിക്കുകയാണ് ഇന്ത്യ. മാത്രമല്ല കിവികളെ പിന്തള്ളി ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയും ചെയ്തു.

2003ലെ ഏകദിന ലോകകപ്പിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയ ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍ അവര്‍ക്കെതിരേ ഇന്ത്യയുടെ ആദ്യത്തെ വിജയം കൂടിയാണിത്. 274 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് കിവികള്‍ ഇന്നു ഇന്ത്യക്കു നല്‍കിയത്. ചേസ് മാസ്റ്റര്‍ കോലിയുടെ (95) കിടിലന്‍ ഇന്നിങ്‌സും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (46) ഇന്നിങ്‌സും ഇന്ത്യന്‍ വിജയത്തിനു അടിത്തറയിടുകയായിരുന്നു. രണ്ടോവര്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യ വിജയറണ്‍സ് കുറിച്ചത്.

VIRAT KOHLI

104 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുമടക്കമാണ് കോലി ടീമിന്റെ ഹീറോയത്. തുടരെ രണ്ടാം സെഞ്ച്വറിക്കു അഞ്ചു റണ്‍സ് അകലെ നില്‍ക്കെ സിക്‌സറിനു ശ്രമിച്ചാണ് അദ്ദേഹം പുറത്തായത്. 40 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു രോഹിത്തിന്റെ ഇന്നിങ്‌സ്. രവീന്ദ്ര ജഡേജ (39*), ശ്രേയസ് അയ്യര്‍ (33), കെഎല്‍ രാഹുല്‍ (27) എന്നിവരും വിജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി.

നേരത്തേ ന്യൂസിലാന്‍ഡ് ഇന്നങ്‌സിലെ അവസാനത്തെ ബോളില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഒരു ഘട്ടത്തില്‍ 290-300 റണ്‍സെങ്കിലും അവര്‍ നേടുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ അവസാന 10 ഓവറുകളില്‍ ഉജ്ജ്വല ബൗളിങിലുടെ കിവികളെ ഇന്ത്യ 273ല്‍ വരിഞ്ഞുകെട്ടുകയായിരുന്നു. ഡാരില്‍ മിച്ചെലിന്റെ (130) സെഞ്ച്വറിയും രചിന്‍ രവീന്ദ്രയുടെയും (75) ഇന്നിങ്‌സുകളാണ് കിവികള്‍ക്കു കരുത്തേകിയത്.

127 ബോളില്‍ ഒമ്പതു ഫോറും അഞ്ചു സിക്‌സറുകളും മിച്ചെലിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രവീന്ദ്ര 87 ബോളില്‍ ആറു ഫോറും ഒരു സിക്‌സറുമടിച്ചു. എന്നാല്‍ രവീന്ദ്രയെ ഫിഫ്റ്റിയും മിച്ചെലിനെ സെഞ്ച്വറിയും നേടാന്‍ സഹായിച്ചതും ഇന്ത്യ തന്നെയാണ്. 20 റണ്‍സ് പോലും തികയ്ക്കും മുമ്പ് രവീന്ദ്ര പുറത്താവേണ്ടതായിരുന്നു. എന്നാല്‍ മുഹമ്മദ് ഷമിയുടെ ബൗളിങില്‍ രവീന്ദ്രയുടെ സിംപിള്‍ ക്യാച്ച് രവീന്ദ്ര ജഡേജ പാഴാക്കുകയായിരുന്നു.

ഫിഫ്റ്റിക്കു ശേഷം മിച്ചെലിന്റെ രണ്ടു ക്യാച്ചുകളും ഇന്ത്യന്‍ താരങ്ങള്‍ പാഴാക്കി. വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലായിരുന്നു ദുഷ്‌കരമായ ഒരു ക്യാച്ച് കൈവിട്ടതെങ്കില്‍ മറ്റൊരു എളുപ്പമുള്ള ക്യാച്ച് ജസ്പ്രീത് ബുംറയും താഴെയിടുകയായിരുന്നു. കഴിഞ്ഞ നാലു മല്‍സങ്ങളിലും ഉജ്ജ്വല പ്രകടനത്തിലൂടെ ഫീല്‍ഡിങില്‍ കൈയടി വാങ്ങിയ ഇന്ത്യ ഈ മല്‍സരത്തില്‍ വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കിവികളുടെ തുടക്കം പാളിയിരുന്നു. രണ്ടിനു 19 റണ്‍സിലേക്കു അവര്‍ വീണിരുന്നു. എന്നാല്‍ മൂന്നാം വിക്കറ്റില്‍ രവീന്ദ്ര - മിച്ചെല്‍ സഖ്യം 159 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി കിവികളെ ശക്തമായ നിലയിലെത്തിച്ചു. ടീം സ്‌കോര്‍ 178ല്‍ വച്ച് രവീന്ദ്രയെ പുറത്താക്കി ഷമിയാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. പിന്നീട് ഇന്ത്യ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നെങ്കിലും മിച്ചെല്‍ അവസാനം വരെ ക്രീസില്‍ തുടര്‍ന്നു. ഒമ്പതാമനായാണ് അദ്ദേഹം പുറത്തായത്.

SHAMI

അഞ്ചു വിക്കറ്റുകള്‍ പിഴുത മുഹമ്മദ് ഷമിയാണ് ഇന്ത്യന്‍ ബൗളിങില്‍ മിന്നിച്ചത്. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരം കളിച്ച അദ്ദേഹം 10 ഓവറില്‍ 54 റണ്‍സിനാണ് ഫൈഫറിനു അവകാശിയായത്. ലോകകപ്പ് കരിയറില്‍ ഷമിയുടെ രണ്ടാമത്തെ ഫൈഫര്‍ കൂടിയാണിത്. ലോകകപ്പ് ചരിത്രത്തില്‍ ഒന്നിലേറെ തവണ അഞ്ചു വിക്കറ്റ് നേട്ടം ആദ്യ ഇന്ത്യന്‍ ബൗളറായും അദ്ദേഹം മാറി. കുല്‍ദീപ് യാദവ് രണ്ടു വിക്കറ്റുകളുമെടുത്തു.

ടോസിനു ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യ പുറത്തായപ്പോള്‍ പകരം സൂര്യകുമാര്‍ യാദവാണ് ടീമിലേക്കു വന്നത്. സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം സ്‌പെഷ്യലിസ്റ്റ് പേസര്‍ മുഹമ്മദ് ഷമിയെയും ഇന്ത്യ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്ത് ന്യൂസിലാന്‍ഡ് ടീമില്‍ മാറ്റമില്ലായിരുന്നു.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ന്യൂസിലാന്‍ഡ്- ഡെവന്‍ കോണ്‍വേ, വില്‍ യങ്, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചെല്‍, ടോം ലാതം (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക്ക് ചാപ്മാന്‍, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‍ട്രി, ട്രെന്റ് ബോള്‍ട്ട്, ലോക്കി ഫെര്‍ഗൂസന്‍.

Story first published: Sunday, October 22, 2023, 12:28 [IST]
Other articles published on Oct 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+