World Cup 2023: ലാറയെ പിന്നിലാക്കി, വമ്പന്‍ റെക്കോഡിട്ട് കോലി- തലപ്പത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍
പൂനെ: ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരിക്കുകയാണ് ഇന്ത്യയുടെ വിരാട് കോലി. 97 പന്ത് നേരിട്ട് പുറത്താവാതെ 103 റണ്‍സാണ് കോലി അടിച്ചെടുത്തത്. ആറ് ഫോറും നാല് സിക്‌സും ഉള്‍പ്പെടെയാണ് കോലിയുടെ തകര്‍പ്പന്‍ പ്രകടനം. രോഹിത് ശര്‍മ 48 റണ്‍സും അടിച്ചെടുത്തപ്പോള്‍ ശുബ്മാന്‍ ഗില്‍ 53 റണ്‍സും കെ എല്‍ രാഹുല്‍ 34* റണ്‍സും നേടി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റിന് 256 റണ്‍സ് നേടിയപ്പോള്‍ 51 പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം. മത്സരത്തില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയതോടെ ബ്രയാന്‍ ലാറയുടേയും എബി ഡിവില്ലിയേഴ്‌സിന്റേയും വമ്പന്‍ റെക്കോഡ് തകര്‍ത്തിരിക്കുകയാണ് വിരാട് കോലിയും രോഹിത് ശര്‍മയും. ഏകദിന ലോകകപ്പ് ചരിത്രത്തിലെ റണ്‍വേട്ടക്കാരിലാണ് കോലിയും രോഹിത്തും ചരിത്ര കുതിപ്പ് നടത്തിയിരിക്കുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സിന്റെ പേരില്‍ 1207 റണ്‍സാണ് ലോകകപ്പിലുള്ളത്.
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസമായ ബ്രയാന്‍ ലാറ 1225 റണ്‍സാണ് ഏകദിന ലോകകപ്പില്‍ നേടിയത്. പൂനെയിലെ പ്രകടനത്തോടെ കോലിയുടെ പേരില്‍ 1245 റണ്‍സാണുള്ളത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ പേരില്‍ 1243 റണ്‍സുമുണ്ട്. ഈ റെക്കോഡില്‍ തലപ്പത്തുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 2278 റണ്‍സാണ് സച്ചിന്‍ ആറ് ലോകകപ്പുകളില്‍ നിന്നായി നേടിയത്. കോലി തന്റെ നാലാം ഏകദിന ലോകകപ്പാണ് ഇപ്പോള്‍ കളിക്കുന്നത്. ഇത്തവണത്തേത് രോഹിത്തിന്റെ മൂന്നാം ഏകദിന ലോകകപ്പാണ്.
1743 റണ്‍സുമായി മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 1532 റണ്‍സുമായി മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാര മൂന്നാം സ്ഥാനത്താണുള്ളത്. അഭിമാന നേട്ടം തന്നെയാണ് രോഹിത്തും കോലിയും ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്നത്. കോലി ഇനിയൊരു ലോകകപ്പ് കൂടി കളിക്കാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇനിയും ഈ പട്ടികയില്‍ മുന്നോട്ടെത്താന്‍ കോലിക്ക് സാധിച്ചേക്കും. എന്നാല്‍ സച്ചിന്റെ റെക്കോഡ് തകര്‍ക്കുക കടുപ്പമാവും.

മറ്റ് ചില വമ്പന്‍ റെക്കോഡുകളും കോലി സ്വന്തം പേരിലാക്കി. ഐസിസി ടൂര്‍ണമെന്റുകളില്‍ റണ്‍സ് പിന്തുടരുമ്പോള്‍ കൂടുതല്‍ 50 പ്ലസ് സ്‌കോര്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ 50പ്ലസ് സ്‌കോര്‍, ഐസിസി ടൂര്‍ണമെന്റില്‍ റണ്‍സ് പിന്തുടരുമ്പോള്‍ 1500 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരം, ഐസിസി ടൂര്‍ണമെന്റില്‍ കൂടുതല്‍ റണ്‍സ്, ഐസിസി ടൂര്‍ണമെന്റില്‍ കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു, വേഗത്തില്‍ 26000 റണ്‍സ് നേടുന്ന താരം, ഐസിസി ടൂര്‍ണമെന്റില്‍ മൂന്നാം നമ്പറില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ താരം, ലോകകപ്പില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോര്‍ തുടങ്ങിയ പല റെക്കോഡുകളും കോലി സ്വന്തം പേരിലാക്കി. എന്തായാലും കോലിയെ സംബന്ധിച്ച് അഭിമാന നേട്ടം തന്നെയാണ് സ്വന്തമാക്കാന്‍ സാധിച്ചിരിക്കുന്നത്.
രോഹിത് ശര്‍മയും മോശമാക്കിയില്ല. രണ്ട് റണ്‍സകലെ അര്‍ധ സെഞ്ച്വറി നഷ്ടമായെങ്കിലും നിലവില്‍ റണ്‍വേട്ടയില്‍ തലപ്പത്ത് നില്‍ക്കാന്‍ ഇന്ത്യന്‍ നായകന് സാധിക്കുന്നുണ്ട്. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സര്‍ നേടുന്ന നായകനെന്ന റെക്കോഡില്‍ രോഹിത് തലപ്പത്തേക്കെത്തിയിരിക്കുകയാണ്. ഓയിന്‍ മോര്‍ഗന്‍ 2019ല്‍ നേടിയ 60 സിക്‌സുകളുടെ റെക്കോഡാണ് ഹിറ്റ്മാന്‍ തകര്‍ത്തത്. ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സറെന്ന റെക്കോഡിലും രോഹിത് ശര്‍മയാണ് തലപ്പത്തുള്ളത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications