ബംഗളൂരു: ഏകദിന ലോകകപ്പില്‍ വിരാട് കോലി മിന്നും ഫോമില്‍ തുടരുകയാണ്. നെതര്‍ലന്‍ഡ്‌സിനെതിരേ തകര്‍പ്പന്‍ ഫിഫ്റ്റി നേടാന്‍ കോലിക്കായി. ബംഗളൂരുവില്‍ ഗംഭീര റെക്കോഡുള്ള കോലി 56 പന്തില്‍ 51 റണ്‍സ് നേടിയാണ് പുറത്തായത്. 5 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് കോലി മിന്നിച്ചത്. ബംഗളൂരുവില്‍ കോലിയുടെ സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഈ നേട്ടത്തിലേക്കെത്താന്‍ കോലിക്ക് സാധിക്കാതെ പോയി.
ഈ ലോകകപ്പില്‍ ഇത് ഏഴാം തവണയാണ് കോലി 50 പ്ലസ് സ്‌കോര്‍ നേടുന്നത്. ഇതോടെ ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനൊപ്പമെത്താന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്. 2003ലെ ലോകകപ്പിലാണ് സച്ചിന്‍ 7 തവണ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്. ഇത്തവണത്തെ പ്രകടനത്തിലൂടെ കോലി സച്ചിനൊപ്പമെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയക്കെതിരേ 85 റണ്‍സ് നേടിയാണ് കോലി ഇത്തവണ വരവറിയിച്ചത്.
അഫ്ഗാനിസ്ഥാനെതിരേ 55 റണ്‍സ് നേടിയ കോലി പാകിസ്താനെതിരേ 16 റണ്‍സില്‍ പുറത്തായി. ബംഗ്ലാദേശിനെിരേ 103 റണ്‍സടിച്ച കോലി ന്യൂസീലന്‍ഡിനെതിരേ 95 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിനെതിരേ ഡെക്കിന് കോലി മടങ്ങി. ശ്രീലങ്കയ്‌ക്കെതിരേ 88 റണ്‍സ് നേടിയ കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 101 റണ്‍സുമടിച്ചു. ഇപ്പോള്‍ നെതര്‍ലന്‍ഡ്‌സിനെതിരേയും ഫിഫ്റ്റി നേടിയതോടെയാണ് കോലി ചരിത്ര നേട്ടത്തിലേക്കെത്തിയത്.
ലോകകപ്പില്‍ സ്ഥിരതയോടെ കളിക്കാന്‍ കോലിക്ക് സാധിക്കുന്നു. പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടി മുന്നില്‍ നിന്ന് നയിക്കാന്‍ കോലിക്ക് കഴിയുന്നു. 2022ലെ ഏഷ്യാ കപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്, 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ്, 2023ലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ കൂടുതല്‍ റണ്‍സ്, 2023ലെ ലോകകപ്പില്‍ ഇപ്പോള്‍ കൂടുതല്‍ റണ്‍സ് ഇങ്ങനെ പല വമ്പന്‍ റെക്കോഡുകളും കോലിയുടെ പേരിലാണ്.

ഇത്തവണത്തെ ലോകകപ്പിലെ റണ്‍വേട്ടക്കാരില്‍ കോലി തലപ്പത്തായിത്തന്നെ അവസാനിപ്പിക്കാനാണ് സാധ്യത. സെമി ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെ നേരിടാന്‍ പോവുകയാണ്. കോലിയുടെ ബാറ്റിങ് പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു. 2019ലെ ലോകകപ്പില്‍ കോലി നായകനായിരിക്കെ രോഹിത് ശര്‍മ ഗംഭീര പ്രകടനത്തോടെ ടീമിനെ മുന്നില്‍ നിന്ന് നയിച്ചിരുന്നു. ഇപ്പോള്‍ രോഹിത് നായകനാവുമ്പോള്‍ കോലിയാണ് കസറുന്നത്.
49 സെഞ്ച്വറിയും 71 ഫിഫ്റ്റിയുമാണ് കോലിയുടെ ഏകദിന കരിയറിലുള്ളത്. ഒരു സെഞ്ച്വറിയകലെ സച്ചിന്റെ പേരിലുള്ള കൂടുതല്‍ ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് തകര്‍ക്കാന്‍ കോലിക്കാവും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും നിരവധി റെക്കോഡുകള്‍ നേടിയാണ് പുറത്തായത്. ഓപ്പണറെന്ന നിലയില്‍ 14000 അന്താരാഷ്ട്ര റണ്‍സ്, ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷം കൂടുതല്‍ സിക്‌സര്‍, ഒരു ലോകകപ്പില്‍ നായകനായി കൂടുതല്‍ സിക്‌സ്.
ഒരു ലോകകപ്പില്‍ കൂടുതല്‍ ബൗണ്ടറി നേടുന്ന നായകന്‍, തുടര്‍ച്ചയായ രണ്ട് ലോകകപ്പുകളില്‍ 500 പ്ലസ് റണ്‍സ് നേടുന്ന ആദ്യത്തെ താരം, ഏകദിന ലോകകപ്പില്‍ 500ലധികം റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ നായകന്‍ എന്നീ റെക്കോഡുകളെല്ലാം രോഹിത് സ്വന്തം പേരിലാക്കി. ഇന്ത്യയെ മുന്നില്‍ നിന്ന് നായകന്‍ നയിക്കുകയാണ്. ആദ്യ പവര്‍പ്ലേയില്‍ രോഹിത് നല്‍കുന്ന വെടിക്കെട്ട് തുടക്കമാണ് ഇന്ത്യയുടെ കുതിപ്പിന് കരുത്താവുന്നത്.
ശുബ്മാന്‍ ഗില്ലും രോഹിത് ശര്‍മയും ചേര്‍ന്ന് 13 തവണയാണ് ഫിഫ്റ്റിപ്ലസ് റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടില്‍ സൃഷ്ടിച്ചിരിക്കുന്നത്. സെമിയിലും ഈ കൂട്ടുകെട്ടിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. മധ്യനിരയില്‍ ശ്രേയസ് അയ്യര്‍ സ്ഥിരത കാട്ടുന്നു. ഈ ലോകകപ്പില്‍ ഇത് നാലാം തവണയാണ് ശ്രേയസ് ഫിഫ്റ്റി നേടുന്നത്. അവസരത്തിനൊത്തുയരാന്‍ ശ്രേയസിന് സാധിക്കുന്നു.