അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ അര്‍ധ സെഞ്ച്വറി നേടിയിരിക്കുകയാണ് വിരാട് കോലി. 63 പന്ത് നേരിട്ട് നാല് ബൗണ്ടറി ഉള്‍പ്പെടെ 54 റണ്‍സ് നേടിയാണ് കോലി പുറത്തായത്. പാറ്റ് കമ്മിന്‍സിന്റെ പന്ത് പ്രതിരോധിക്കവെ പ്ലേ ഡൗണായാണ് കോലി പുറത്തായത്. ഇത്തവണത്തെ ലോകകപ്പ് അവിസ്മരണീയമാക്കിയാണ് കോലി അവസാനിപ്പിച്ചിരിക്കുന്നത്. 95.63 ശരാശരിയില്‍ 765 റണ്‍സാണ് കോലിയുടെ സമ്പാദ്യം. ഇതില്‍ ആറ് അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും.
സെമിയില്‍ സെഞ്ച്വറിയും ഫൈനലില്‍ അര്‍ധ സെഞ്ച്വറിയും നേടിയതോടെ ചരിത്ര റെക്കോഡിലേക്കെത്തിയിരിക്കുകയാണ് കോലി. 48 വര്‍ഷത്തെ ഏകദിന ചരിത്രത്തില്‍ സെമിയിലും ഫൈനലിലും അര്‍ധ സെഞ്ച്വറി പ്ലസ് റണ്‍സ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് കോലി. ഇതിഹാസ താരങ്ങള്‍ പലരുമുണ്ടായിട്ടും ഇന്ത്യക്കായി ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമായി കോലി മാറിയിരിക്കുകയാണ്. ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് എന്ന നേട്ടം നേരത്തെ തന്നെ കോലി സ്വന്തം പേരിലാക്കിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ലോകകപ്പ് സെമിയിലും ഫൈനലിലും 50 പ്ലസ് സ്‌കോര്‍ നേടുന്ന ഏഴാമത്തെ താരമാണ് കോലി. 1979ല്‍ മൈക്ക് ബ്രിറാല്‍ലി, 1987ല്‍ ഡേവിഡ് ബൂണ്‍, 1992ല്‍ ജാവേദ് മിയാന്‍ദാദ്, 1996ല്‍ അരവിന്ദ ഡി സില്‍വ, 2015ല്‍ ഗ്രാന്റ് എലിയറ്റ്, 2015ല്‍ സ്റ്റീവ് സ്മിത്ത് എന്നിവരാണ് കോലിക്ക് മുമ്പ് ഈ നേട്ടത്തിലേക്കെത്തിയത്.
കൂടാതെ ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലുകളില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമായും കോലി മാറി. 320 റണ്‍സ് നേടിയ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് കോലി തകര്‍ത്തത്. മഹേല ജയവര്‍ധന 270 റണ്‍സുമായി ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ്. കൂടാതെ ഐസിസി ഫൈനലുകളില്‍ രണ്ട് തവണ 50 പ്ലസ് സ്‌കോര്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായും കോലി മാറി. ഇതിന് മുമ്പ് ഗൗതം ഗംഭീറാണ് ഇന്ത്യക്കായി ഈ നേട്ടത്തിലെത്തിയത്.

2019ലെ ഏകദിന ലോകകപ്പിലും 2023ലെ ഏകദിന ലോകകപ്പിലും തുടര്‍ച്ചയായി അഞ്ച് 50 പ്ലസ് സ്‌കോര്‍ നേടാനും കോലിക്കായിരിക്കുകയാണ്. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരവും കോലിയാണ്. ഇത്തവണത്തെ ലോകകപ്പിലൂടെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആരും തകര്‍ക്കില്ലെന്ന് കരുതിയ ഏകദിന സെഞ്ച്വറി റെക്കോഡും കോലി തകര്‍ത്തിരുന്നു. 50 സെഞ്ച്വറികളാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്. ഇത്തവണത്തെ ലോകകപ്പില്‍ തൊട്ടതെല്ലാം കോലി പൊന്നാക്കിയെന്ന് പറയാം.
ഫൈനലിലും നിര്‍ണ്ണായക സംഭാവന നല്‍കാന്‍ കോലിക്കായി. ഇനി ഓസീസിനെ തകര്‍ത്ത് ഇന്ത്യക്ക് കപ്പ് നേടാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. പിച്ച് ക്യൂറേറ്റര്‍ ആദ്യം ബാറ്റു ചെയ്യുന്ന ടീം 300ലധികം സ്‌കോര്‍ നേടിയേക്കുമെന്നാണ് വിലയിരുത്തിയത്. എന്നാല്‍ ഇന്ത്യയുടെ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ അത്തരമൊരു ടോട്ടല്‍ പടുത്തുയര്‍ത്തുക ദുഷ്‌കരമാണ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ ഓസ്‌ട്രേലിയ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.
രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ മഞ്ഞ് വീഴ്ചയുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയുണ്ടായാല്‍ അത് ഓസീസിന് ഗുണം ചെയ്യുമെന്നുറപ്പ്. ഇന്ത്യയുടെ ബൗളര്‍മാര്‍ തകര്‍പ്പന്‍ ഫോമിലാണുള്ളത്. ഓസീസ് ബാറ്റിങ് നിരക്ക് സ്പിന്‍ ദൗര്‍ബല്യമുണ്ട്. അതുകൊണ്ടുതന്നെ കുല്‍ദീപ് യാദവിന്റെയും രവീന്ദ്ര ജഡേജയുടേയും ബൗളിങ് ഇന്ത്യക്ക് നിര്‍ണ്ണായകമായി മാറുമെന്ന കാര്യം ഉറപ്പാണ്.