മുംബൈ: ഏകദിന ലോകകപ്പിലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യ ആദ്യം ബാറ്റുചെയ്യുകയാണ്. രണ്ടാം പന്തില്‍ത്തന്നെ നായകന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായെങ്കിലും വിരാട് കോലിയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് അടിത്തറ പാകിയിരിക്കുകയാണ്. തുടക്കത്തിലേ രണ്ട് ലൈഫ് ലഭിച്ച കോലി പിന്നീട് ക്ലാസിക് ഷോട്ടുകളിലൂടെ കസറുകയായിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം പല മുന്‍ താരങ്ങളും മുംബൈയില്‍ മത്സരം കാണാനുണ്ട്.
ഇപ്പോഴിതാ സച്ചിനെ സാക്ഷിയാക്കി അദ്ദേഹത്തിന്റെ രണ്ട് വമ്പന്‍ റെക്കോഡുകള്‍ തകര്‍ത്തിരിക്കുകയാണ് വിരാട് കോലി. ഈ വര്‍ഷം 1000 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കിയ കോലി കൂടുതല്‍ വര്‍ഷം 1000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നിരിക്കുകയാണ്. ഏഴ് തവണയാണ് സച്ചിന്‍ ഈ നേട്ടത്തിലേക്കെത്തിയത്. ഇത് എട്ടാം തവണയാണ് കോലി ഈ നേട്ടം കൈവരിക്കുന്നത്. സച്ചിനെക്കാളും സ്ഥിരതയോടെ കളിക്കാന്‍ കോലിക്ക് സാധിക്കുന്നു.
പ്രത്യേകിച്ച് റണ്‍സ് പിന്തുടരുന്ന മത്സരങ്ങളില്‍ സച്ചിനെക്കാള്‍ വളരെ മുകളിലാണ് കോലിയുടെ സ്ഥാനം. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങും മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയും ആറ് തവണയാണ് ഒരു കലണ്ടര്‍ വര്‍ഷം 1000 ഏകദിന റണ്‍സ് നേട്ടത്തിലേക്കെത്തിയത്. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഞ്ച് തവണയാണ് ഈ നേട്ടം സ്വന്തം പേരിലാക്കിയത്.
ശ്രീലങ്കയുടെ സനത് ജയസൂര്യ, മഹേല ജയവര്‍ധന, തിലകരത്‌ന ദില്‍ഷന്‍, പാകിസ്താന്റെ മുഹമ്മദ് യൂസഫ് എന്നിവര്‍ നാല് തവണ വീതവും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. ഇവരെയെല്ലാം നേരത്തെ മറികടന്ന കോലി ഇപ്പോള്‍ ഈ റെക്കോഡില്‍ തലപ്പത്താണുള്ളത്. ഏഷ്യയില്‍ വേഗത്തില്‍ 8000 ഏകദിന റണ്‍സ് എന്ന റെക്കോഡിലും കോലി സച്ചിനെ മറികടന്നു. 188 ഇന്നിങ്‌സില്‍ നിന്നാണ് സച്ചിന്‍ 8000 റണ്‍സിലേക്കെത്തിയത്. എന്നാല്‍ 159 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ നേട്ടം സ്വന്തം പേരിലാക്കിയത്.

213 ഇന്നിങ്‌സില്‍ നിന്നാണ് കുമാര്‍ സംഗക്കാര ഈ നേട്ടത്തിലേക്കെത്തിയത്. 254 ഇന്നിങ്‌സില്‍ നിന്നാണ് സനത് ജയസൂര്യയുടെ നേട്ടം. ഈ റെക്കോഡിലും തലപ്പത്തേക്കെത്താന്‍ കോലിക്കായി. സച്ചിനെ സാക്ഷിയാക്കിയാണ് ഈ രണ്ട് റെക്കോഡുകളിലും കോലി തലപ്പത്തേക്കെത്തിയതെന്നതാണ് എടുത്തു പറയേണ്ടത്. ശ്രീലങ്കയ്‌ക്കെതിരേ അര്‍ധ സെഞ്ച്വറി നേടിയതോടെ മറ്റൊരു റെക്കോഡും കോലി സ്വന്തമാക്കി.
ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോര്‍ നേടുന്ന ഓപ്പണറല്ലാത്ത താരമെന്ന റെക്കോഡിലാണ് കോലി തലപ്പത്തേക്കെത്തിയത്. 12 തവണ ഈ നേട്ടത്തിലേക്കെത്തിയ കുമാര്‍ സംഗക്കാരയുടെ റെക്കോഡാണ് കോലി തകര്‍ത്തത്. ഇത് 13ാം തവണയാണ് കോലി ഈ നേട്ടത്തിലേക്കെത്തിയത്. ഏകദിനത്തില്‍ 276 ഇന്നിങ്‌സില്‍ നിന്ന് 117ാം തവണയാണ് കോലി 50ലധികം റണ്‍സ് നേടുന്നത്. 48 സെഞ്ച്വറിയും 70 അര്‍ധ സെഞ്ച്വറിയുമാണ് കോലിയുടെ ഏകദിന കരിയറിലുള്ളത്.
ഇത്തവണത്തെ ലോകകപ്പില്‍ കോലി 50ലധികം റണ്‍സ് നേടുന്നത് ഇത് അഞ്ചാം തവണയാണ്. ഇത്തവണത്തെ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ രോഹിത്തിനെ മറികടന്ന് തലപ്പത്തേക്കെത്താനും കോലിക്ക് സാധിച്ചു. എന്നാല്‍ രോഹിത് ശര്‍മക്ക് തിളങ്ങാനാവാതെ പോയത് ആരാധകര്‍ക്ക് നിരാശയായി.
സ്വന്തം കാണികള്‍ക്ക് മുന്നില്‍ രോഹിത്തിന്റെ വമ്പന്‍ പ്രകടനമാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാല്‍ ആദ്യ പന്ത് ബൗണ്ടറി കടത്തി തുടങ്ങിയ രോഹിത് രണ്ടാം പന്തില്‍ത്തന്നെ ക്ലീന്‍ബൗള്‍ഡായി മടങ്ങി. ദില്‍ഷന്‍ മദുശന്‍കയാണ് ഇന്ത്യന്‍ നായകനെ പുറത്താക്കിയത്. രോഹിത്തിന്റെ 250ാം ഏകദിന ഇന്നിങ്‌സായിരുന്നു ഇത്.