മുംബൈ: ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെതിരായ സെമി ഫൈനലിലൂടെ ചരിത്ര റെക്കോഡില്‍ വിരാട് കോലി. മുംബൈയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ സാക്ഷിയാക്കി സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിനെ കോലി മറികടന്നിരിക്കുകയാണ്. സച്ചിന്റെ തട്ടകമായ മുംബൈയില്‍ 50ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയ കോലി ആരും തകര്‍ക്കില്ലെന്ന് കരുതിയ സച്ചിന്റെ റെക്കോഡാണ് മറികടന്നിരിക്കുന്നത്. അതും നോക്കൗട്ട് മത്സരത്തിലാണെന്നതാണ് എടുത്തു പറയേണ്ടത്.
സച്ചിന്‍ ടെണ്ടുല്‍ക്കറടക്കം എഴുന്നേറ്റ് നിന്ന് കൈയടിച്ചാണ് കോലിയുടെ ഐതിഹാസിക നേട്ടത്തെ അഭിനന്ദിച്ചത്. 106 പന്ത് നേരിട്ട് 8 ഫോറും 1 സിക്‌സും ഉള്‍പ്പെടെയാണ് കോലി 50ാം സെഞ്ച്വറി നേടിയിരിക്കുന്നത്. ഈ ഏകദിന ലോകകപ്പിലെ കോലിയുടെ മൂന്നാം സെഞ്ച്വറിയാണിത്. 31 സെഞ്ച്വറി നേടിയ രോഹിത് ശര്‍മയാണ് ഏകദിന സെഞ്ച്വറി നേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ളത്. 452 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്‍ 49 ഏകദിന സെഞ്ച്വറി നേടിയത്.
എന്നാല്‍ വെറും 279 ഇന്നിങ്‌സില്‍ നിന്ന് കോലി 50ാം ഏകദിന സെഞ്ച്വറി നേടിയെന്നതാണ് എടുത്തു പറയേണ്ടത്. ആധുനിക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത ഇതിഹാസമാണ് താനെന്ന് ഒരിക്കല്‍ക്കൂടി കോലി തെളിയിച്ചിരിക്കുകയാണ്. സെഞ്ച്വറിക്കരികെ പേശിവലിവ് അനുഭവപ്പെട്ടെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നത്തെ മറികടന്ന് കോലി ചരിത്ര നേട്ടത്തിലേക്കെത്തിയെന്നതാണ് എടുത്തു പറയേണ്ടത്. പെട്ടെന്ന് ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത ഐതിഹാസിക നേട്ടമാണ് കോലി നേടിയെടുത്തിരിക്കുന്നതെന്ന് നിസംശയം പറയാം.
ഒരു ഏകദിന ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലും കോലി തലപ്പത്തെത്തി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 2003ല്‍ നേടിയ 673 റണ്‍സിന്റെ റെക്കോഡാണ് കോലി തകര്‍ത്തത്. 2007ല്‍ 659 റണ്‍സ് നേടിയ മാത്യു ഹെയ്ഡന്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 2019ല്‍ 648 റണ്‍സ് നേടിയ രോഹിത് ശര്‍മ നാലാം സ്ഥാനത്തുണ്ട്. 2019ല്‍ 647 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് അഞ്ചാം സ്ഥാനത്ത്.

ഒരു ലോകകപ്പില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറെന്ന റെക്കോഡിലും കോലി തലപ്പത്തേക്കെത്തി. 2003ല്‍ സച്ചിന്‍ കുറിച്ച ഏഴ് ഫിഫ്റ്റി പ്ലസ് സ്‌കോറെന്ന റെക്കോഡിനെയാണ് കോലി മറികടന്നത്. ഷക്കീബ് അല്‍ ഹസനും ഏഴ് തവണ ഈ നേട്ടത്തിലേക്കെത്തിയിട്ടുണ്ട്. രോഹിത് ശര്‍മയും ഡേവിഡ് വാര്‍ണറും ആറ് തവണ വീതമാണ് ഈ നേട്ടത്തിലേക്കെത്തിയത്.
പരിമിത ഓവര്‍ നോക്കൗട്ട് മത്സരത്തില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറെന്ന റെക്കോഡിലും കോലി സച്ചിനെ പിന്നിലാക്കി. ആറ് തവണയാണ് സച്ചിന്‍ ഈ നേട്ടത്തിലേക്കെത്തിയത്. കോലി ഏഴ് തവണ ഈ നേട്ടത്തിലേക്കെത്തിയതോടെയാണ് സച്ചിനെ മറികടന്നത്. ഒരു ടി20 ലോകകപ്പില്‍ കൂടുതല്‍ റണ്‍സ് എന്ന റെക്കോഡും കോലിയുടെ പേരിലാണ്. 2014ലെ ടി20 ലോകകപ്പില്‍ 319 റണ്‍സാണ് കോലി നേടിയത്.
ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ കോലി റിക്കി പോണ്ടിങ്ങിനെ മറികടന്ന് മൂന്നാം സ്ഥാനത്തേക്കുമുയര്‍ന്നു. 365 ഇന്നിങ്‌സില്‍ നിന്ന് 13704 റണ്‍സാണ് പോണ്ടിങ്ങിന്റെ പേരിലുണ്ടായിരുന്നത്. ഈ റെക്കോഡാണ് കോലി മറികടന്നത്. 18426 റണ്‍സ് നേടിയ സച്ചിനും 14234 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയുമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. 113 പന്ത് നേരിട്ട് 9 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 117 റണ്‍സുമായാണ് കോലി കളം വിട്ടത്.