World Cup 2023: പോണ്ടിങ്ങിനെ പിന്നിലാക്കി, സച്ചിന്റെ ലോക റെക്കോഡ് തകര്‍ത്തു! കിങ് കോലി
മുംബൈ: ഏകദിന ലോകകപ്പിലെ ഒന്നാം സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചിരിക്കുകയാണ്. രോഹിത് ശര്‍മക്കും ശുബ്മാന്‍ ഗില്ലിനും പിന്നാലെ വിരാട് കോലിയും ക്ലിക്കായിരിക്കുകയാണ്. നോക്കൗട്ടില്‍ പതറാതെ വെല്ലുവിളിയെ മറികടന്ന് അര്‍ധ സെഞ്ച്വറി പിന്നിട്ട കോലി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെയും റിക്കി പോണ്ടിങ്ങിന്റെയും വമ്പന്‍ റെക്കോഡുകള്‍ തകര്‍ത്തിരിക്കുകയാണ്.
ഒരു ലോകകപ്പില്‍ കൂടുതല്‍ 50 പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ സച്ചിന്റെ റെക്കോഡിനെ കോലി മറികടന്നിരിക്കുകയാണ്. 2003ല്‍ ഏഴ് തവണയാണ് സച്ചിന്‍ ഈ നേട്ടത്തിലേക്കെത്തിയത്. ഇത്തവണത്തെ ലോകകപ്പില്‍ ഇത് എട്ടാം തവണയാണ് കോലി ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടുന്നത്. 2019ല്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസന്‍ 7 തവണ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2019ല്‍ രോഹിത് ശര്‍മയും ഡേവിഡ് വാര്‍ണറും ആറ് തവണ വീതം ഈ നേട്ടത്തിലേക്കെത്തിയിരുന്നു.
നോക്കൗട്ടില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറെന്ന റെക്കോഡിലും കോലി സച്ചിനെ മറികടന്നു. ആറ് തവണയാണ് സച്ചിന്‍ ഈ നേട്ടത്തിലേക്കെത്തിയത്. ഏഴ് തവണ ഈ നേട്ടത്തിലേക്കെത്തിയാണ് കോലി ഈ റെക്കോഡും സ്വന്തം പേരിലാക്കിയത്. ന്യൂസീലന്‍ഡിനെതിരായ പ്രകടനത്തോടെ ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ കോലി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. മുന്‍ ഓസീസ് നായകനായ റിക്കി പോണ്ടിങ്ങിനെ മറികടന്ന് കോലി മൂന്നാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്.
365 ഇന്നിങ്‌സില്‍ നിന്ന് 13704 റണ്‍സാണ് പോണ്ടിങ് നേടിയിരുന്നത്. 279ാം ഇന്നിങ്‌സില്‍ നിന്നാണ് കോലി പോണ്ടിങ്ങിനെ മറികടന്നത്. 380 ഇന്നിങ്‌സില്‍ നിന്ന് 14234 റണ്‍സ് നേടിയ മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയും 452 ഇന്നിങ്‌സില്‍ നിന്ന് 18426 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. നിലവില്‍ ഏകദിന സെഞ്ച്വറിയില്‍ 49 സെഞ്ച്വറിയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമാണ് കോലി. ഒരു സെഞ്ച്വറിയകലെ സച്ചിനെ മറികടന്ന് ചരിത്ര നേട്ടത്തിലേക്കെത്താന്‍ കോലിക്കാവും.

ഇത്തവണത്തെ ലോകകപ്പില്‍ 600 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമായും കോലി മാറി. ഒരു ലോകകപ്പില്‍ 600ലധികം റണ്‍സ് നേടുന്ന ഓപ്പണറല്ലാത്ത താരമെന്ന റെക്കോഡിലേക്കും കോലിയെത്തി. ആറ് അര്‍ധ സെഞ്ച്വറിയും രണ്ട് സെഞ്ച്വറിയും ഇതിനോടകം ഇത്തവണത്തെ ലോകകപ്പില്‍ നേടാന്‍ കോലിക്കായി. സച്ചിന്‍ ടെണ്ടുല്‍ക്കറെ സാക്ഷിയാക്കിയാണ് കോലി അദ്ദേഹത്തിന്റെ രണ്ട് വമ്പന്‍ റെക്കോഡുകള്‍ തകര്‍ത്തതെന്നതാണ് എടുത്തു പറയേണ്ടത്.
രോഹിത് ശര്‍മ നല്‍കിയ മികച്ച അടിത്തറയിലൂന്നിയാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് നീങ്ങുന്നത്. ആദ്യ ഓവര്‍ മുതല്‍ ആക്രമിച്ച രോഹിത് 29 പന്തില്‍ 47 റണ്‍സ് നേടിയാണ് പുറത്തായത്. നാല് വീതം സിക്‌സും ഫോറും അദ്ദേഹം പറത്തി.
നോക്കൗട്ട് മത്സരത്തില്‍ 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് കത്തിക്കയറിയത്. രോഹിത് പുറത്തായ ശേഷം ശുബ്മാന്‍ ഗില്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. 65 പന്തില്‍ 79 റണ്‍സ് നേടിയ ശുബ്മാന്‍ ഗില്‍ പേശി വലിവിനെത്തുടര്‍ന്ന് റിട്ടേര്‍ഡ് ഹര്‍ട്ടായി മടങ്ങി.
8 ഫോറും 3 സിക്‌സുമാണ് താരം പറത്തിയത്. ഏകദിന ലോകകപ്പിന്റെ നോക്കൗട്ട് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാകാനും ഗില്ലിനായി. വീരേന്ദര്‍ സെവാഗിനെയാണ് ഗില്‍ മറികടന്നത്. സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്. നോക്കൗട്ട് മത്സരത്തില്‍ ആദ്യം ബാറ്റുചെയ്തപ്പോഴൊന്നും ഇന്ത്യ തോറ്റിട്ടില്ല. അതുകൊണ്ടുതന്നെ 2019ലെ തോല്‍വിക്ക് കിവീസിനോട് ഇന്ത്യ പ്രതികാരം വീട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications