ചെന്നൈ: ഏകദിന ലോകകപ്പിലേക്കുള്ള വരവ് ആതിഥേയരായ ഇന്ത്യ ഗംഭീരമാക്കിയിരിക്കുകയാണ്. കരുത്തരുടെ പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 199 റണ്‍സില്‍ ഒതുങ്ങിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 41.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു.
ടോപ് ഓഡറില്‍ രോഹിത് ശര്‍മയും (0) ഇഷാന്‍ കിഷനും (0) ശ്രേയസ് അയ്യരും (0) ഡെക്കിന് പുറത്തായെങ്കിലും കെ എല്‍ രാഹുലിന്റെയും (97*) വിരാട് കോലിയുടേയും (85) തകര്‍പ്പന്‍ പ്രകടനങ്ങളാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഇതില്‍ വിരാട് കോലിയുടെ പ്രകടനമാണ് നിര്‍ണ്ണായകമായത്. കെ എല്‍ രാഹുലിനും ആത്മവിശ്വാസം നല്‍കി ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ മുന്‍ ഇന്ത്യന്‍ നായകനായി. 116 പന്ത് നേരിട്ട് 6 ബൗണ്ടറി ഉള്‍പ്പെടെ 85 റണ്‍സാണ് കോലിക്ക് നേടാനായത്.
ഏറ്റവും നിര്‍ണ്ണായക ഘട്ടത്തിലാണ് കോലിയുടെ തകര്‍പ്പന്‍ പ്രകടനം. ഇതോടെ സച്ചിന്റെ ടെണ്ടുല്‍ക്കറിന്റെ വമ്പന്‍ റെക്കോഡും കോലി തകര്‍ത്തിരിക്കുകയാണ്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡിലാണ് സച്ചിനെ കോലി പിന്നിലാക്കിയത്. 2719 റണ്‍സുമായി ഏറെക്കാലം സച്ചിനായിരുന്നു ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്. എന്നാല്‍ ഓസീസിനെതിരായ പ്രകടനത്തോടെ സച്ചിനെ മറികടന്ന് ഈ റെക്കോഡിലെ ഒന്നാമനാവാന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്.
മൂന്നാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. 2422 റണ്‍സാണ് രോഹിത് നേടിയത്. ഓസ്‌ട്രേലിയക്കെതിരേ ഡെക്കായ രോഹിത്തിന് ശേഷിക്കുന്ന മത്സരങ്ങങ്ങളില്‍ മികവ് കാട്ടാനായാല്‍ സച്ചിന്റെ ഈ റെക്കോഡിനെ മറികടന്ന് രണ്ടാം സ്ഥാനത്തേക്കെത്താനുള്ള അവസരമുണ്ട്. ഓസീസിനെതിരേ കോലി സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നെങ്കിലും സെഞ്ച്വറിക്കായി വേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കവെ പുറത്താവുകയായിരുന്നു. തുടക്കത്തിലേ തന്നെ മിച്ചല്‍ മാര്‍ഷ് കോലിയെ കൈവിട്ടിരുന്നു.

ഈ ലൈഫിന് ശേഷമാണ് കോലി ഗംഭീര പ്രകടനത്തോടെ ഇന്ത്യയുടെ മാച്ച് വിന്നറായി മാറിയത്. റണ്‍സ് പിന്തുടരുന്നതില്‍ തന്റെ മികവിന് പകരംവെക്കാന്‍ മറ്റൊരാളില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് കോലി കാഴ്ചവെച്ചത്. എന്നാല്‍ സെഞ്ച്വറി നേടാനാവാതെ പോയതില്‍ കോലി കടുത്ത നിരാശനായിരുന്നു. ഡ്രസിങ് റൂമിലെത്തിയ ശേഷം നിരാശയോടെ മുഖം പൊത്തിയിരിക്കുന്ന കോലിയെ കാണാമായിരുന്നു. സച്ചിന്റെ 49 ഏകദിന സെഞ്ച്വറി റെക്കോഡിനെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് കോലി.
അതുകൊണ്ടുതന്നെ ഓരോ സെഞ്ച്വറിയും അദ്ദേഹത്തെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്. ലോകകപ്പില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോറെന്ന റെക്കോഡില്‍ രോഹിത് ശര്‍മക്കൊപ്പം രണ്ടാം സ്ഥാനത്തേക്കെത്താനും കോലിക്കായി. ഇത് ഒമ്പതാം തവണയാണ് കോലി 50ലധികം റണ്‍സെടുക്കുന്നത്. 21 തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോഡില്‍ തലപ്പത്ത്.
മറ്റ് ചില റെക്കോഡുകളും കോലി സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഓപ്പണറല്ലാത്ത താരങ്ങളില്‍ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ (113), ഓപ്പണറല്ലാത്ത താരങ്ങളില്‍ വേഗത്തില്‍ 13000 ഏകദിന റണ്‍സ്, മൂന്നാം നമ്പറില്‍ വേഗത്തില്‍ 11000 റണ്‍സ് എന്നീ റെക്കോഡുകള്‍ കോലി സ്വന്തം പേരിലാക്കി. വിജയകരമായി റണ്‍സ് പിന്തുടര്‍ന്ന മത്സരങ്ങളില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. 5517 റണ്‍സാണ് ഇതുവരെ കോലി നേടിയത്.
ലോകകപ്പില്‍ ഇന്ത്യക്കായി കൂടുതല്‍ ക്യാച്ച് നേടുന്ന താരം എന്നീ റെക്കോഡും അദ്ദേഹം സ്വന്തമാക്കി. ഇത്തവണ ഇന്ത്യയെ കപ്പിലേക്കെത്തിക്കാന്‍ തനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്ന് നേരത്തെ തന്നെ കോലി വ്യക്തമാക്കിയിരുന്നു. ഇതിനോട് നീതികാട്ടുന്ന പ്രകടനമാണ് ആദ്യ മത്സരത്തില്‍ത്തന്നെ അദ്ദേഹം കാഴ്ചവെച്ചത്. ഇതേ ഫോം വരുന്ന മത്സരങ്ങളിലും തുടരുമെന്ന് പ്രതീക്ഷിക്കാം.