Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2023: റൂട്ടും വാര്‍ണറും ഇഞ്ചോടിഞ്ച്, ഇന്ത്യയുടെ രണ്ടു പേര്‍ | കോലി തന്നെ ബെസ്റ്റ്

ലോകകപ്പിന്റെ മൂന്നാം റൗണ്ട് മല്‍സരങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ ഫീല്‍ഡിങില്‍ വിവിധ ടീമുകള്‍ക്കായി ഏറ്റവുമധികം ഇംപാക്ടുണ്ടാക്കിയ മികച്ച 10 താരങ്ങളുടെ ലിസ്റ്റ് ഐസിസി പുറത്തു വിട്ടിരിക്കുകയാണ്. ഇതുവരെ നടന്ന മല്‍സരങ്ങളിലെ ഫീല്‍ഡിങ് പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കളിക്കാര്‍ക്കു റേറ്റിങ് പോയിന്റ് നല്‍കിയിരിക്കുന്നത്.

ആദ്യ 10 സ്ഥാനങ്ങളിലുള്ള കളിക്കാരെയെടുത്താല്‍ ഇന്ത്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, പാകിസ്താന്‍ എന്നീ ടീമുകളുടെ ആധിപത്യമാണ് നമുക്കു കാണാന്‍ സാധിക്കുക. ഈ നാലു ടീമുകളിലെയും രണ്ടു വീതം കളിക്കാര്‍ ലിസ്റ്റില്‍ ഇടം പിടിച്ചു. ഇംഗ്ലണ്ട്, അഫ്ഗാനിസ്താന്‍ ടീമുകളിലെ ഓരോ താരങ്ങള്‍ വീതവും ആദ്യത്തെ പത്തിലുണ്ട്.

VIRAT KOHLI

ആധുനിക ക്രിക്കറ്റില്‍ ബാറ്റിങിലെ കിങെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ ഇതിഹാസം വിരാട് കോലിയാണ് ഏറ്റവുമധികം റേറ്റിങ് ലഭിച്ചിരിക്കുന്ന ഫീല്‍ഡര്‍. 22.30 റേറ്റിങുമായിട്ടാണ് ഫീല്‍ഡിങിലും താന്‍ തന്നെയാണ് കിങെന്നു അദ്ദേഹം തെളിയിച്ചിരിക്കുന്നത്. ടൂര്‍ണമെന്റില്‍ മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഫീല്‍ഡിങില്‍ 22ന് മുകളില്‍ റേറ്റിങ് ലഭിച്ചിട്ടുളള ഏക താരവും കോലി തന്നെയാണ്.

രണ്ടും മൂന്നും സ്ഥാനങ്ങളില്‍ രണ്ടു പേര്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കണ്ടത്. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റര്‍ ജോ റൂട്ടും ഓസ്‌ട്രേലിയയുടെ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. 21.73 റേറ്റിങ് പോയിന്റാണ് റൂട്ടിനുള്ളത്. നേരിയ വ്യത്യാസത്തില്‍ വാര്‍ണര്‍ മൂന്നാംസ്ഥാനത്തുമുണ്ട്. അദ്ദേഹത്തിന്റെ റേറ്റിങ് പോയിന്റ് 21.32ഉം ആണ്. കോലി, റൂട്ട്, വാര്‍ണര്‍ എന്നിവരെ മാറ്റി നിര്‍ത്തിയാല്‍ മറ്റാര്‍ക്കും റേറ്റിങില്‍ 20ന് മുകളില്‍ ലഭിച്ചിട്ടില്ലെന്നത് എടുത്തു പറയേണ്ടതാണ്.

നാലും അഞ്ചും സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ ഡെവന്‍ കോണ്‍വേയും പാകിസ്താന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷദാബ് ഖാനുമാണ്. 15.54 റേറ്റിങ് പോയിന്റാണ് നാലാംസ്ഥാനത്തുള്ള കോണ്‍വേയ്ക്കുള്ളത്. ഷദാബ് തൊട്ടുപിന്നാലെയുണ്ട്. 15.13 റേറ്റിങ് പോയിന്റാണ് പാകിസ്താന്‍ താരത്തിനുള്ളത്.

ISHAN KISHAN

അവസാനത്തെ അഞ്ചു സ്ഥാനങ്ങളില്‍ ലിസ്റ്റിലുള്ള കളിക്കാരെ നോക്കിയാല്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍, അഫ്ഗാനിസ്താന്റെ റഹ്മത്ത് ഷാ, ന്യൂസിലാന്‍ഡിന്റെ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍, പാകിസ്താന്‍ ഓപ്പണര്‍ ഫഖര്‍ സമാന്‍, ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ എന്നിവര്‍ പത്തു വരെ സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

അഞ്ചാമതുള്ള മാക്‌സ്വെല്ലിനു ഐസിസി നല്‍കിയിട്ടുള്ള റേറ്റിങ് പോയിന്റ് 15 ആണ്. അഫ്ഗാനിസ്താന്‍ താരം റഹ്മത്ത് ഓസീസ് താരത്തേക്കാള്‍ പിന്നിലാണ്. 13.877 മാത്രമാണ് ഷായുടെ റേറ്റിങ് പോയിന്റ്. കിവി നിരയിലെ ഏറ്റവും മികച്ച ഫീല്‍ഡറായി ചൂണ്ടിക്കാണിക്കപ്പെടുന്ന സാന്റ്‌നറുടെ റേറ്റിങ് പോയിന്റ് 13.28 ആണ്.

പാക് ടീമിനൊപ്പം ബാറ്റിങില്‍ വന്‍ പരാജയമാണെങ്കിലും ഫീല്‍ഡിങില്‍ തന്റെ മികവ് തെളിയിക്കാന്‍ ഫഖറിനു സാധിച്ചു. 13.01 എന്ന റേറ്റിങുമായി അദ്ദേഹം ഒമ്പതാമതുണ്ട്. ആദ്യ രണ്ടു മല്‍സരങ്ങളിലും കളിക്കുകയും പാകിസ്താനെതിരേ ടീമില്‍ നിന്നും പുറത്താവുകയും ചെയ്ത ഇഷാന്‍ ഫീല്‍ഡിങില്‍ മികച്ചുനിന്നു. 13 ആണ് അദ്ദേഹത്തിനു ഫീല്‍ഡിങില്‍ ലഭിച്ചിരിക്കുന്ന റേറ്റിങ് പോയിന്റ്.

Story first published: Thursday, October 19, 2023, 11:44 [IST]
Other articles published on Oct 19, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+