ചെന്നൈ: ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റുചെയ്യുകയാണ്. ഇന്ത്യയുടെ തീപാറും പോരാട്ടം കാണാന്‍ കാത്തിരിക്കുന്നവരുടെ ഇടയിലേക്ക് സര്‍പ്രൈസായൊരു ആളെത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല ഇംഗ്ലണ്ടുകാരനായ ജാര്‍വോയാണ് താരം. ഇതിന് മുമ്പും ഇന്ത്യയുടെ മത്സരങ്ങള്‍ക്കിടെ മൈതാനത്തേക്കെത്തിയിട്ടുള്ള ജാര്‍വോ ലോകകപ്പില്‍ ഇന്ത്യയുടെ ജേഴ്‌സിയണിഞ്ഞാണ് മൈതാനത്തിലേക്കെത്തിയത്.
ദേശീയ ഗാനത്തിന് തൊട്ടുമുമ്പായി താരങ്ങള്‍ മൈതാനത്തേക്കെത്തിയപ്പോഴാണ് ജാര്‍വോ മൈതാനത്തിലേക്കെത്തിയത്. വിരാട് കോലിയുടെ അടുത്തേക്കെത്തി സംസാരിച്ച ജാര്‍വോയെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് വളരെ കഷ്ടപ്പെട്ടാണ് തിരിച്ചയച്ചത്. മൈതാനങ്ങളിലെ സ്ഥിരം പ്രശ്‌നക്കാരനായ ജാര്‍വോ ഇതിന് മുമ്പ് നിരവധി തവണ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മൈതാനത്തിലേക്കെത്തിയിട്ടുണ്ട്. നേരത്തെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 2021ല്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് ജാര്‍വോ ആദ്യമായി മൈതാനത്തിലേക്കെത്തിയത്.
ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയണിഞ്ഞ് ബാറ്റും പാഡുമെല്ലാമിട്ട് ബാറ്റുചെയ്യാന്‍ ജാര്‍വോ എത്തുകയായിരുന്നു. അന്ന് സുരക്ഷാ ജീവനക്കാര്‍ ജാര്‍വോയെ തൂക്കിയെടുത്ത് പുറത്താക്കി. ഇതേ മത്സരത്തില്‍ രണ്ട് തവണയാണ് ജാര്‍വോ കളത്തിലിറങ്ങിയത്. താരങ്ങളുടെ സുരക്ഷയെയടക്കം ചോദ്യം ചെയ്യുന്ന തരത്തിലാണ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ജാര്‍വോ മൈതാനത്തിലേക്കെത്തുന്നത്.
ലോകകപ്പ് പോലൊരു പ്രധാന മത്സരങ്ങളില്‍ എല്ലാവരുടേയും കണ്ണുവെട്ടിച്ച് ജാര്‍വോ ഗ്രൗണ്ടിലേക്കെത്തി എന്നത് തമാശയായി കാണേണ്ട കാര്യമല്ല. എന്നാല്‍ ജാര്‍വോ ഇത്തരത്തില്‍ മൈതാനത്തിലിറങ്ങുന്നതിന് താരങ്ങളെ ഉപദ്രവിക്കാനല്ല. ജാര്‍വോ മൈതാനത്തിലിറങ്ങുന്നത് പ്രശസ്തിക്കായാണ്. ജാര്‍വോ എന്ന വൈറല്‍ താരത്തിന്റെ യഥാര്‍ത്ഥ പേര് ഡാനിയല്‍ ജാര്‍വിസ് എന്നാണ്. ട്വിറ്റര്‍ അക്കൗണ്ടില്‍ കൊമേഡിയനായും സംവിധായകനായും പ്രാങ്ക് താരമായുമെല്ലാമാണ് ജാര്‍വോ സ്വയം പരിചയപ്പെടുത്തുന്നത്.

ബിഎംഡബ്ല്യുജാര്‍വോ എന്ന പേരില്‍ ഒരു യുട്യൂബ് ചാനലും ജാര്‍വോ നടത്തുന്നുണ്ട്. സ്വന്തം യുട്യൂബ് ചാനലിന്റെ പ്രശസ്തിക്കും തന്നെ എല്ലാവരും ശ്രദ്ധിക്കാനുമാണ് ജാര്‍വോ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഇതിലെ തമാശക്കപ്പുറം വളരെ ഗുരുതരമായ സുരക്ഷാപ്രശ്‌നങ്ങളും ജാര്‍വോയുടെ പെരുമാറ്റത്തിലുണ്ട്. നേരത്തെ മൈതാനത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ യുട്യൂബ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം ഉയര്‍ന്നിരുന്നു. ഇതാണ് വീണ്ടും വീണ്ടും ഇത്തരം പ്രവര്‍ത്തി ചെയ്യാന്‍ ജാര്‍വോയെ പ്രേരിപ്പിക്കുന്നത്.
ജാര്‍വോയുടെ ശല്യം സഹിക്കാനാവാതെ വന്നതോടെ താരത്തെ വിലക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തില്‍ നിരന്തരം ശല്യമുണ്ടാക്കിയതോടെയാണ് ജാര്‍വോക്ക് വിലക്ക് വരുന്നത്. പോലീസ് കേസെടുക്കുകയും ജാര്‍വോക്ക് പിഴ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന് ഇംഗ്ലണ്ടിലെ മൈതാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ജാര്‍വോയുടെ പേര് എല്ലാവരും മറന്നിരുന്നു.
ഇപ്പോഴിതാ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ത്തന്നെയെത്തി ജാര്‍വോ വീണ്ടും ശ്രദ്ധ നേടുകയാണ്. മാധ്യമ ശ്രദ്ധ നേടുകയെന്നതാണ് ജാര്‍വോയുടെ ലക്ഷ്യം. ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ത്തന്നെ ഇത്തരമൊരു ഇടപെടലുണ്ടായതിനാല്‍ ജാര്‍വോയെ മൈതാനത്ത് നിന്ന് പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇനിയുള്ള മത്സരങ്ങള്‍ കാണാന്‍ ജാര്‍വോയെ അനുവദിച്ചേക്കില്ല. സുരക്ഷാ പ്രശ്‌നം പരിഗണിച്ച് കര്‍ശന നിലപാട് തന്നെ സ്വീകരിച്ചേക്കും.
ഓസ്‌ട്രേലിയക്കെതിരേ ശുബ്മാന്‍ ഗില്‍ ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഇഷാന്‍ കിഷന്‍ രോഹിത്തിനൊപ്പം ഓപ്പണറായി ഇറങ്ങും. ശ്രേയസ് അയ്യര്‍ മധ്യനിരയില്‍ ഇടം നേടിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് പ്ലേയിങ് 11ല്‍ ഇടമില്ല. മൂന്ന് സ്പിന്നര്‍മാരെയാണ് ഇന്ത്യ പ്ലേയിങ് 11ലേക്ക് പരിഗണിച്ചത്. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് എന്നിവരോടൊപ്പം ആര്‍ അശ്വിനും പ്ലേയിങ് 11ലുണ്ട്. ചെന്നൈയില്‍ മികച്ച റെക്കോഡുള്ള താരമാണ് അശ്വിന്‍. ചെന്നൈയിലെ സ്പിന്നിന്റെ ആനുകൂല്യം മുതലാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്.