ലഖ്‌നൗ: ഏകദിന ലോകകപ്പിലെ കരുത്തരുടെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയോട് ഓസീസ് ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റിന് 311 റണ്‍സ് അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഓസീസിന് 40.5 ഓവറില്‍ 177 റണ്‍സാണ് നേടാനായത്. ദക്ഷിണാഫ്രിക്കയുടെ ബൗളിങ് മികവിനുമുന്നില്‍ പേരുകേട്ട ഓസീസ് ബാറ്റിങ് നിര വിറച്ച് പുറത്തായിരിക്കുകയാണ്. 134 റണ്‍സിന്റെ വമ്പന്‍ തോല്‍വിയാണ് കംഗാരുപ്പട നേരിട്ടത്.
ഇപ്പോഴിതാ മത്സരത്തില്‍ ഓസീസ് മധ്യനിര താരം മാര്‍ക്കസ് സ്‌റ്റോയിണിസിന്റെ വിക്കറ്റ് വിവാദമായി മാറിയിരിക്കുകയാണ്. 4 പന്ത് നേരിട്ട് 5 റണ്‍സെടുത്ത സ്‌റ്റോയിണിസിനെ കഗിസോ റബാഡ വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ ഡീകോക്കിന്റെ കൈയിലെത്തിക്കുകയായിരുന്നു. ലെഗ് സൈഡിലെത്തിയ പന്ത് സ്റ്റോയിണിസിന്റെ ഗ്ലൗസിലും ബാറ്റിന്റെ പിടിയിലും ഉരസി വിക്കറ്റ് കീപ്പറുടെ കൈയിലെത്തുകയായിരുന്നു. ആദ്യം ഫീല്‍ഡ് അംപയര്‍ നtuട്ടൗട്ട് വിധിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ റിവ്യൂ ചെയ്യുകയായിരുന്നു.
തേര്‍ഡ് അംപയറുടെ പരിശോധനയില്‍ ബാറ്റിന്റെ പിടിയും ഗ്ലൗസും ബാറ്റിലിരുന്നതായുള്ള സ്‌പൈക്ക് കാണിച്ചിരുന്നു. ഇതോടെ തേര്‍ഡ് അംപയര്‍ ഔട്ട് വിധിക്കുകയായിരുന്നു. അംപയറുടെ തീരുമാനം വിശ്വസിക്കാനാവാത്ത വിധം സ്റ്റോയിണിസ് മൈതാനത്ത് നിന്നപ്പോള്‍ ഫീല്‍ഡ് അംപയര്‍മാര്‍ ചേര്‍ന്ന് താരത്തെ മടക്കി അയക്കുകയായിരുന്നു. കൈയുടെ മുകള്‍ ഭാഗത്തായി പന്ത് കൊണ്ടിട്ടുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലും സ്‌പൈക്ക് കാണിച്ചതോടെയുമാണ് അംപയര്‍ ഔട്ട് വിധിച്ചത്.
എന്നാല്‍ വേണ്ടത്ര പരിശോധനയില്ലാതെയാണ് തേര്‍ഡ് അംപയര്‍ ഈ ഔട്ട് വിളിച്ചതെന്നാണ് ഓസീസ് ആരാധകര്‍ പറയുന്നത്. നന്നായി പരിശോധിക്കുമ്പോള്‍ പന്ത് കൈയിലോ ബാറ്റിലോ തട്ടിയിട്ടില്ലെന്ന് വ്യക്തമാകുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഐസിസി നിയമപ്രകാരം ഗ്ലൗസിനുള്ളില്‍ ബാറ്റില്ലാത്ത സാഹചര്യത്തില്‍ ഔട്ട് വിധിക്കാന്‍ പാടില്ല. ഗ്ലൗസിനുള്ളില്‍ ബാറ്റുള്ളപ്പോള്‍ മാത്രമാണ് ഗ്ലൗസില്‍ പന്തുകൊണ്ടാല്‍ വിക്കറ്റ് നല്‍കാനാവുക.

എന്നാല്‍ സ്റ്റോയിണിസിന്റെ ഗ്ലൗസില്‍ പന്ത് തട്ടുമ്പോള്‍ ബാറ്റുമായി സമ്പര്‍ക്കമുണ്ടായിരുന്നില്ല. എന്നിട്ടും ഔട്ട് നല്‍കിയത് സ്‌റ്റോയിണിസിനോടുള്ള ചതിയാണെന്നാണ് ആരാധകര്‍ പറയുന്നത്. തേര്‍ഡ് അംപയുടെ തീരുമാനം കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമായിരുന്നു എടുക്കേണ്ടിയിരുന്നത്. നിലവിലെ തീരുമാനം ഏകപക്ഷീയമായിപ്പോയെന്നും ലോകകപ്പ് പോലുള്ള മത്സരങ്ങളില്‍ കൂടുതല്‍ കൃത്യതയോടെയുള്ള തീരുമാനമെടുക്കാന്‍ സാധിക്കണമെന്നുമാണ് ആരാധകര്‍ പറയുന്നത്.
എന്തായാലും സ്റ്റോയിണിസിന്റെ വിക്കറ്റ് ഇതിനോടകം വലിയ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്. നിര്‍ണ്ണായകമായ സമയത്താണ് സ്‌റ്റോയിണിസിന്റെ വിക്കറ്റ് വീഴുന്നത്. സ്റ്റോയിണിസ് നിന്നിരുന്നെങ്കില്‍ 200ലധികം റണ്‍സിലേക്ക് ഓസീസിനെത്താന്‍ സാധിക്കുമായിരുന്നു. ഇത് നെറ്റ് റണ്‍റേറ്റിലും ഓസീസിനെ സഹായിക്കുമായിരുന്നു. സ്‌റ്റോയിണിസിന്റെ വിക്കറ്റാണ് ഓസീസിന്റെ അവസാന പ്രതീക്ഷയും അസ്തമിപ്പിച്ചത്. അതുകൊണ്ടുതന്നെ വിവാദം കൂടുതല്‍ കത്തിപ്പടരാനാണ് സാധ്യത.
തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ഓസീസിന്റെ നില പരുങ്ങലിലായിരിക്കുകയാണ്. ഇന്ത്യയോട് 6 വിക്കറ്റിനും ഇപ്പോള്‍ ദക്ഷിണാഫ്രിക്കയോട് 134 റണ്‍സിനും തോല്‍ക്കേണ്ടി വന്നതോടെ ഓസീസിന്റെ നെറ്റ് റണ്‍റേറ്റ് വളരെ പിന്നോട്ട് പോയിരിക്കുകയാണ്. ഒമ്പതാം സ്ഥാനത്തുള്ള ഓസീസിന്റെ നെറ്റ് റണ്‍റേറ്റ് -1.846 ആണ്. സെമിയിലേക്കടുക്കവെ നെറ്റ് റണ്‍റേറ്റ് നിര്‍ണ്ണായകമായി മാറും. ഇനിയുള്ള മത്സരങ്ങളിലെല്ലാം വമ്പന്‍ ജയം നേടാത്തപക്ഷം ഓസീസിന് സെമിയിലെത്തുക വളരെ പ്രയാസമാവും.
ബാറ്റിങ് നിരയുടെ മോശം ഫോമും മോശം ഫീല്‍ഡിങ്ങുമാണ് ഓസ്‌ട്രേലിയയെ പിന്നോട്ടടിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 7 ഫീല്‍ഡിങ് പിഴവും 5 ക്യാച്ചുമാണ് ഓസീസ് നഷ്ടപ്പെടുത്തിയത്. ഇത് തോല്‍വിയുടെ പ്രധാന കാരണമായി മാറുകയും ചെയ്തു. തെറ്റുകളില്‍ നിന്ന് പഠിച്ച് ഉയര്‍ന്നുവരാന്‍ കെല്‍പ്പുള്ള ടീമാണ് ഓസീസിന്റേത്. അതുകൊണ്ടുതന്നെ മുന്‍ ചാമ്പ്യന്മാര്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം.