World Cup 2023: തിലകിനെ ടീമിലെടുക്കരുത്! പഴയ അബദ്ധം ഇന്ത്യ മറന്നോ? അന്നു കിട്ടിയത് മുട്ടന്‍ പണി
ലോകകപ്പും ഏഷ്യാ കപ്പുമെല്ലാം അടുത്തു കൊണ്ടിരിക്കെ ടീം കോമ്പിനേഷന്റെ കാര്യത്തില്‍ ഉത്തരം കിട്ടാതെ തലപുകയ്ക്കുകയാണ് ഇന്ത്യ. ഓരോ ലോകകപ്പെത്തുമ്പോഴും ഇന്ത്യയുടെ പ്രധാന തലവേദയാവാറുള്ളത് മധ്യനിര ബാറ്റിങാണ്. പ്രത്യേകിച്ചും നാലാം നമ്പര്‍ ഏറെക്കാലമായി ഇന്ത്യയെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. ഇത്തവണത്തെ ലോകകപ്പിലും ഇതേ ചോദ്യം തന്നെ ഇന്ത്യയെ കുഴപ്പിക്കുന്നു.
ഏകദിനത്തില്‍ ശ്രേയസ് അയ്യരായിരുന്നു നാലാം നമ്പറില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തന്‍. പക്ഷെ പരിക്കില്‍ നിന്നും മോചിതനായി ഇനിയും തിരിച്ചെത്തിയിട്ടില്ലാത്ത അദ്ദേഹത്തിനു ലോകകപ്പില്‍ കളിക്കാനാവുമോയെന്ന കാര്യം ഇപ്പോഴും സംശയമാണ്.

ഇതിനിടെയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ അരങ്ങേറുകയും മിന്നുന്ന പ്രകടനം നടത്തുകയും ചെയ്ത തിലക് വര്‍മയുടെ പേര് ഉയര്‍ന്നുവരുന്നത്. വിന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 57.66 ശരാശരിയില്‍ ഒരു ഫിഫ്റ്റിയടക്കം 173 റണ്‍സാണ് തിലക് സ്‌കോര്‍ ചെയ്തത്.
അദ്ദേഹത്തെ ലോകകപ്പിലും ഏഷ്യാ കപ്പിലും ടീമിലുള്‍പ്പെടുത്തണമെന്നു ചില മുന്‍ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരുമെല്ലാം ആവശ്യപ്പെട്ടു കഴിഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചര്‍ച്ചയില്‍ രവി ശാസ്ത്രി, സന്ദീപ് പാട്ടീല്‍, എംഎസ്‌കെ പ്രസാദ് എന്നിവര്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ തിരഞ്ഞെടുത്തപ്പോള്‍ തിലകും ഉള്‍പ്പെട്ടിരുന്നു.
മികച്ച ഇടംകൈയന്‍ ബാറ്ററായ തിലകിനെ ശ്രേയസിന്റെ അഭാവത്തില്‍ നാലാം നമ്പറില്‍ ഇന്ത്യ പരീക്ഷിക്കണമെന്നാണ് പലരുടെയും അഭിപ്രായം. കൂടാതെ വലംകൈയന്‍മാരുടെ ആധിക്യമുള്ള ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഇടംകൈയനായ തിലകിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പക്ഷെ യഥാര്‍ഥത്തില്‍ ഒരു പരമ്പരയിലെ പ്രകടനം കൊണ്ടു മാത്രം തിലകിനെ ലോകകപ്പ് ടീമിലെടുക്കണോ? ഏകദിനത്തില്‍ ഇനിയും അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത അദ്ദേഹം സ്ഥാനം അര്‍ഹിക്കുന്നുണ്ടോയെന്നു പരിശോധിക്കാം.
സമീപകാലത്തെ ചില പ്രകടനങ്ങള്‍ മാത്രം പരിഗണിച്ച് താരങ്ങളെ ടീമിലെടുക്കുകയെന്ന അബദ്ധം ഇന്ത്യ നേരത്തേയും വരുത്തിയിട്ടുണ്ട്. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ഏകദിന ലോകകപ്പ് ഇതിനു നല്ലൊരു ഉദാഹരണങ്ങളിലൊന്നാണ്. അന്നു ആരും തന്നെ സാധ്യത കല്‍പ്പിക്കാതിരുന്ന യുവ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിനെ തികച്ചും അപ്രതീക്ഷിതമായാണ് ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

പരിചയസമ്പന്നനായ അമ്പാട്ടി റായുഡുവിനെ തഴഞ്ഞായിരുന്നു പ്രസാദിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇത്തരമൊരു ചൂതാട്ടം നടത്തിയത്. പക്ഷെ ആ നീക്കം അമ്പെ പാളി. ടൂര്‍ണമെന്റില്‍ ചില മല്‍സരങ്ങളില്‍ കളിച്ച വിജയ്ക്ക് യാതൊരു ഇംപാക്ടുമുണ്ടാക്കാനായില്ല. ലോകകപ്പിനു മുമ്പുള്ള ചില ദ്വിരാഷ്ട്ര പരമ്പരകളിലെ മികച്ച പ്രകടനം മാത്രം പരിഗണിച്ചായിരുന്നു അന്നു സെലക്ഷന്‍ കമ്മിറ്റി വിജയ്ക്ക് ലോകകപ്പ് ടീമില്‍ അവസരം നല്‍കിയത്.
2021ല്‍ യുഎഇയില്‍ നടന്ന ഐസിസി ടി20 ലോകകപ്പിലും ഇന്ത്യ സമാനമായ ഒരു അബദ്ധം തന്നെ ആവര്‍ത്തിച്ചു. പരിചയസമ്പന്നനായ സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ തഴഞ്ഞ ഇന്ത്യ പകരം രാഹുല്‍ ചഹറിനെയും വരുണ്‍ ചക്രവര്‍ത്തിയെയും ടീമിലെടുക്കുകയായിരുന്നു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനും വേണ്ടി ഇരുവരും നടത്തിയ പ്രകടനങ്ങള്‍ മാത്രമാണ് സെലക്ഷന്‍ കമ്മിറ്റി കണക്കിലെടുത്തത്. ഇന്ത്യയുടെ ഈ പരീക്ഷണവും ദയനീയ പരാജയമായി തീര്‍ന്നു.
ക്ലബ്ബ് ബൗളര്‍മാരുടെ നിലവാരം പോലും ടി20 ലോകകപ്പില്‍ പുറത്തെടുത്താന്‍ ചഹറിനും വരുണിനുമായില്ല. എതിര്‍ ടീം ബൗളര്‍മാര്‍ വളരെ അനായാസമായിട്ടാണ് രണ്ടു പേരെയും കൈകാര്യം ചെയ്തത്. ലോകകപ്പിനു ശേഷം ഒഴിവാക്കപ്പെട്ട ഇരുവരും പിന്നീടൊരിക്കലു ടീമില്‍ ഇടം പിടിച്ചതുമില്ല.
ലോകകപ്പില്‍ തിലകിനെ ഇന്ത്യ ടീമിലുള്‍പ്പെടുത്തുകയും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ വരികയും ചെയ്താല്‍ അതു താരത്തിന്റെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കുമെന്നുറപ്പാണ്. കരിയറില്‍ മുന്നോട്ടുള്ള യാത്രയില്‍ അതു താരത്തിനു തടസ്സമാവുകയും ചെയ്യും. മാത്രമല്ല ടി20യിലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ തിലക് മിടുക്കനാണെന്ന് എങ്ങനെ തീരുമാനിക്കും?
ഇതിനു മികച്ച ഉദാഹരണമായി ടി20യിലെ സൂപ്പര്‍ ഹീറോ സൂര്യകുമാര്‍ യാദവ് നമുക്ക് മുന്നിലുണ്ട്. ടി20യിലെ മാരക ഫോം ഏകദിനത്തില്‍ ഇനിയും പുറത്തെടുക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. അപ്പോള്‍ പിന്നെ ഏകദിനത്തില്‍ അരങ്ങേറ്റം പോലും നടത്തിയിട്ടില്ലാത്ത തിലകി നെ എന്തു ധൈര്യത്തിലാണ് ലോകകപ്പില്‍ ഇന്ത്യ കളിപ്പിക്കുക.
ലോകകപ്പ് ടീമിലെടുക്കുന്നതിനു പകരം തിലകിനു കൂടുതല്‍ ഏകദിന മല്‍സരങ്ങളില്‍ കളിക്കാനും പെര്‍ഫോം ചെയ്യാനും അവസരം നല്‍കുകയുമാണ് ഇന്ത്യ ആദ്യം ചെയ്യേണ്ടത്. ഇതു അദ്ദേഹത്തെ കൂടുതല്‍ പക്വതയുള്ള താരമാക്കി തീര്‍ക്കുകയും ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യും. അതിനു ശേഷം അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലൂടെ തിലകിനെ പരീക്ഷിക്കുന്നതായിരിക്കും ഏറ്റവും മികച്ച തീരുമാനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications